

യുദ്ധം ജയിക്കണം, ലോകം കീഴടക്കണം എന്ന് തന്നെയാണ് ഓരോ ഭരണാധികാരിയും ആഗ്രഹിക്കുന്നത്. അതിനുവേണ്ടി എന്ത് കുറുക്കു വഴികളും സ്വീകരിക്കും. ആരേയും ബലി കൊടുക്കും. എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കും. എന്നാൽ യുദ്ധത്തിൽ ജീവൻ സമർപ്പിച്ചവരുടെ ഓർമ്മകളെ ചുമന്ന് മടങ്ങേണ്ടി വരുമെന്നും അവരുടെ ആത്മാക്കളാൽ വേട്ടയാടപ്പെടുമെന്നും ഒരു രാജാവും സ്വപ്നം കാണാറില്ല. ക്രിസ്റ്റഫർ നോളന്റെ 'ദി ഒഡിസി' ആരംഭിക്കുന്നത് മിക്ക യുദ്ധകഥകളും അവസാനിക്കുന്നിടത്താണ്.
2023-ൽ പുറത്തിറങ്ങി, മികച്ച ചിത്രത്തിനുള്ള അക്കാദമി അവാർഡ് നേടിയ 'ഒപ്പൻഹൈമറിന് ശേഷം നോളൻ ഒരുക്കിയ ചിത്രമാണ് 'ദി ഒഡിസി'. നോളന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമ, ഹോമറിന്റെ 'ഒഡിസി'യുടെ ഏറ്റവും വലിയ സിനിമാറ്റിക്ക് ആവിഷ്കാരം, IMAX-ൽ ഷൂട്ട് ചെയ്ത ആദ്യത്തെ ഫീച്ചർ ഫിലിം, ഗ്രീക്ക് പുരാണങ്ങളെ വെറും ഫാന്റസിയുടെ ചട്ടക്കൂടിൽ ഒതുക്കാതെ, യാഥാർഥ്യത്തോട് ചേർന്ന ദൃശ്യാനുഭവമാക്കി മാറ്റുന്ന സിനിമാറ്റിക് സമീപനം, പരമ്പരാഗത കഥപറച്ചിലിന്റെ നിയമങ്ങളെ പൊളിച്ചെഴുതുന്ന നോളന്റെ തിരക്കഥ, ശക്തവും പ്രാചീനതയുടെ ഗാംഭീര്യവും നിറഞ്ഞ സംഗീതം, പ്രാക്ടിക്കൽ ഇഫക്ടുകളും യഥാർഥ ലൊക്കേഷനുകളും ചേർന്ന അസാധാരണമായ അനുഭവം, അങ്ങനെ പലതുമാണ് 'ദി ഒഡിസി'.
ഗ്രീസിലെ ഇതാക്കയുടെ ഇതിഹാസ രാജാവായ ഒഡീസ്യസ്, ട്രോജൻ യുദ്ധത്തിന് ശേഷം തന്റെ ഭാര്യയായ പെനലോപ്പിയുടേയും, മകൻ ടെലമാക്കസിന്റേയും അടുത്തേക്ക് മടങ്ങിയെത്താൻ നടത്തുന്ന ദീർഘവും അപകടങ്ങൾ നിറഞ്ഞതുമായ യാത്രയാണ് 'ഒഡിസി'യുടെ പ്രമേയം. ഈ മടക്കയാത്ര 20 വർഷങ്ങളാണ് നീണ്ടു നിന്നത്.
"MY LIFE IS LIKE A CHRISTOPHER NOLAN FILM, I DONT REALLY UNDERSTAND WHATS GOING ON". എന്റെ ജീവിതം ഒരു ക്രിസ്റ്റഫർ നോളൻ സിനിമ പോലെയാണ്, എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല എന്ന് ഒരു പ്രേക്ഷകൻ എഴുതിയപ്പോൾ നോളൻ പറഞ്ഞു, "എന്റെ സിനിമ നിങ്ങൾ മനസിലാക്കാൻ ശ്രമിക്കരുത്, അനുഭവിച്ചാൽ മാത്രം മതി". അത്തരമൊരു വീക്ഷണത്തിൽ സിനിമ കണ്ടപ്പോൾ തോന്നി, നോളൻ യുദ്ധത്തിന്റെ വീര്യം അല്ല, മറിച്ച് ഓരോ യുദ്ധവും യോദ്ധാവിനും അവന്റെ കുടുംബത്തിനും അവനെ ചുറ്റുമുള്ളവരിലും വരുത്തുന്ന അപകടം നിറഞ്ഞ മാറ്റങ്ങളെയാണ് ചൂണ്ടികാണിക്കുന്നതെന്ന്.
