

നീറ്റ്-യുജി ചോദ്യപേപ്പർ ചോർന്ന സംഭവം രാജ്യമെമ്പാടും വലിയ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിരിക്കുകയാണ്. ഈ മാസം മൂന്നിന് നടന്ന പരീക്ഷാ ഫലം റദ്ദാക്കിയ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ തീരുമാനം 24 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ ഭാവിയില്‍ ഗുരുതര പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കാന്‍ പോകുന്നത്. അധികൃതരുടെ അനാസ്ഥയില്‍ ഇല്ലാതാകുന്നത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കഠിനാദ്ധ്വാനവും മാസങ്ങള്‍നീണ്ട കാത്തിരിപ്പുമാണെന്ന് ഇനിയും തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇന്ത്യയുടെ വിദ്യാഭ്യാസ ഘടനയുടെ അടിവേര് തന്നെ ഇല്ലാതാക്കപ്പെടും.
നീറ്റ് ചോദ്യപേപ്പർ ചോർച്ച എങ്ങനെയാണ് ഇന്ത്യയിലെ ലക്ഷകണക്കിന് വിദ്യാർത്ഥികളെ ബാധിക്കുകയെന്ന് വിശദീകരിക്കുകയാണ് ഫ്യൂച്ചർ പവേർഡ് ബൈ ഗോകുലത്തിന്‍റെ ഫൗണ്ടർ & ഡയറക്ടമാരായ അഷിമ ജോഷി, ലിനീഷ് കൊടിയാട്ട് എന്നിവർ
നൂറ്റിമുപ്പതോളം ചോദ്യങ്ങൾ ആവർത്തിച്ചുവരികയും ചോദ്യപേപ്പർ മുൻകൂട്ടി ചോരുകയും ചെയ്യുന്നത് പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. അത്രയധികം ചോദ്യങ്ങൾ ആവർത്തിക്കുക എന്നത് വിശ്വസിക്കാൻ പ്രയാസമുള്ള കാര്യമാണെന്നും, പരീക്ഷാ നടത്തിപ്പിലെ ഈ അപാകതകൾ കുട്ടികളുടെ കഠിനാധ്വാനത്തെയാണ് നേരിട്ട് ബാധിക്കുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയായാണ് ഇതിനെ വിലയിരുത്തുന്നത്.
വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന പരീക്ഷ ഇത്രയും സുരക്ഷിതമല്ലാത്ത രീതിയിൽ സംഘടിപ്പിക്കുന്നത് ഏജൻസിയുടെ പരാജയമാണ്. പത്ത് വർഷമായി പരീക്ഷ നടത്തുന്ന എൻ.ടി.എ-യ്ക്ക് ഇന്നും ഇതിനെ മറികടക്കാനുള്ള ഒരു രീതി കണ്ടെത്താൻ സാധിക്കാത്തത് വളരെ സങ്കടകരമാണ്. ഈ സാഹചര്യത്തിലാണ് മെഡിക്കൽ കൗൺസിൽ (NMC) തന്നെ നേരിട്ട് പരീക്ഷ നടത്തണം എന്ന നിലപാടിലേക്ക് കാര്യങ്ങളെത്തുന്നത്. രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളിൽ ഇതൊരു വലിയ മാഫിയയായി പ്രവർത്തിക്കുന്നുണ്ട് , ഡിജിറ്റൽ യുഗത്തിൽ വിവരങ്ങൾ അതിവേഗം പ്രചരിക്കുമെന്നിരിക്കെ സുരക്ഷാ കാര്യങ്ങളിൽ ഏജൻസി കാട്ടുന്ന അലംഭാവം ഗൗരവകരമാണ്
ലക്ഷങ്ങൾ മുടക്കി കോച്ചിംഗിന് പോകാൻ സാധിക്കാത്ത, സെൽഫ് സ്റ്റഡിയിലൂടെ മെറിറ്റിൽ ഡോക്ടർമാരാകാൻ സ്വപ്നം കാണുന്ന വിദ്യാർത്ഥികളുടെ അവസരങ്ങളാണ് ഇത്തരം പണമിടപാട് മാഫിയകൾ ഇല്ലാതാക്കുന്നത്
അഷിമ ജോഷി {ഫൗണ്ടർ & ഡയറക്ടർ ഫ്യൂച്ചർ പവേർഡ് ബൈ ഗോകുലം}
