സിസ്റ്റവും സാധാരണക്കാരനും തമ്മിലുള്ള പോരാട്ടം; നിസാം ബഷീറിന്റെ ഉദ്വേഗജനകമായ 'ഐ നോബഡി'

തുടക്കത്തിൽ തന്നെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സിനിമയ്ക്ക്, രണ്ടാം പകുതിയിലും അത് വിജയകരമായി നിലനിർത്താനാകുന്നുണ്ട്
സിസ്റ്റവും സാധാരണക്കാരനും തമ്മിലുള്ള പോരാട്ടം; നിസാം ബഷീറിന്റെ ഉദ്വേഗജനകമായ  'ഐ നോബഡി'
Published on

'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിലൂടെ കുടുംബബന്ധങ്ങളിലെ സങ്കീർണതകൾ ലളിതമായി അവതരിപ്പിച്ച നിസാം ബഷീർ, തന്റെ രണ്ടാമത്തെ ചിത്രമായ 'റോഷാക്കി'ലൂടെ മലയാളികൾക്കു തീർത്തും അപരിചിതമായ ഒരു സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലർ സമ്മാനിച്ചു. ഈ ട്രാക്ക് റെക്കോർഡ് തന്നെയായിരുന്നു അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമായ 'ഐ നോബഡി' (I Nobody) പ്രഖ്യാപിച്ചപ്പോൾ മുതൽ സിനിമാപ്രേമികൾക്കിടയിൽ ഉയർന്ന പ്രതീക്ഷകൾക്കു കാരണം. സാങ്കേതിക മികവോടേയും വേഗമേറിയ തിരക്കഥയിലൂടേയും, 'ദി സിസ്റ്റം വേഴ്സസ് കോമൺ മാൻ' എന്ന, പലവട്ടം കണ്ടുമടുത്ത പ്രമേയത്തെ മികച്ച ഒരു തിയേറ്റർ അനുഭവമാക്കി മാറ്റിയിരിക്കുകയാണ് ഐ നോബഡിയിലൂടെ നിസാം ബഷീർ.

വലിയ അവകാശവാദങ്ങളോ, അനാവശ്യമായ മാസ് മസാല ചേരുവകളോ ഇല്ലാതെയാണ് സിനിമ ആരംഭിക്കുന്നതും വികസിക്കുന്നതും. രാജീവൻ എന്ന സാധാരണക്കാരനും, അധികാരവർഗ്ഗവും തമ്മിലുള്ള സംഘർഷമാണ് സിനിമയുടെ കാതൽ. ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലേക്ക് യാതൊരു മര്യാതയുമില്ലാതെ, അനുവാദമില്ലാതെ കടന്നുകയറുന്ന മാധ്യമങ്ങളേയും, സിസ്റ്റത്തോട് ഒരു സാധാരണക്കാരൻ ചോദിക്കേണ്ട പ്രസക്തമായ ഒരുപാട് ചോദ്യങ്ങളേയും സിനിമ കൃത്യമായി വരച്ചുകാണിക്കുന്നു.

സിസ്റ്റവും സാധാരണക്കാരനും തമ്മിലുള്ള പോരാട്ടം; നിസാം ബഷീറിന്റെ ഉദ്വേഗജനകമായ  'ഐ നോബഡി'
ആരാണ് ജസ്വന്ത് സിങ് ഖല്‍റ? 'സത്‌ലജ്' സിനിമ ചര്‍ച്ചയാകുന്നതെന്തുകൊണ്ട്?

