

ന്യൂഡൽഹി: സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയും വർധിക്കുന്ന സാഹചര്യത്തിൽ ഹാൾമാർക്കിങ് നിർബന്ധമാക്കാൻ സർക്കാർ നീക്കം. വിപണിയിൽ വെള്ളി ആഭരണങ്ങളുടെയും ഉൽപന്നങ്ങളുടെയും ഗുണമേന്മ പരിശോധിക്കാനും വ്യാജ വില്പനകൾ തടയുന്നതിനുമാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (ബി.ഐ.എസ്) പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കുന്ന നഗരങ്ങളിലാണ് പരിശോധനക്കും സർട്ടിഫിക്കേഷനുമുള്ള സൗകര്യങ്ങൾ ഉറപ്പാക്കുക. ഹാൾമാർക്കിങ് നടപടികൾ ആരംഭിച്ചാൽ വെള്ളി ആഭരണങ്ങളിൽ ബി.ഐ.എസ് നൽകുന്ന ആറക്ക ആൽഫാന്യൂമെറിക് കോഡായ ഹാൾമാർക്ക് യുനീക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി) പതിക്കപ്പെടും.
ഹാൾമാർക്ക് യുനീക് ഐഡന്റിഫിക്കേഷൻ നൽകുന്നതോടെ നിർമ്മിച്ച കമ്പനിയുടെ വിവരങ്ങൾ കണ്ടെത്താനാകും. കൂടാതെ ഉപഭോക്താക്കൾക്ക് ബി.ഐ.എസ്. കെയർ ആപ്പിലൂടെയോ വെബ്സൈറ്റ് വഴിയോ ഹാൾമാർക്കിങ് പരിശോധിക്കാനും സാധിക്കുമെന്നും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ഡയറക്ടർ ജനറൽ സഞ്ജയ് ഗാർഗ് പറഞ്ഞു. അതേസമയം സ്വർണാഭരണങ്ങൾക്ക് നിർബന്ധിത ഹാൾമാർക്കിങ് നടപ്പിലാക്കിയപ്പോൾ നേരിട്ട വെല്ലുവിളികൾ ഈ പദ്ധതിയിലുമുണ്ടാകും. പദ്ധതി നടപ്പിലാക്കുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല. വെള്ളിയിലുള്ള ഹാൾമാർക്കിങ് സ്വർണാഭരണങ്ങളിലെ ഹാൾമാർക്കിങ്ങിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം രാജ്യത്ത് ഏകദേശം 23 ലക്ഷം വെള്ളി ആഭരണങ്ങൾ ഹാൾമാർക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഉപഭോക്തൃ കാര്യമന്ത്രാലയം പുറത്തുവിടുന്ന കണക്കുകൾ. ദിനംപ്രതി വില ഉയരുന്ന സാഹചര്യത്തിൽ നിക്ഷേപമായി വെള്ളി തിരഞ്ഞെടുത്തവരും വിപണിയിലുണ്ട്. ഒരു വർഷത്തിനിടെ വെള്ളിയുടെ വില 150 ശതമാനത്തിലധികം ഉയർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ജനുവരി മാസത്തിൽ കിലോഗ്രാമിന് 81000 രൂപയായിരുന്ന വെള്ളി ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം രണ്ട് ലക്ഷം കവിഞ്ഞിട്ടുണ്ട്.
English Summary: As silver prices rise, the government plans to make BIS hallmarking mandatory for silver jewellery to ensure quality and prevent fake sales. Silver items will carry a BIS HUID code, enabling consumers to verify authenticity digitally.