പരീക്ഷകൾ റദ്ദാക്കുന്നതോ വീണ്ടും നടത്തുന്നതോ ആയ സാഹചര്യങ്ങളിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസിക സംഘർഷം വളരെ വലുതാണ്. കഠിനമായി പ്രയത്നിച്ചു പഠിച്ച കുട്ടികൾ പരീക്ഷ കഴിഞ്ഞു വിശ്രമിക്കാൻ തുടങ്ങുമ്പോഴാണ് ഇത്തരം വാർത്തകൾ കേൾക്കുന്നത്. പരീക്ഷ വീണ്ടും നടത്തുമെന്ന പ്രഖ്യാപനങ്ങൾ കുട്ടികളിലും രക്ഷിതാക്കളിലും വലിയ ആശങ്കയുണ്ടാക്കുന്നു. ഇത് എപ്പോൾ നടക്കും എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തത് കുട്ടികളുടെ ഭാവിയെ ബാധിക്കും. പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് ഈ പ്രതിസന്ധി കൂടുതൽ തളർത്തുന്നത്. ലക്ഷങ്ങൾ മുടക്കി കോച്ചിംഗിന് പോകാൻ സാധിക്കാത്ത, സെൽഫ് സ്റ്റഡിയിലൂടെ മെറിറ്റിൽ ഡോക്ടർമാരാകാൻ സ്വപ്നം കാണുന്ന വിദ്യാർത്ഥികളുടെ അവസരങ്ങളാണ് ഇത്തരം പണമിടപാട് മാഫിയകൾ ഇല്ലാതാക്കുന്നത്. സാമ്പത്തിക പ്രയാസങ്ങൾക്കിടയിൽ പരീക്ഷകൾ നീണ്ടുപോകുന്നത് കുടുംബങ്ങളെയും സമ്മർദ്ദത്തിലാക്കുന്നു. ഇത് കുട്ടികളെ അവരുടെ പാഷൻ ഉപേക്ഷിച്ചു മറ്റു തൊഴിൽ മേഖലകളിലേക്ക് തിരിയാൻ നിർബന്ധിതരാക്കുന്ന സാഹചര്യം വരെ സൃഷ്ടിക്കുന്നു എന്നാണ് ഇവർ പറയുന്നത്.
വിദ്യാർത്ഥികൾക്ക് പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം പൂർണ്ണമായും നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ലക്ഷക്കണക്കിന് കുട്ടികളുടെ ജീവിതം വച്ചു കളിക്കുന്ന ഈ ഗൗരവകരമായ വിഷയത്തിൽ ശക്തമായ നടപടികൾ ഉണ്ടാകണം. വെറും അന്വേഷണങ്ങൾ പ്രഖ്യാപിക്കുന്നതിലപ്പുറം, കുറ്റവാളികൾക്കെതിരെ കൃത്യമായ ശിക്ഷാ നടപടികൾ സ്വീകരിക്കണം. കുട്ടികൾ വർഷങ്ങളോളം അധ്വാനിച്ചു പഠിക്കുന്നത് അവരുടെ നല്ലയൊരു ഭാവിയ്ക്ക് വേണ്ടിയാണു, ആ ഗൗരവം ഉൾക്കൊണ്ട് സുതാര്യമായ രീതിയിൽ പരീക്ഷ നടത്താൻ അധികൃതർ തയ്യാറാകണം
ഭാവിയിൽ ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ സുതാര്യമായ സംവിധാനങ്ങൾ ഉറപ്പാക്കണം
ലിനീഷ് കൊടിയാട്ട് {ഫൗണ്ടർ & ഡയറക്ടർ ഫ്യൂച്ചർ പവേർഡ് ബൈ ഗോകുലം}
ഇത്തരം സാഹചര്യങ്ങളെ പോസിറ്റീവ് ആയി വിദ്യാർത്ഥികൾ നേരിടണം. ഇതൊരു മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള രണ്ടാമത്തെ അവസരമായി കാണണം. പഠിച്ച കാര്യങ്ങൾ കൃത്യമായി റിവൈസ് ചെയ്യാനും കൂടുതൽ മോക്ക് ടെസ്റ്റുകൾ പരിശീലിക്കാനും സമയം കണ്ടെത്തണം. തളരാതെ മുന്നോട്ട് പോകുന്നത് വഴി മികച്ച ഫലം നേടിയെടുക്കാൻ സാധിക്കും. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ജീവിതം നിശ്ചയിക്കുന്ന ഇത്തരം ദേശീയതല പരീക്ഷകളിൽ സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന ആവശ്യവും ശക്തമാണ്. പരീക്ഷാ നടത്തിപ്പിലെ പാളിച്ചകൾ മൂലം കുട്ടികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും, ഭാവിയിൽ ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ സുതാര്യമായ സംവിധാനങ്ങൾ ഉറപ്പാക്കണം
