മങ്ങുന്ന 'കാനഡ മോഹം'; നാടുകടത്തപ്പെടുന്നവരില്‍ ഇന്ത്യക്കാര്‍ മുന്നില്‍, ആറു മാസത്തിനിടെ 3,000-ത്തിലധികം പേരെ പുറത്താക്കി

വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുക, അഭയാര്‍ഥി അപേക്ഷകള്‍ തള്ളപ്പെടുക, കുടിയേറ്റ നിയമങ്ങള്‍ പാലിക്കാതിരിക്കുക, വിസ തട്ടിപ്പുകളില്‍ ഉള്‍പ്പെടുക തുടങ്ങി വിവിധ കുടിയേറ്റ ചട്ടലംഘനങ്ങള്‍ക്കാണ് ഇന്ത്യന്‍ പൗരന്മാരെ കാനഡയില്‍ നിന്ന് പുറത്താക്കുന്നത്.
മങ്ങുന്ന 'കാനഡ മോഹം'; നാടുകടത്തപ്പെടുന്നവരില്‍ ഇന്ത്യക്കാര്‍ മുന്നില്‍, ആറു മാസത്തിനിടെ 3,000-ത്തിലധികം പേരെ പുറത്താക്കി
Published on

ഇന്ത്യന്‍ ഉദ്യോഗാര്‍ഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കടുത്ത ആശങ്ക സൃഷ്ടിച്ചുകൊണ്ട് രാജ്യത്ത് നിന്നുള്ള നാടുകടത്തല്‍ നടപടികള്‍ കടുപ്പിച്ച് കാനഡ. 2026-ന്റെ ആദ്യ ആറുമാസത്തിനുള്ളില്‍ മാത്രം 3,300-ലധികം ഇന്ത്യന്‍ പൗരന്മാരെയാണ് കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി നാടുകടത്തിയത്. കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് ഇന്ത്യക്കാരില്‍ വലിയൊരു വിഭാഗത്തിന് കാനഡയില്‍ നിന്ന് മടങ്ങേണ്ടി വന്നത്. 2025-ല്‍ ആകെ 3,779 ഇന്ത്യക്കാരെയായിരുന്നു കാനഡ തിരിച്ചയച്ചിരുന്നത്. എന്നാല്‍ 2026 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ തന്നെ മൂവായിരത്തോളം ആളുകളെ രാജ്യം പുറത്താക്കിക്കഴിഞ്ഞു. നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍, കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ കാനഡയില്‍ നിന്ന് നാടുകടത്തപ്പെടുന്ന വര്‍ഷമായി 2026 മാറിയേക്കാം.

മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് ഈ വര്‍ദ്ധനവിന്റെ ആഴം വ്യക്തമാകുന്നത്. 2021-ല്‍ 603, 2022-ല്‍ 786, 2023-ല്‍ 1,132, 2024-ല്‍ 2,004 എന്നിങ്ങനെയായിരുന്നു പുറത്താക്കപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം. അതായത്, 2021 മുതല്‍ 2024 വരെയുള്ള ഓരോ വര്‍ഷങ്ങളിലെയും ആകെ കണക്കിനേക്കാള്‍ കൂടുതലാണ് 2026-ന്റെ ആദ്യ പകുതിയില്‍ മാത്രം രേഖപ്പെടുത്തിയത്. ഇതോടെ, കാനഡയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ നാടുകടത്തപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മെക്‌സിക്കോയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തി. ആദ്യ ആറു മാസങ്ങളില്‍ 3,323 ഇന്ത്യക്കാരെ പുറത്താക്കിയപ്പോള്‍ 1,573 മെക്‌സിക്കന്‍ പൗരന്മാരെ മാത്രമാണ് തിരിച്ചയച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി കാനഡയുടെ നാടുകടത്തല്‍ പട്ടികയില്‍ മെക്‌സിക്കോ ഒന്നാമതും ഇന്ത്യ രണ്ടാമതുമായിരുന്നു. ഇതിനുമുമ്പ് 2020-ലാണ് ഇന്ത്യ ഈ പട്ടികയില്‍ ഒന്നാമതെത്തിയത് (1,424 പേര്‍).

എന്തുകൊണ്ട് ഇന്ത്യക്കാര്‍ പുറത്താക്കപ്പെടുന്നു?

വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുക, അഭയാര്‍ഥി അപേക്ഷകള്‍ തള്ളപ്പെടുക, കുടിയേറ്റ നിയമങ്ങള്‍ പാലിക്കാതിരിക്കുക, വിസ തട്ടിപ്പുകളില്‍ ഉള്‍പ്പെടുക തുടങ്ങി വിവിധ കുടിയേറ്റ ചട്ടലംഘനങ്ങള്‍ക്കാണ് ഇന്ത്യന്‍ പൗരന്മാരെ കാനഡയില്‍ നിന്ന് പുറത്താക്കുന്നത്. കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി നാടുകടത്തലിന്റെ കാരണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുന്നുണ്ടെങ്കിലും ഓരോ രാജ്യത്തിന്റെയും അടിസ്ഥാനത്തിലുള്ള വേര്‍തിരിച്ച കണക്കുകള്‍ പുറത്തുവിടാറില്ല. വിദേശ വിദ്യാര്‍തികളെയും താല്‍ക്കാലിക തൊഴിലാളികളെയും വന്‍തോതില്‍ ആകര്‍ഷിച്ചിരുന്ന തങ്ങളുടെ കുടിയേറ്റ സംവിധാനത്തില്‍ കാനഡ വരുത്തിയ സമഗ്രമായ മാറ്റങ്ങളാണ് ഈ വര്‍ദ്ധനവിന് കാരണം. താല്‍ക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുക, സ്റ്റഡി പെര്‍മിറ്റ് നിബന്ധനകള്‍ കര്‍ശനമാക്കുക, അപേക്ഷകള്‍ കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കുക എന്നിവയിലൂടെ കുടിയേറ്റ നിരക്ക് നിയന്ത്രണവിധേയമാക്കാനാണ് കാനഡ ശ്രമിക്കുന്നത്.

മങ്ങുന്ന 'കാനഡ മോഹം'; നാടുകടത്തപ്പെടുന്നവരില്‍ ഇന്ത്യക്കാര്‍ മുന്നില്‍, ആറു മാസത്തിനിടെ 3,000-ത്തിലധികം പേരെ പുറത്താക്കി
ഈജിപ്തും 'മക്ക പ്രതിരോധ കരാറി'ലേയ്ക്ക്, കൂടുതല്‍ രാജ്യങ്ങളെ ക്ഷണിച്ച് തുര്‍ക്കി; നാറ്റോ മാതൃകയില്‍ സംയുക്ത സഖ്യം

ആയിരക്കണക്കിന് ഇന്ത്യക്കാര്‍ കൂടി പുറത്താക്കല്‍ ഭീഷണിയില്‍

ഔദ്യോഗിക കണക്കുകള്‍ പ്രകാരം കാനഡയുടെ 'നാടുകടത്തല്‍ നടപടികള്‍ പുരോഗമിക്കുന്ന' പട്ടികയിലും ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരാണ്. 7,669 ഇന്ത്യക്കാരാണ് നിലവില്‍ നാടുകടത്തല്‍ നടപടികള്‍ നേരിടുന്നത്. നാടുകടത്തപ്പെടുന്നവരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പ്രധാനമായും മൂന്ന് തരം നാടുകടത്തല്‍ ഉത്തരവുകളാണ് കാനഡ ഉപയോഗിക്കുന്നത്. 'ഡിപ്പാര്‍ച്ചര്‍ ഓര്‍ഡര്‍' ലഭിക്കുന്ന വ്യക്തി 30 ദിവസത്തിനുള്ളില്‍ സ്വമേധയാ രാജ്യം വിടണം, അല്ലാത്തപക്ഷം അത് നാടുകടത്തല്‍ ഉത്തരവായി മാറും. 'എക്‌സ്‌ക്ലൂഷന്‍ ഓര്‍ഡര്‍' സാധാരണയായി ഒന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള നിശ്ചിത കാലയളവിലേക്ക് ഒരാളെ തിരികെ വരുന്നതിന് വിലക്കേര്‍പ്പെടുത്തുന്നു. എന്നാല്‍ 'ഡിപോര്‍ട്ടേഷന്‍ ഓര്‍ഡര്‍' ലഭിച്ചാല്‍ കാനഡ സര്‍ക്കാരില്‍ നിന്ന് പ്രത്യേക രേഖാമൂലമുള്ള അനുമതി ലഭിക്കാത്തപക്ഷം തിരികെ പ്രവേശിക്കുന്നത് എന്നെന്നേക്കുമായി തടയപ്പെടും.

അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോഴും കാനഡയിലെ കണക്കുകള്‍ വളരെ ഉയര്‍ന്നതാണ്. ഈ വര്‍ഷം ജനുവരി ഒന്നിനും ജൂലൈ 22-നും ഇടയില്‍ അമേരിക്കയില്‍ നിന്ന് 1,273 ഇന്ത്യന്‍ പൗരന്മാരെ നാടുകടത്തിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ മാസം അറിയിച്ചിരുന്നു. എന്നാല്‍ കാനഡയാകട്ടെ, വര്‍ഷത്തിന്റെ ആദ്യ ആറ് മാസത്തിനുള്ളില്‍ തന്നെ യു.എസിലെ കണക്കിന്റെ രണ്ടര ഇരട്ടിയിലധികം ആളുകളെയാണ് നാടുകടത്തിയത്.

