

ജീവനും ജീവിതവും കാര്‍ന്നു തിന്നുന്ന എത്രതരം ലഹരികളുണ്ട് നമുക്ക് ചുറ്റും? നമ്മുടെ കുട്ടികള്‍ക്ക് ചുറ്റും? മദ്യം, മയക്കുമരുന്ന്, കഞ്ചാവ്, രാസലഹരികള്‍.. അധ്യാപകരും രക്ഷിതാക്കളും സര്ക്കാരുമൊക്കെയടങ്ങുന്ന നമ്മുടെ സമൂഹം ഇപ്പറഞ്ഞ ലഹരികളില്‍ നിന്നെല്ലാം കുട്ടികളെ എങ്ങനെ സംരക്ഷിക്കാം എന്ന ആലോചനകളില്‍ വ്യാപൃതരാണ്! എന്നാല്‍ ഇക്കൂട്ടത്തില്‍ നമ്മള് പലപ്പൊഴും കാണാതെ പോകുന്ന, ഓര്‍ക്കാന്‍ വിട്ടുപോകുന്ന, അത്രയൊന്നും അപകടകാരിയായി കണക്കാക്കാത്ത, നമ്മളും കണ്ണിചേര്‍ക്കപ്പെട്ട മറ്റൊരു ലഹരിയുണ്ട്. ജീവിതം തിന്നുന്ന വൈറസ് - മൊബൈല്‍ ഫോണ്‍!
ഹരിദേവ് പി എഴുതി സംവിധാനം ചെയ്ത ഇരുപത്തിയാറ് മിനുറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രമാണ് 'ബഗ്'. സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ബഗ് കുട്ടികളും മൊബൈല്‍ സ്ക്രീനും തമ്മിലുള്ള ആശങ്കാജനകമായ ബന്ധത്തിലേക്കാണ് കഥയൂന്നുന്നത്. ചുരുങ്ങിയ സമയത്തില്‍, വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളെ അണിനിരത്തി കൊണ്ട് പ്രേക്ഷകര്‍ക്കുള്ളിലേക്ക് ചൂഴ്ന്ന് കയറുന്ന ഫ്രെയിമുകളും ഷോര്‍ട്ടുകളും സെറ്റ് ചെയ്താണ് ബഗ് പ്രമേയ തീവ്രത പ്രകടമാക്കുന്നത്. ഗെയിമിങ് അഡിക്ഷനുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് ചിത്രത്തിലെ കേന്ദ്രബിന്ദു. സച്ചു എന്ന് വിളിപ്പേരുള്ള കൗമാരക്കാരനിലേക്കും അവന്റെ വീടകത്തിലേക്കുമാണ് കഥ നമ്മെ കൊണ്ടുചെല്ലുന്നതെങ്കിലും എണ്ണപ്പെടാത്തത്രയും അദൃശ്യരായ കുട്ടികള്‍ വിറയ്ക്കുന്ന കൈകളും ചുവന്ന കണ്ണുകളുമായി മൊബൈല്‍ സ്ക്രീനിനിപ്പുറം നമുക്ക് മുന്നില്‍ മിന്നിമാഞ്ഞുകൊണ്ടിരിക്കുന്നു. ജനലിനപ്പുറം നില്ക്കുന്ന പോലീസുകാരനെ ഒറ്റ ഗണ്ഷോട്ടില് ചാമ്പലാക്കിയാണ് സിനിമയില്‍ സച്ചുവിന്റെ എന്‍ട്രി. അപരനെ ശത്രുവായി മാത്രം കാണുന്ന തോക്കിന് കുഴലാണ് അവന്റെ കണ്ണുകള്‍. തൊട്ടടുത്ത ഗ്രൗണ്ടിലൂടെ അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ നടത്തുന്ന യുദ്ധവിരുദ്ധറാലിയോ പ്ലക്കാര്‍ഡുകളോ അവന്റെ ശ്രദ്ധയില്‍ പതിയുന്നില്ല. ഫുട്ബോള്‍ കളിക്കാന്‍ വിളിക്കുന്ന കൂട്ടുകാരനോട് അവന് പുച്ഛമേയുള്ളൂ. വീട്ടില്‍ ചെന്ന് സ്ക്വാഡ് സെറ്റാക്കി ശത്രുക്കളെയെമ്പാടും വെടിവെച്ചിടുമ്പോഴുള്ള ഹരമാണ് അവന്റെ ലഹരി. സ്കൂള്‍ ഓഡിറ്റോറിയത്തിലെ മൈക്കിലൂടെ കേള്‍ക്കുന്ന യുദ്ധവിരുദ്ധ സന്ദേശങ്ങള്‍ അവന്റെയുളളില്‍ സദാ മുഴങ്ങുന്ന വെടിയൊച്ചകളെ കവച്ചുവയ്ക്കുന്നില്ല. സ്നേഹക്കൂട്ടുകളോ കളിചിരികളോയില്ലാത്ത, മുന്നില്‍ കാണുന്നതെന്തും തന്റെ ഉന്നമായി കാണുന്ന സച്ചു എന്ന ആണ്‍കുട്ടി മറ്റനേകം കുട്ടികളുടെ പ്രതീകം മാത്രമാണെന്ന് സിനിമ തുടക്കം തൊട്ടേ ഓര്‍മ്മിപ്പിക്കുന്നു.
