ടാറ്റാ സൺസ് അമരത്ത് ചന്ദ്രശേഖരൻ തുടരും; എതിർപ്പുമായി നോയൽ ടാറ്റ, ബോർഡ് നടപടി നിയമവിരുദ്ധമെന്ന് ടാറ്റാ ട്രസ്റ്റ്

2017ൽ ചെയർമാനായി ചുമതലയേറ്റ ചന്ദ്രശേഖരന് 2022ൽ രണ്ടാമത്തെ കാലാവധി നൽകിയിരുന്നു
ടാറ്റാ സൺസ് അമരത്ത് ചന്ദ്രശേഖരൻ തുടരും; എതിർപ്പുമായി നോയൽ ടാറ്റ, ബോർഡ് നടപടി നിയമവിരുദ്ധമെന്ന് ടാറ്റാ ട്രസ്റ്റ്
Published on

ടാറ്റാ സൺസ് എക്സിക്യൂട്ടീവ് ചെയർമാനായി എൻ ചന്ദ്രശേഖരന് അഞ്ച് വർഷത്തെ പുതിയ കാലാവധി നൽകിയ കമ്പനി ബോർഡിന്റെ നടപടിയെച്ചൊല്ലി ടാറ്റാ ഗ്രൂപ്പിൽ കടുത്ത ഭിന്നത. ചന്ദ്രശേഖരനെ വീണ്ടും നിയമിച്ച ബോർഡിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ടാറ്റാ ട്രസ്റ്റ് രംഗത്തെത്തി. നിലവിലെ കാലാവധി അവസാനിക്കുന്ന 2027 ഫെബ്രുവരിയിൽ താൻ സ്ഥാനമൊഴിയുകയാണെന്ന് കഴിഞ്ഞ മാസം ചന്ദ്രശേഖരൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിൽ നിന്ന് മാറി അദ്ദേഹത്തെ വീണ്ടും നിയമിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് യോഗം തീരുമാനിക്കുകയായിരുന്നു.

ചന്ദ്രശേഖരന് അടുത്ത അഞ്ച് വ‍ർഷത്തേക്ക് കൂടി കാലാവധി നീട്ടി നൽകുന്നതിനുള്ള പ്രമേയം ബോർഡ് യോ​ഗത്തിൽ അവതരിപ്പിച്ചപ്പോൾ ഭൂരിഭാ​ഗം അം​ഗങ്ങളും അതിനെ അനുകൂലിച്ചു. എന്നാൽ ബോർഡ് യോ​ഗത്തിൽ ഈ പ്രമേയം അവതരിപ്പിച്ചപ്പോൾ ടാറ്റാ ട്രസ്റ്റ് ചെയർമാനും ട്രസ്റ്റിന്റെ നോമിനിയുമായ നോയൽ ടാറ്റ ഇതിനെ ശക്തമായി എതിർത്ത് വോട്ട് ചെയ്തിരുന്നു. നോയൽ ടാറ്റ എതിർത്തതിനാൽ തന്നെ ഈ നിയമനത്തിന് നിയമസാധുതയില്ലെന്നാണ് ടാറ്റാ ട്രസ്റ്റിന്റെ വാദം. ടാറ്റാ സൺസിന്റെ നിയമാവലി പ്രകാരം ചെയർമാനെ നിയമിക്കുമ്പോഴോ കാലാവധി നീട്ടി നൽകുമ്പോഴോ ട്രസ്റ്റിന്റെ നോമിനികളായ ഡയറക്ടർമാരുടെ ഭൂരിപക്ഷ പിന്തുണ ആവശ്യമാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൽ നിന്ന് ലഭിച്ച നിയമോപദേശവും നോയൽ ടാറ്റ ബോർഡിന് മുന്നിൽ വെച്ചെങ്കിലും അവർ അത് പരിഗണിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്.

ടാറ്റാ സൺസ് അമരത്ത് ചന്ദ്രശേഖരൻ തുടരും; എതിർപ്പുമായി നോയൽ ടാറ്റ, ബോർഡ് നടപടി നിയമവിരുദ്ധമെന്ന് ടാറ്റാ ട്രസ്റ്റ്
അദാനിയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി ടിക്‌ടോക് സ്ഥാപകന്‍ ഷാങ് യിമിങ്; എഐ തരംഗത്തില്‍ ആസ്തി എട്ടിരട്ടിയായി

