ഉത്സവ സീസൺ എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേക്ക് ഓടി വരിക പലതരം മധുരപലഹാരമാണ്. എന്നാൽ, ഇത്തവണത്തെ ആഘോഷങ്ങൾക്ക് അൽപം മധുരം കുറയുമെന്നാണ് വിപണി നൽകുന്ന സൂചന. കാരണം മറ്റൊന്നുമല്ല, പഞ്ചസാരയുടെ വില ദിനംപ്രതി കുതിച്ചുയരുകയാണ്. ബിസ്‌ക്കറ്റുകൾ, കുക്കികൾ, ചോക്ലേറ്റുകൾ, മറ്റ് പഞ്ചസാര അടങ്ങിയ ഉത്പ്പന്നങ്ങൾ തുടങ്ങി നമ്മുടെ പ്രിയപ്പെട്ട മധുരപലഹാരങ്ങൾക്കെല്ലാം വരും നാളുകളിൽ പൊള്ളുന്ന വിലയായേക്കാം.
കഴിഞ്ഞ കുറച്ച് മാസങ്ങളായി പഞ്ചസാര വിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. ജൂണിൽ കിലോയ്ക്ക് 47 രൂപയായിരുന്ന അഖിലേന്ത്യാ ശരാശരി ചില്ലറ വില, സെപ്റ്റംബറായപ്പോഴേക്കും 62 രൂപയായി കുതിച്ചുയർന്നു. മൊത്തവിലയാകട്ടെ ക്വിന്റലിന് 4,350 രൂപയിൽ നിന്ന് 5,747 രൂപയായും വർധിച്ചു. അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ ഈ കുതിച്ചുചാട്ടം ഭക്ഷ്യോൽപ്പന്ന നിർമ്മാതാക്കളെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഉത്പ്പാദനച്ചെലവ് കൂടിയതോടെ കമ്പനികൾ പ്രധാനമായും രണ്ട് തന്ത്രങ്ങളാണ് പയറ്റാൻ ഒരുങ്ങുന്നത്. ഒന്നുകിൽ ഉത്പ്പന്നങ്ങളുടെ വില വർധിപ്പിക്കുക, അല്ലെങ്കിൽ വില നിലനിർത്തിക്കൊണ്ട് പായ്ക്കറ്റുകളുടെ വലുപ്പവും തൂക്കവും കുറയ്ക്കുക. പ്രമുഖ ബ്രാൻഡായ ബിക്കാജി അടക്കമുള്ളവർ തങ്ങളുടെ ഉത്പ്പന്നങ്ങൾക്ക് ഇതിനോടകം രണ്ട് ശതമാനം വില കൂട്ടാനുള്ള തയ്യാറെടുപ്പിലാണ്. പഞ്ചസാര, ചായ, കാപ്പി എന്നിവയുടെ വില വർധിക്കുന്നത് പാക്കേജ്ഡ് ഭക്ഷണ സാധനങ്ങൾക്ക് രണ്ട് മുതൽ അഞ്ച് ശതമാനം വരെ വില കൂട്ടാൻ കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. അതേസമയം, പാർലെ പോലുള്ള ചില കമ്പനികൾ ഉടനടി വില വർധിപ്പിക്കുന്നതിന് പകരം തങ്ങളുടെ പ്രവർത്തനച്ചെലവ് കുറച്ച് പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങളിലാണ്.
പ്രതീക്ഷിച്ചതിലും കുറഞ്ഞ പഞ്ചസാര ഉത്പ്പാദനമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഈ സീസണിലെ 343 ലക്ഷം മെട്രിക് ടൺ ഉത്പ്പാദനം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത്, അത് 306 ലക്ഷം മെട്രിക് ടണ്ണായി ചുരുങ്ങിയെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. അപ്രതീക്ഷിതമായുണ്ടായ കീടശല്യവും വെള്ളക്കെട്ടുമാണ് ഉത്പ്പാദനത്തെ പ്രതികൂലമായി ബാധിച്ചത്.
വിലക്കയറ്റം പിടിച്ചുനിർത്താൻ ഒരു ദശാബ്ദത്തിന് ശേഷം ആദ്യമായി സർക്കാർ പഞ്ചസാര ഇറക്കുമതിക്ക് അനുമതി നൽകുകയും സ്റ്റോക്ക് പരിധി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ഈ നടപടികൾ താൽക്കാലിക ആശ്വാസം നൽകിയേക്കാമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഇത് എത്രത്തോളം ഫലപ്രദമാകുമെന്നത് കണ്ടറിയണം.
The upcoming festive season in India is likely to see an increase in the prices of sweets, biscuits, chocolates, and other sugar-heavy products due to a sharp rise in sugar prices. With domestic sugar production falling short of estimates because of pest infestations and waterlogging, procurement costs have surged. To manage these shrinking profit margins, packaged food companies are considering either hiking retail prices by 2-5% or reducing the pack sizes.