മങ്ങുന്ന കാനഡ മോഹം

നാടുകടത്തല്‍ നടപടികള്‍ വര്‍ദ്ധിക്കുന്നതിനൊപ്പം മറ്റൊരു പ്രധാന മാറ്റവും സംഭവിക്കുന്നുണ്ട്. അത് കാനഡയിലേയ്ക്ക് പഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിലുള്ള കുറവാണ്. കനേഡിയന്‍ ഓഡിറ്റര്‍ ജനറല്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, 2023 സെപ്റ്റംബറില്‍ പുതിയതായി എത്തിയ അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ 51.6 ശതമാനവും ഇന്ത്യക്കാരായിരുന്നുവെങ്കില്‍, 2025 സെപ്റ്റംബറില്‍ ഇത് വെറും 8.1 ശതമാനമായി കൂപ്പുകുത്തി. ഇന്ത്യന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകളിലും ഈ ഇടിവ് വ്യക്തമാണ്. കാനഡ തിരഞ്ഞെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 2023-ലെ 2,33,532-ല്‍ നിന്ന് 2024-ല്‍ 41 ശതമാനം കുറഞ്ഞ് 1,37,608 ആയി മാറി.

മങ്ങുന്ന 'കാനഡ മോഹം'; നാടുകടത്തപ്പെടുന്നവരില്‍ ഇന്ത്യക്കാര്‍ മുന്നില്‍, ആറു മാസത്തിനിടെ 3,000-ത്തിലധികം പേരെ പുറത്താക്കി
മണ്ഡല പുനര്‍നിര്‍ണയ, വനിതാ സംവരണ ബില്ലുകള്‍ക്ക് പിന്തുണ; എന്‍ഡിഎക്ക് പുറത്തെ ആദ്യ പാര്‍ട്ടിയായി അകാലിദള്‍; പഞ്ചാബില്‍ വീണ്ടും ബിജെപി സഖ്യം?

കടുപ്പിച്ച കുടിയേറ്റ നയങ്ങള്‍, ഉയര്‍ന്ന ജീവിതച്ചെലവ്, കര്‍ശനമായ സാമ്പത്തിക മാനദണ്ഡങ്ങള്‍, 2023-ല്‍ ഇന്ത്യ-കാനഡ നയതന്ത്രബന്ധത്തിലുണ്ടായ വിള്ളലുകള്‍ എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങള്‍. ബിരുദ, ഡിപ്ലോമ കോഴ്സുകളില്‍ പ്രവേശനം നേടുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് 2024 ആദ്യത്തോടെ കാനഡ രണ്ടു വര്‍ഷത്തെ പരിധി ഏര്‍പ്പെടുത്തിയതാണ് ഏറ്റവും വലിയ വഴിത്തിരിവായത്. കൂടാതെ പ്രധാന നഗരങ്ങളിലെ വീട്ടുവാടക കുത്തനെ ഉയര്‍ന്നതും സ്റ്റഡി പെര്‍മിറ്റ് നിബന്ധനകള്‍ കഠിനമായതും പാര്‍ട്ട് ടൈം ജോലികള്‍ ലഭിക്കാന്‍ പ്രയാസമായതും കാനഡയിലെ പഠനവും ജോലിയും സ്ഥിരതാമസവുമെല്ലാം ചോദ്യചിഹ്നമാക്കി മാറ്റി.

വിദ്യാര്‍ഥികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കാനഡ

അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ വരവില്‍ 60 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ടെന്നും കൂടുതല്‍ സുസ്ഥിരമായ ഒരു സംവിധാനം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി കുടിയേറ്റത്തിന്റെ നിയന്ത്രണം കാനഡ തിരിച്ചുപിടിച്ചതായും പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ജൂണില്‍ വ്യക്തമാക്കിയിരുന്നു. കാനഡ ഇമിഗ്രേഷന്‍, റഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കണക്കുകള്‍ പ്രകാരം 2025 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ വിദേശ വിദ്യാര്‍ഥികളുടെ വരവ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനത്തോളം കുറഞ്ഞു, അതായത് 1.5 ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ കുറവുണ്ടായി. 2024 ഓഗസ്റ്റില്‍ 80,000-ത്തോളം പുതിയ സ്റ്റഡി പെര്‍മിറ്റുകള്‍ നല്‍കിയ സ്ഥാനത്ത് 2025 ഓഗസ്റ്റില്‍ അത് 45,000 ആയി കുറഞ്ഞു. ഒക്ടോബറോടെ പുതിയ പ്രവേശനങ്ങളുടെ എണ്ണം വെറും 3,000 മാത്രമായി ചുരുങ്ങി.

Summary

Canada has significantly tightened deportation measures, raising concerns among Indian students and job seekers. More than 3,300 Indian citizens were deported in the first six months of 2026, compared with 3,779 during the whole of 2025. If the current trend continues, 2026 could record the highest number of Indian deportations from Canada in six years. India has also overtaken Mexico as the country with the highest number of citizens deported from Canada. Meanwhile, 7,669 Indian nationals are reportedly facing ongoing removal proceedings. Stricter immigration rules, tougher study-permit requirements, rising living costs and declining opportunities have also led to a sharp fall in the number of Indian students choosing Canada.

Madism Digital
madismdigital.com