2017ൽ ചെയർമാനായി ചുമതലയേറ്റ ചന്ദ്രശേഖരന് 2022ൽ രണ്ടാമത്തെ കാലാവധി നൽകിയിരുന്നു. നിലവിൽ 2027 ഫെബ്രുവരി വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. 2027-ൽ കാലാവധി അവസാനിക്കുമ്പോൾ അടുത്ത ഒരു ഊഴത്തിനായി തന്നെ പരിഗണിക്കേണ്ടതില്ലെന്ന് കഴിഞ്ഞ ഓഗസ്റ്റ് 12-നാണ് ചന്ദ്രശേഖരൻ ബോർഡിനെ അറിയിച്ചത്. ഭരണനിർവ്വഹണം, സാമ്പത്തിക വിനിയോഗം, പുതിയ ബിസിനസ്സുകൾ, കമ്പനിയുടെ ഭാവി എന്നിവയുമായി ബന്ധപ്പെട്ട് ടാറ്റാ സൺസിലെ പ്രധാന ഓഹരിയുടമകളായ ടാറ്റാ ട്രസ്റ്റുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളായിരുന്നു അദ്ദേഹത്തിന്റെ പിന്മാറ്റത്തിന് പിന്നിൽ. ഇതോടെ പുതിയ ചെയർമാനെ കണ്ടെത്താനുള്ള നടപടികളും ടാറ്റാ ട്രസ്റ്റ് തുടങ്ങിയിരുന്നു. പുതിയ നിയമനത്തോടെ ആ പ്രക്രിയ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ടാറ്റാ സൺസിന്റെ കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി പദവി റദ്ദാക്കണമെന്ന അപേക്ഷ ആർബിഐ തള്ളിയതിന് പിന്നാലെയാണ് നേതൃമാറ്റം സംബന്ധിച്ച തർക്കങ്ങൾ രൂക്ഷമായത്. 21,000 കോടി രൂപയുടെ കടം തിരിച്ചടച്ച് ബാധ്യതകൾ തീർത്തിട്ടും റിസർവ് ബാങ്ക് വഴങ്ങിയില്ല. ആർബിഐ തീരുമാനം വന്നതോടെ കമ്പനി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടേണ്ടി വരും. ടാറ്റാ സൺസിന്റെ ഭൂരിഭാ​ഗം ഓഹരികളുള്ള ടാറ്റാ ട്രസ്റ്റ് ഈ ലിസ്റ്റിങിനെ എതിർക്കുകയാണ്. 18 ശതമാനം ഓഹരിയുള്ള ഷാപൂർജി പല്ലോൻജി ഗ്രൂപ്പ് ഇതിനെ അനുകൂലിക്കുകയാണ്. ഇത് കമ്പനിക്കുള്ളിൽ തന്നെ വലിയ തർക്കങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ, ലിസ്റ്റിങുമായി മുന്നോട്ട് പോകാനാണ് ബോർഡിന്റെ പുതിയ തീരുമാനം.

ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും പ്രതിസന്ധികളും നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ മികച്ചൊരു നേതൃത്വം ആവശ്യമാണെന്ന തിരിച്ചറിവാണ് ചന്ദ്രശേഖരനെ തന്നെ നിലനിർത്താൻ ബോർഡിനെ പ്രേരിപ്പിച്ചത്. കൂടാതെ, പ്രധാന പ്രൊമോട്ടർമാരായ സർ രത്തൻ ടാറ്റാ ട്രസ്റ്റിൽ നിലനിൽക്കുന്ന ചില നിയമപരമായ പ്രശ്നങ്ങൾ കാരണം പുതിയൊരു പിൻഗാമിയെ കണ്ടെത്തുക എന്നതും നിലവിൽ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാൽ ഇത്തരം വലിയ പ്രതിസന്ധികൾക്കിടയിലും ടാറ്റാ സൺസിൻ്റെ അമരത്ത് സുസ്ഥിരത ഉറപ്പാക്കാൻ ചന്ദ്രശേഖരന് ലഭിച്ച ഈ പുതിയ നിയമനം സഹായിക്കും. പുതിയ തീരുമാനം വന്നതോടെ അദ്ദേഹത്തിന് 2027-ന് ശേഷവും അഞ്ച് വർഷം കൂടി കമ്പനിയുടെ നേതൃസ്ഥാനത്ത് തുടരാനാകും.

Summary

The Tata Sons board reappointed N Chandrasekaran as Executive Chairman for another five years, reversing his previous decision to step down in 2027. This move, aimed at ensuring leadership continuity ahead of a potential stock market listing mandated by the RBI, has sparked a major governance dispute. Tata Trusts, led by Noel Tata, strongly opposed the decision and labeled it "illegal," citing the lack of required majority consent from the trust's nominee directors.

Madism Digital
madismdigital.com