കാരണം, ഒഡീസ്യസിനെ ട്രോജൻ യുദ്ധത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിൽ നിന്ന് തടയുന്ന ഏറ്റവും വലിയ ശക്തി, യാത്രാമധ്യേ പതിയിരിക്കുന്ന അപകടങ്ങളോ, കോപിഷ്ടരായ ഗ്രീക്ക് ദൈവങ്ങളോ, മന്ത്രവാദികളോ, മോക്ഷം കിട്ടാൻ കാത്തിരിക്കുന്ന ആത്മാക്കളോ, കൊടുകാറ്റോ, മഴയോ, ചുഴിയോ, ഒന്നുമല്ല. അത് സ്വന്തം മനസ്സാക്ഷിയുടെ ഭാരമാണ്. യുദ്ധത്തിൽ ജയിച്ചാൽ മാത്രം മനഃശാന്തി ലഭിക്കണമെന്നില്ല. പലപ്പോഴും യഥാർത്ഥ പോരാട്ടം ആരംഭിക്കുന്നത് യുദ്ധം അവസാനിച്ചതിന് ശേഷമാണ് എന്ന അസ്വസ്ഥമാക്കുന്ന സത്യത്തെയാണ് 'ഒഡിസി' തുറന്നുകാട്ടുന്നത്.
തന്റെ മുൻ സിനിമകളെ വേറിട്ടുനിർത്തിയ സിഗ്നേച്ചർ ഫിലിംമേക്കിങ് ശൈലിയെ കൂടുതൽ പക്വവും വിപുലവുമായ രൂപത്തിൽ 'ദി ഒഡിസി'യിലൂടെ നോളൻ വീണ്ടും അവതരിപ്പിക്കുന്നു. പാസ്റ്റും പ്രസന്റും ഫാന്റസിയും യാഥാർഥ്യവും ഓർമ്മകളും ക്ലൈമാക്സും പരസ്പരം ലയിച്ചുചേരുന്ന അസാധാരണമായ കഥപറച്ചിൽ. പരമ്പരാഗത നറേറ്റീവ് ഘടനകളെ മറികടന്നുകൊണ്ടുള്ള ഫിലിം മേക്കിംഗ്. പിന്നെ നോളനെ നിർവചിക്കുന്ന സമയം, ഓർമ്മ, വ്യക്തിത്വം, ത്യാഗം, അതിജീവനം, നേതൃത്വം, കുടുംബവും കടമയും തമ്മിലുള്ള സംഘർഷം, എന്നീ തീമുകളുടെ സംയോജനം
'ഒഡിസി' ഒരു ദൃശ്യാനുഭവമാണ്. ഒരോ ഷോട്ടുകളും ഒരോ കഥകളാണ്. ഒഡിസിയുടെ ഛായാഗ്രാഹകനായ ഹോയ്റ്റ് വാൻ ഹോയ്റ്റമ, ഈ ചിത്രത്തിലൂടെ സിനിമാറ്റോഗ്രഫിയുടെ ചരിത്രത്തിൽ പുതിയ അധ്യായമാണ് കുറിച്ചത്. ചിത്രം നടക്കുന്ന ഇടത്തിന്റെ മനോഹരമായ ലാന്റ്സ്കേപ്പ്, അനന്തമായി പരന്നു കിടക്കുന്ന നീലസമുദ്രങ്ങൾ, എന്നിങ്ങനെ കണ്ണിന് കുളിർമ നൽകുന്ന IMAX അനുഭവം ഈ ചിത്രം സമ്മാനിക്കുന്നു. പ്രകൃതിയുടെ ഗാംഭീര്യവും ഒരുവശത്ത് പകർത്തുമ്പോൾ, മറുവശത്ത് ഒഡീസ്യസിന്റെ കണ്ണുകളിലെ ഭയവും, നഷ്ടബോധവും, തളരാത്ത പ്രതീക്ഷയും അതേ തീവ്രതയിൽ ഒപ്പിയെടുക്കുന്ന ക്യാമറയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തി.
