മിമിക്രിയിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും തന്റെ കലാജീവിതം തുടങ്ങിയ ഹരീഷ് പെരുമണ്ണയ്ക്ക്, ജാലിയൻ കണാരൻ എന്ന കഥാപാത്രമാണ് ഹരീഷ് കണാരൻ എന്ന പേര് നൽകിയത്. 2014 ൽ പുറത്തിറങ്ങിയ 'ഉത്സാഹ കമ്മിറ്റി' എന്ന ചിത്രത്തിലൂടെയാണ് ഹരീഷ് തന്റെ സിനിമാ ജീവിതത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. കോമഡി ഫെസ്റ്റിവൽ എന്ന ടെലിവിഷൻ പരിപാടിയിൽ അവതരിപ്പിച്ച 'ജാലിയൻ കണാരൻ' ഹരീഷിനെ ആ വർഷത്തെ മികച്ച ഹാസ്യ നടനുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡിന് അർഹനാക്കുകയും ചെയ്തു.
തനത് കോഴിക്കോടൻ ശൈലിയിലുള്ള അവതാരണമികവാണ് ഹരീഷിനെയും അവരുടെ സ്കിറ്റ് ടീമായ 'വീ ഫോർ കാലിക്കട്ടിനെയും' പ്രേക്ഷക ശ്രദ്ധ നേടാൻ സഹായിച്ചത്. പിന്നീട് കുഞ്ഞിരാമായണം, സപ്തമ ശ്രീ തസ്കരാ, സാൾട്ട് മംഗോ ട്രീ, ഒപ്പം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടി. മാഡിസം ഡിജിറ്റലിനു നൽകിയ അഭിമുഖത്തിൽ തന്റെ വ്യക്തി ജീവിതത്തിലേയും കരിയറിലെയും നേട്ടങ്ങളെ കുറിച്ചും വീഴ്ചകളെയും വിവാദങ്ങളെ കുറിച്ചും ഹരീഷ് കണാരൻ മനസ്സുതുറക്കുന്നു.