'പിന്നെ ഫെമിനിസം വേണ്ടേ?'- അഭിമുഖം; ഷംല ഹംസ

'പിന്നെ ഫെമിനിസം വേണ്ടേ?'- അഭിമുഖം; ഷംല ഹംസ

'സ്വതന്ത്രരാവുക' എന്നതാണ് ഫെമിനിസത്തിന്റെ അടിസ്ഥാന ആശയം.
Published on

'നമ്മുടെ സമൂഹം സ്ത്രീകളെ പറഞ്ഞു പഠിപ്പിക്കുന്നത് സ്നേഹമുണ്ടെങ്കിൽ കുടുംബ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല എന്നാണ്, എന്നാൽ അതല്ല സത്യം. സാമ്പത്തിക സ്വാതന്ത്ര്യം എക്കാലവും സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരുപോലെ സമൂഹത്തിൽ നിലയും വിലയും നൽകും,' വനിതാ ദിനത്തോടനുഭന്ധിച്ച് സംസ്ഥാന ചലചിത്ര പുരസ്കാര ജേതാവ് ഷംല ഹംസ മാജിസം ഡിജിറ്റലിന് നൽകിയ അഭിമുഖം വായിക്കാം.

Q

ഫെമിനിസ്റ്റാണ് എന്ന് പറയുന്നത് ഒരു നാണക്കേടാണ് എന്ന് കരുതുന്ന സ്ത്രീകൾ പലരും നമുക്കിടയിൽ തന്നെയുണ്ടല്ലോ...അവർക്കിടയിൽ ഫെമിനിച്ചി ഫാത്തിമയായി എന്നറിയപ്പെടുമ്പോൾ എന്താണ് തോന്നാറുള്ളത്?

A

ഫെമിനിസം, അല്ലെങ്കിൽ ഫെമിനിസ്റ്റ് എന്ന വാക്കിന്റെ അർത്ഥം മനസിലാക്കാതെയാണ് പലരും അതിനോട് ദേഷ്യവും നാണക്കേടും വെച്ചുപുലർത്തുന്നത്. ഫെമിനിസ്റ്റുകൾ പുരുഷവിരോധികളാണ്, കുടുംബത്തെ ധിക്കരിക്കുന്നവരാണ്, തന്നിഷ്ടക്കാരികളാണ്, ഭർത്താവിനെ എതിർക്കുന്നവരാണ്, ഡിവോഴ്സിനെ പ്രോത്സാഹിപ്പിക്കുന്നവരാണ്, എന്നൊക്കെയാണ് പൊതുധാരണ. അത് തെറ്റാണ്. ഫെമിനിസം സ്ത്രീകൾക്കും, പുരുഷൻമാർക്കും ഒരുപോലെ ആവശ്യമായതാണ്. സ്വതന്ത്രരാവുക എന്നതാണ് ഫെമിനിസത്തിന്റെ അടിസ്ഥാന ആശയം. ഇത് മനസിലാക്കുന്നവർ ഫെമിനിസത്തെ ഇഷ്ടപ്പെടുന്നു. ഫെമിനിച്ചി ഫാത്തിമ എന്ന സിനിമ ആ ആശയത്തെ വളരെ മനോഹരമായാണ് പ്രേക്ഷകന് മനസിലാക്കി കൊടുത്തിരിക്കുന്നത്. സ്ത്രീയുടെ സാമ്പത്തിക സ്വാതന്ത്യം സമൂഹം ആംഗീകരിക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ ആ വാക്കിന്റെ അർത്ഥം മനസിലാക്കാൻ‍ മനുഷ്യർ ശ്രമിക്കണം എന്നാണ് എന്റെ ആ​ഗ്രഹം.

Q

സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് സിനിമ സംസാരിച്ചിരുന്നല്ലോ... സിനിമ ഷംലയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെ എത്രത്തോളം സഹായിച്ചിട്ടുണ്ട്.