മെഡിറ്ററേനിയൻ കടലിന്റെ അതിരുകളില്ലാത്ത വിശാലതയും ട്രോജൻ യുദ്ധത്തിന്റെ രോഷവും അതിഗംഭീരമായാണ് ക്യാമറ വരച്ചുകാട്ടുന്നത്. IMAX ഫോർമാറ്റിൽ ചിത്രീകരിച്ചതിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് ഓരോ ഫ്രെയിമിലുമുള്ള അസാധാരണമായ വിശദാംശങ്ങളാണ്. പ്രോപ്പുകളുടെ സൂക്ഷ്മമായ ടെക്സ്ചറുകൾ, കഥാപാത്രങ്ങളുടെ വസ്ത്രങ്ങളിലെ ഓരോ നൂലിഴയും, ആകാശത്തിന്റെ നിറവ്യത്യാസങ്ങളും, കടലിലെ തിരമാലയും വരെ അത്ഭുതപ്പെടുത്തുന്ന വ്യക്തതയോടെ പ്രേക്ഷകന് അനുഭവിക്കാനാകുന്നു.
ഈ ചിത്രത്തിൽ ഒരു എഡിറ്ററുടെ സാന്നിധ്യമുണ്ടെന്ന് ഒരിക്കലും തോന്നിപ്പിക്കാത്തതാണ് 'ഒഡിസി'യിലെ എഡിറ്റിങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത. ഓരോ കട്ടും അത്രമേൽ സ്വാഭാവികമായി അടുത്ത ദൃശ്യത്തിലേക്ക് ഒഴുകിച്ചേരുന്നു. ഒരു ഇതിഹാസ വൈഡ് ഷോട്ടിന്റെ ഗാംഭീര്യത്തിനിടയിലായിരിക്കും പെട്ടെന്ന് അഥീനയുടെ കണ്ണുകളുടെ ക്ലോസ് അപ്പ് ഫ്രെയിമിലേക്ക് കടന്നുവരുന്നത്. ആ ഒറ്റ കട്ട് മതി ദൃശ്യത്തിന്റെ ഭാവവും തീവ്രതയും പൂർണമായി മാറ്റിമറിക്കാൻ. വളരെ സങ്കീർണമായ എഡിറ്റിങ് പ്രക്രിയ ആവശ്യമായ സിനിമയായിരുന്നിട്ടും, യുദ്ധരംഗങ്ങൾ അതിശയിപ്പിക്കുന്ന വ്യക്തതയോടെയാണ് ഒരുക്കിയിരിക്കുന്നത്.
അതുപോലെ തന്നെ, ചിത്രത്തിന്റെ സംഗീതവും അപൂർവമായൊരു പുതുമയോടെയാണ് ഒരുക്കിയിരിക്കുന്നത്. പരിചിതമായ ഇതിഹാസ സംഗീതശൈലികളുടെ ആവർത്തനമല്ല, കഥയുടെ വികാരലോകത്തോട് ചേർന്നുനിൽക്കുന്ന ഒരു പുതിയ ശബ്ദഭാഷയാണ് ഇവിടെ കേൾക്കാൻ കഴിയുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം, ആ സംഗീതം ഒരിക്കലും രംഗങ്ങളെ മറികടന്ന് മുന്നിലേക്ക് വരാൻ ശ്രമിക്കുന്നില്ല എന്നതാണ്. അത് ദൃശ്യങ്ങളോടും വികാരങ്ങളോടും ലയിച്ചുചേർന്ന്, പ്രേക്ഷകൻ അറിയാതെ തന്നെ ഓരോ നിമിഷത്തിന്റെയും തീവ്രത വർധിപ്പിക്കുന്ന ഒരു 'അദൃശ്യ' സാന്നിധ്യമായി മാറുന്നു.