മൊബൈല്‍ സ്ക്രീനിലേക്ക് പിറന്നുവീഴുകയും സ്ക്രീന്വെളിച്ചത്തില് വളരുകയും ചെയ്യുന്ന തലമുറയാണ് സച്ചുവിന്റെത്. അമേരിക്കന്‍ എഴുത്തുകാരന് മാര്‍ക്ക് പ്രെന്സ്കിയുടെ ഭാഷയില്‍ ഈ തലമുറയെ 'Digital Natives' എന്ന് വിളിക്കാം. ഡിജിറ്റല്‍ യുഗത്തിലേക്ക് പിറന്നുവീഴുന്നവരുടെ സവിശേഷ മനോഘടനയുടെ ആധാരം തന്നെ ഡിജിറ്റല്‍ ലോകം നിര്‍മ്മിച്ചു നല്കുന്ന സമാന്തര ലോകമാണ്. നവസാങ്കേതികവിദ്യയോടുള്ള ആഭിമുഖ്യമാണ് ഈ തലമുറയുടെ സാമാന്യ ഘടകങ്ങളിലൊന്ന്. സംസ്കാരത്തിലെ പാരമ്പര്യ ഘടകങ്ങളുടെ സാമ്പ്രദായിക വിനിമയങ്ങളേക്കാള് നവസാങ്കേതികതയിലൂടെ വിനിമയം ചെയ്യപ്പെടുന്ന മറ്റൊരു ലോകബോധമാണ് കോസ്മോപോളിസു(Cosmopolis)കളായ ഈ തലമുറയുടെ പ്രബലമായ ഘടകം. ഡിജിറ്റല്‍ ലോകം വിറ്റഴിക്കുന്ന ഉന്മാദമാണ് ഇവിടെ സുപ്രധാന ലഹരി! ഗെയിമുകളുടെയും ഓണ്‍ലൈന്‍ ഷോപ്പിങ്ങുകളുടെയും വിവിധ സാമൂഹ്യമാധ്യമങ്ങളുടെയും ഡാര്‍ക്ക് വെബുകളുടെയും കുരുക്കുകള്‍ കഴുത്തിലണിഞ്ഞാണ് ഡിജിറ്റല്‍ നാറ്റീവ്സ് ജന്മമെടുക്കുന്നത് തന്നെ. നവലിബറലിസവും (Neoliberalism) പ്ലാറ്റ്ഫോം ക്യാപിറ്റലിസവും(Platform Capitalism) ഒരുക്കിയ ചതിക്കുഴികളിലേക്കും ചൂഷണവ്യവസ്ഥയിലേക്കുമാണ് സച്ചുവും കൂട്ടുകാരും വളരുന്നത്. അത്തരം ഡിജിറ്റല്‍ ട്രാപ്പുകളുടെ കേവലോദാഹരണം മാത്രമാണ് 'കൊലയാളി' ഗെയിമുകള്‍.
ഇരുപ്പുറയ്ക്കും മുന്‍പേ മൊബൈല്‍ ഫോണ്‍ കളിപ്പാട്ടമായി നല്കുന്ന രക്ഷിതാക്കളും ദിനാചരണങ്ങളുടെ പ്രകടനപരതക്കപ്പുറം കുട്ടികളെ കേള്‍ക്കാത്ത അധ്യാപകരും അയല്‍ക്കാരും ഭരണകൂടവുമൊക്കെ ഉള്‍ച്ചേര്‍ന്ന സമൂഹത്തെ മുഴുവനും സ്വയം വിമര്‍ശനത്തിന് പ്രേരിപ്പിക്കുന്നുണ്ട് ബഗ് എന്ന കൊച്ചു സിനിമ. പ്രമേയസ്വീകരണം കൊണ്ടും സംവിധാന മികവ് കൊണ്ടും മികച്ച അഭിനയും ഛായാഗ്രഹണവും കാഴ്ച്ച വച്ചതിനാലും എഡിറ്റിങിലും പശ്ചാത്തല സംഗീതത്തിലും പുലര്‍ത്തിയ കൃത്യതയാലും കൂടുതല്‍ ശ്രദ്ധാര്‍ഹമാണ് ഈ ചിത്രം. സ്വസ്ഥമായി കണ്ടവസാനിപ്പിക്കാവുന്ന ഒരു ഫീല്‍ ഗുഡ് പടമല്ല ഹരിദേവും കൂട്ടരുമൊരുക്കിയിരിക്കുന്നത്. അസ്വസ്ഥവും സംഘര്‍ഷഭരിതവുമാണ് അതിന്റെ ഭാഷ്യം. എന്തെന്നാല്‍ അതിക്കാലത്തിന്റെ മുഖ'ചിത്ര'മാണ്. എല്ലാവരും കണ്ടിരിക്കുകയും വിലയിരുത്തുകയും അതിലൂടെ സ്വയം വിലയിരുത്തുകയും ചെയ്യേണ്ടുന്ന ഹ്രസ്വ ചിത്രം.
Written and directed by Haridev P, Bug is a 26-minute short film exploring the troubling relationship between children and mobile screens. The film centres on Sachu, a school student struggling with gaming addiction, and uses carefully composed frames and shots to convey the intensity of its subject. Although the story focuses on a teenager and his home, Bug also draws attention to countless children affected by excessive screen use and gaming dependency.