A

ഞാൻ എൻജിനീയറിങ്ങാണ് പഠിച്ചത്. മറ്റു പല വിഷയങ്ങളുമായിരുന്നു പഠിക്കാൻ താൽപ്പര്യം എങ്കിലും, നല്ലൊരു ജോലി നേടണം എന്ന ആ​ഗ്രഹത്തിന്റെ പുറത്താണ് എൻജിനീയറിങ്ങ് എടുക്കുന്നത്. 2012ൽ പഠനം പൂർത്തിയാക്കിയത് മുതൽ ചെറിയ ചെറിയ ജോലികൾ ചെയ്ത് തുടങ്ങിയ ഞാൻ, പിന്നീട് നീണ്ട 12 വർഷക്കാലത്തോളം ദുബായിയിലായിരുന്നു. അതുകൊണ്ട് തന്നെ സിനിമയിലെത്തും മുൻപേ എനിക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടായിരുന്നു. സ്വന്തം ആവശ്യങ്ങൾക്കും, കുടുംബത്തെ നോക്കാനും, ആരേയും ആശ്രയിക്കാതിരിക്കാനും, സാമ്പത്തിക സ്വാതന്ത്ര്യം വളരെ അത്യാവശ്യമാണ്. നമ്മുടെ സമൂഹം സ്ത്രീകളെ പറഞ്ഞു പഠിപ്പിക്കുന്നത് സ്നേഹമുണ്ടെങ്കിൽ കുടുംബ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല എന്നാണ്, എന്നാൽ അതല്ല സത്യം. സാമ്പത്തിക സ്വാതന്ത്ര്യം എക്കാലവും സ്ത്രീകൾക്കും പുരുഷൻമാർക്കും സമൂഹത്തിൽ നിലയും വിലയും നൽകും.

Q

സംസ്ഥാന ചലചിത്ര പുരസ്കാരം നേടിയ ഷംലയെ സ്വാധീനിച്ച സ്ത്രീകൾ ആരൊക്കെയാണ്?

A

എന്റെ ഉമ്മ തന്നെയാണ് എന്നെ ഏറ്റവുമധികം സ്വാധീച്ചിട്ടുള്ള വ്യക്തി. അഞ്ചാം ക്ലാസ് വരെ മാത്രമെ പഠിച്ചിട്ടുള്ളു എങ്കിലും, വളരെ ആധുനിക ചിന്താ​ഗതിയുള്ള ആളാണ് ഉമ്മ. എന്റെ ജീവിതത്തിലും, സിനിമയിലും ഉമ്മ പറഞ്ഞിട്ടുള്ള അഭിപ്രായങ്ങളെല്ലാം വളരെ സഹായകരമായിട്ടുണ്ട്. ഉമ്മ മാത്രമല്ല, എന്റെ സഹോദരിയും ചില സുഹൃത്തുക്കളും സ്ത്രീ എന്ന നിലയിൽ എന്നെ ധാരാളം സ്വാധീനിച്ചിട്ടുണ്ട്.

Q

ഫെമിനിച്ചി ഫാത്തിമ പോലെയുള്ള സിനിമ മുന്നോട്ട് വെക്കുന്ന എല്ലാവർക്കും ദഹിക്കുന്നതല്ല. അതുകൊണ്ട് തന്നെ, എന്തിനാണ് ഇങ്ങനെയൊരു സിനിമയിൽ അഭിനയിച്ചത് എന്ന തരം ചോദ്യങ്ങളെ എങ്ങനെയാണ് നേരിട്ടത്?

A

എന്തിനാണ് ഈ സിനിമയിൽ അഭിനയിച്ചത് എന്ന് ആരും എന്നോട് ചോദിച്ചിട്ടില്ല. എന്നാൽ ഞാൻ എന്നോട് തന്നെ ആ ചോദ്യം ചോദിച്ചിരുന്നു. അഭിനത്തോടുള്ള ഇഷ്ടം കൊണ്ടാണ് ഞാൻ ഈ സിനിമയിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ ചോദ്യങ്ങളെ ഞാൻ പേടിച്ചിരുന്നില്ല. ഫെസ്റ്റിവലുകൾ നടന്നിരുന്ന സമയത്ത്, സിനിമ കാണാതെ വിമർശനങ്ങൾ ഉന്നയിച്ച ധാരാളം യൂറ്റ്യൂബർമാർ ഉണ്ടായിരുന്നു. അവർക്കുള്ള മറുപടി സിനിമ ഇറങ്ങിക്കഴി‍ഞ്ഞപ്പോൾ പ്രേക്ഷകർ തന്നെ കൊടുത്തു. നമ്മുടെ ജീവിതം നമ്മൾ തന്നെയാണ് ജീവിക്കേണ്ടത് എന്ന ബോധ്യം ഉള്ളതുകൊണ്ട് തന്നെ ഞാൻ അത്തരം ചോദ്യങ്ങളെയൊന്നും ശ്രദ്ധിച്ചിരുന്നില്ല.

English Summary: State Award winner Shamla Hamza says economic independence ensures dignity and equality for women and men in society.

Madism Digital
madismdigital.com