തങ്ങളുടെ ഇഷ്ട താരത്തിന്റെ സിനിമകളുടെ ജയപരാജയ കണക്കുകളെ ആകാംക്ഷയോടെ തുടരുന്നത് പോലെ തന്നെ അവരുടെ ആസ്തി കണക്കുകളെക്കുറിച്ച് അറിയുവാനും ആരാധകർക്ക് വലിയ കൗതുകമാണ്. സിനിമയ്ക്ക് പുറമെ പരസ്യ ചിത്രങ്ങളിലൂടെയും സ്വന്തം നിർമ്മാണ സംരംഭങ്ങളിലൂടെയും മറ്റു ബിസിനസുകളില്‍ നിന്നുമായി നേടുന്ന വരുമാനവും സിനിമാ താരങ്ങളെ വലിയ ആസ്‍തിയുള്ളവരാക്കി മാറ്റുന്നുണ്ട്. പ്രേക്ഷകർക്ക് കൗതുകമുണർത്തി കൊണ്ട് ഏറ്റവും സമ്പന്നരായ 10 ഇന്ത്യൻ താരങ്ങളുടെ ഏറ്റവും പുതിയ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്.
പട്ടിക പ്രകാരം ലോകമെമ്പാടും ആരാധകരുള്ള 'കിംഗ് ഖാൻ, ഷാരൂഖ് ഖാൻ' ആണ് ഇന്ത്യൻ താരങ്ങളില്‍ ഏറ്റവും സമ്പന്നൻ. 7300 കോടിയാണ് താരത്തിന്റെ ആസ്‍തിയെന്നാണ് ഐഎംഡിബിയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഐപിഎല്‍ ക്ലബ്ബായ 'കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സി'ന്റെ സഹ ഉടമ കൂടിയായതിനാലാണ് മറ്റുള്ള താരങ്ങളേക്കാൽ സമ്പത്ത് വര്‍ദ്ധിക്കാൻ പ്രധാന കാരണമെന്നാണ് റിപ്പോർട്ടുകൾ. 'റെഡ് ചില്ലീസ് എന്റർടൈൻമെന്റ്' എന്ന പേരിൽ സ്വന്തമായി ഒരു നിർമാണ കമ്പനിയും അദ്ദേഹത്തിനുണ്ട്. കൂടാതെ ഒരു ചിത്രത്തിൽ അഭിനയിക്കുന്നതിന് പ്രതിഫലമായി ഷാരുഖ് ഖാൻ വാങ്ങുന്നത് 250 കോടിയോളമാണ്.
6270 കോടിയുടെ ആസ്തിയുമായി സല്‍മാൻ ഖാനാണ് സമ്പന്നരിൽ രണ്ടാം സ്ഥാനത്തുള്ളത്. കരിയറിൽ തുടർച്ചയായി പരാജയങ്ങൾ സംഭവിച്ചുവെങ്കിലും പ്രതിഫലത്തിലും ഓപ്പണിങ് കളക്ഷനിലും ഇപ്പോഴും മുന്നിൽ നിൽക്കുന്നത് സൽമാൻ ഖാൻ തന്നെയാണ്. മൂന്നാം സ്ഥാനത്തുള്ളത് അമിതാഭ് ബച്ചനാണ്. 5900 കോടിയാണ് അമിതാഭ് ബച്ചന്റെ ആസ്‍തി. 4600 കോടി രൂപയുടെ ആസ്തിയുമായി നടി ജൂഹി ചൗളയാണ് ഈ ലിസ്റ്റിൽ നാലാം സ്ഥാനത്ത്. അഭിനയത്തിന് പുറമെ ഷാരൂഖ് ഖാന്‍റെ കീഴിലുള്ള ഫിലിം പ്രൊഡക്ഷൻ കമ്പനിയായ റെഡ് ചില്ലീസ് ഗ്രൂപ്പിന്‍റെ സഹസ്ഥാപകയും ഐപിഎൽ ക്രിക്കറ്റ് ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ സഹ ഉടമയുമാണ് ജൂഹി.
സ്റ്റൈലിഷ് താരം ഹൃത്വിക് റോഷനാണ് 4500 കോടി രൂപയുടെ ആസ്തിയുമായി അഞ്ചാം സ്ഥാനത്തുള്ളത്. ആറാം സ്ഥാനത്ത് നടനും നിര്‍മാതാവുമായ അക്ഷയ് കുമാറാണ്. അക്ഷയ് കുമാറിന്റെ ആസ്‍തി 4000 കോടി രൂപയാണ്. അജയ് ദേവ്‍ഗണാണ് ഏഴാം സ്ഥാനത്ത്. 3850 കോടി രൂപയാണ് അജയ് ദേവ്ഗണിന്റെ ആസ്‍തി. എട്ടാം സ്ഥാനത്ത് ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന ആമിര്‍ ഖാനാണ്. ആമിര്‍ ഖാന്റെ ആസ്‍തി 3200 കോടി രൂപയാണ്. 3000 കോടി രൂപയുടെ ആസ്തിയുമായി ഒമ്പതാം സ്ഥാനത്ത് തെലുങ്ക് മെഗാ താരം ചിരഞ്ജീവിയും. പത്താം സ്ഥാനത്ത്, 2200 കോടിയുടെ ആസ്‍തിയുമായി അക്കിനേനി നാഗാർജുനയുമാണ് പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.
English Summary: Shah Rukh Khan tops the list of India’s richest film stars with an estimated net worth of ₹7,300 crore, while South Indian superstars Chiranjeevi and Nagarjuna also feature in the top ten.