മാറ്റ് ഡാമൺ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി വിശേഷിപ്പിക്കാവുന്ന അഭിനയമാണ് ഒഡീസ്യസ് എന്ന കഥാപാത്രത്തിലൂടെ കാഴ്ചവെക്കുന്നത്. ക്ഷീണവും കുറ്റബോധവും അതിജീവിക്കാനുള്ള മനക്കരുത്തും അതിസൂക്ഷ്മമായ അഭിനയത്തിലൂടെ ഡാമൺ പകർന്നുനൽകുന്നു. അതുകൊണ്ടുതന്നെ, ഒഡീസ്യസിന്റെ ശാരീരിക യാത്ര എത്രത്തോളം പ്രേക്ഷകനെ വിസ്മയിപ്പിക്കുന്നുവോ, അതേ തീവ്രതയിൽ അദ്ദേഹത്തിന്റെ വൈകാരിക യാത്രയും മനസ്സിനെ സ്പർശിക്കുന്നു. സമുദ്രങ്ങളെയും യുദ്ധങ്ങളെയും അതിജീവിച്ച് സ്വന്തം വീട്ടിലേക്കുള്ള യാത്ര മാത്രമല്ല, പ്രതീക്ഷയും നഷ്ടബോധവും കുറ്റബോധവും ഏകാന്തതയും സഹിച്ചുകൊണ്ടുള്ള ഒരു മനുഷ്യന്റെ ആത്മസംഘർഷം കൂടിയാണ് ഈ സിനിമ പറയുന്നത്.
പെനലോപ്പായി ആൻ ഹാത്തവേയും അതിഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. കാത്തിരിപ്പും സ്നേഹവും ഉറച്ച മനസ്സും ഒരേസമയം പ്രകടിപ്പിക്കുന്ന അവരുടെ അഭിനയത്തിന് ചിത്രത്തിന്റെ വൈകാരിക തലങ്ങൾക്ക് വലിയ കരുത്ത് നൽകാൻ സാധിച്ചിട്ടുണ്ട്. ടെലിമാക്കസായി ടോം ഹോളണ്ടും തന്റെ കരിയറിലെ ഏറ്റവും പക്വതയാർന്ന പ്രകടനങ്ങളിലൊന്നാണ് സമ്മാനിച്ചിരിക്കുന്നത്. അച്ഛനെ തേടിയുള്ള മകന്റെ ആത്മസംഘർഷവും വളർച്ചയും അദ്ദേഹം ശ്രദ്ധേയമായി അവതരിപ്പിക്കുന്നു. അതേസമയം, റോബർട്ട് പാറ്റിൻസൺ, ലുപിറ്റ ന്യോങ്'ഒ, സെൻഡയ തുടങ്ങിയ താരങ്ങളും തങ്ങളുടെ സ്‌ക്രീൻ ടൈം പരമാവധി പ്രയോജനപ്പെടുത്തി ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്.
ഒരു മഹാകാവ്യത്തെ സിനിമയാക്കുക എന്നത് വലിയ വെല്ലുവിളിയാണ്. എന്നാൽ ആ മഹാകാവ്യത്തിന്റെ ആത്മാവിനെ നഷ്ടപ്പെടുത്താതെ അതിന് പുതിയൊരു സിനിമാറ്റിക് ഭാഷ സൃഷ്ടിക്കുക അതിലും വലിയ നേട്ടമാണ്. അതാണ് ക്രിസ്റ്റഫർ നോളൻ 'ദി ഒഡിസി'യിലൂടെ സാധിച്ചിരിക്കുന്നത്. ഇത് യുദ്ധത്തിന്റെയോ പുരാണത്തിന്റെയോ കഥ മാത്രമല്ല. മറിച്ച് വിജയത്തിന്റെ വില, നഷ്ടത്തിന്റെ ഭാരം, 'വീട്' എന്ന വാക്കിന്റെ യഥാർത്ഥ അർഥം തേടിയുള്ള മനുഷ്യന്റെ യാത്ര, അങ്ങനെ പലതാണ്. അതുകൊണ്ടുതന്നെ തീർച്ചയായും 'ദി ഒഡിസി' ഒരു സിനിമയെന്നതിലുപരി, വലിയ സ്ക്രീനിൽ അനുഭവിച്ചറിയേണ്ട ഒരു സിനിമാറ്റിക് അനുഭവം തന്നെയാണ്.
This review explores Christopher Nolan's The Odyssey, praising its groundbreaking IMAX cinematography, immersive storytelling, emotional depth, seamless editing, powerful performances, and innovative musical score. The film reimagines Homer's epic as a visually spectacular and emotionally resonant cinematic experience, making it one of Nolan's most ambitious achievements.