നീറ്റ് പരീക്ഷ ഒഴിവാക്കി പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകണമെന്ന ആവശ്യവുമായി തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ആത്മാർത്ഥമായി പഠിച്ച വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം വലിയൊരു മാനസികാഘാതമാണ്. ഒരേ പരീക്ഷയ്ക്കായി രണ്ടാം തവണയും കഠിനാധ്വാനം ചെയ്യേണ്ടി വരുന്നത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വലിയ സമ്മർദ്ദമുണ്ടാക്കുന്നു.
എന്താണ് നീറ്റ് പരീക്ഷാ ക്രമക്കേട്
പരീക്ഷയ്ക്ക് മുൻപ് തന്നെ ചോദ്യപേപ്പർ ചോർന്നതായി രാജസ്ഥാൻ പോലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് രാജ്യംകണ്ട ഏറ്റവും വലിയ മാഫിയാ ഇടപെടൽ പുറംലോകമറിയുന്നത്. മാതൃകാ ചോദ്യക്കടലാസിലെ 135 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടിരുന്നു എന്നാണ് ആദ്യഘട്ടത്തിൽ ഉയർന്ന പ്രധാന ആരോപണം. ഈ ചോദ്യങ്ങൾ അടങ്ങിയ ഒരു 'ഗസ് പേപ്പർ' കോച്ചിങ് സെന്ററുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
ഇതാണ് പരീക്ഷ റദ്ദാക്കുന്നതിലേക്ക് കാര്യങ്ങളെ നയിച്ചത്. മാതൃകാ ചോദ്യക്കടലാസിലെ 410 ചോദ്യങ്ങളിൽ 135 എണ്ണം കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിലായി യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടതായി അന്വേഷണം നടത്തുന്ന രാജസ്ഥാൻ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് അറിയിച്ചു. തുടർന്ന് കേന്ദ്ര സർക്കാർ കേസ് സിബിഐക്ക് കൈമാറിയിരുന്നു. സിബിഐയുടെ അന്വേഷണത്തിൽ മൂന്ന് പേർ അറസ്റ്റിലായി. അവിനാഷ് ലംബ, മനീഷ് യാദവ്, രാകേഷ് മണ്ഡവാരിയ എന്നിവരാന് അറസ്റ്റിലായത്.
സിക്കറിലെ ആർ.കെ കൺസൾട്ടൻസി സെന്ററിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ചോർന്ന ചോദ്യപേപ്പർ വിൽപ്പന നടത്തുകയും ചെയ്തിരുന്നു. ഈ ഇടപാടിലെ പ്രധാന പ്രതി മനീഷ് യാദവാണെന്നാണ് എസ്.ഒ.ജി നൽകുന്ന സൂചന. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇതുവരെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നിൽ പ്രവർത്തിച്ച പ്രമുഖരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
English Summary: Repeated NEET exam irregularities, including question paper leaks and repeated questions, are raising serious concerns over the credibility of India’s medical entrance system. Experts and parents are demanding stricter accountability, stronger security, and possible direct oversight by NMC to protect students’ futures