തുടക്കത്തിൽ തന്നെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സിനിമയ്ക്ക്, രണ്ടാം പകുതിയിലും അത് വിജയകരമായി നിലനിർത്താനാകുന്നുണ്ട്. ഓരോ സീക്വൻസുകളിലും സംഭവിക്കുന്ന ഴോണർ ഷിഫ്റ്റുകളും, ആശയക്കുഴപ്പം വരുത്താതെ അതിനെ നിലനിർത്തിക്കൊണ്ടുപോകുന്നതും എടുത്തു പറയേണ്ട കാര്യം തന്നെയാണ്. അതീവ ഗൗരവമുള്ള, തീവ്രമായ സീനുകളിൽ പോലും, വളരെ സമർത്ഥമായി ഹ്യൂമർ പ്ലേസ് ചെയ്തിരിക്കുന്നതും ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റാണ്. പ്രേക്ഷകനെ ഒട്ടും ബോറടിപ്പിക്കാതെ, തുടക്കം മുതൽ ഒടുക്കം വരെ എൻഗേജ് ചെയ്യിപ്പിക്കുക എന്ന ദൗത്ത്യം നിസാം ബഷീർ എന്ന ക്രാഫ്റ്റ്മാൻ സാധിച്ചെടുത്തിട്ടുണ്ട്.

പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിച്ച രാജീവൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോകുന്നത്. വളരെ അടക്കമുള്ള, അമിതാഭിനയങ്ങളില്ലാത്ത അദ്ദേഹത്തിന്റെ പ്രകടനം സിനിമയുടെ ഡാർക്ക് മിസ്റ്ററി മൂഡിനോട് പൂർണമായും നീതി പുലർത്തുന്നുണ്ട്. രാജീവന്റെ മനോനിലയും ഉള്ളിലൊളിഞ്ഞ സംഘർഷങ്ങളും മുഖഭാവങ്ങളിലൂടെയും ഉച്ചാരണരീതിയിലൂടെയും അദ്ദേഹത്തിന് ഫലിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ആക്ഷൻ രംഗങ്ങളിലെ തീവ്രതയും വികാരപ്രകടനങ്ങളിലെ സൂക്ഷ്മതയും ഒരുപോലെ കൈകാര്യം ചെയ്യുന്ന പൃഥ്വിരാജിന്റെ പ്രകടനം സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകുന്നു. രാജീവനെ പോലെ തന്നെ കഥയെ മുന്നോട്ട് കൊണ്ടുപോകുന്ന മറ്റൊരു മികച്ച കഥാപാത്രമാണ് പാർവതി തിരുവോത്ത് അവതരിപ്പിച്ച മീര. മീരയുടെ നിലപാടുകളും വികാരപ്രകടനങ്ങളും പാർവതിയുടെ കൈകളിൽ ഭദ്രമായിരുന്നു. പൃഥ്വിരാജ് - പാർവതി കൂട്ടുകെട്ടിന്റെ ഓൺസ്ക്രീൻ കെമിസ്ട്രിയും പ്രകടനവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

സിസ്റ്റവും സാധാരണക്കാരനും തമ്മിലുള്ള പോരാട്ടം; നിസാം ബഷീറിന്റെ ഉദ്വേഗജനകമായ  'ഐ നോബഡി'
നശിച്ചുപോയ ഒറിജിനല്‍; ആര്‍ക്കൈവ്‌സില്‍ നിന്ന് 4K യില്‍ പുനര്‍ജനിച്ച കിരീടം, തുണയായത് 35 എംഎം റിലീസ് പ്രിന്റ്

ഹക്കിം ഷാജഹാന്റെ പോലീസ് കഥാപാത്രത്തിന്റെ പ്രകടനവും സിനിമയുടെ ഗ്രാഫ് ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. നായകനും സിസ്റ്റത്തിനും ഇടയിലുള്ള ഒരു കണ്ണിയായി ഈ കഥാപാത്രം മാറുന്നുണ്ട്. കൂടാതെ, ശങ്കർ രാമകൃഷ്ണൻ, മധുപാൽ, അശോകൻ എന്നിവരും, മക്കളായി അഭിനയിച്ച നക്ഷത്ര, ആര്യ ഇസ എന്നിവരും തങ്ങളുടെ റോളുകൾ വളരെ മികച്ച രീതിയിൽ തന്നെ സ്ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്.

'ഐ നോബഡി'യുടെ നട്ടെല്ല് അതിന്റെ ടെക്നിക്കൽ ബ്രില്ല്യൻസാണ്. ജെയ്ക്സ് ബിജോയിയുടെ സംഗീതവും, പശ്ചാത്തലസംഗീതവും ഓരോ ഷോട്ടിന്റേയും തീവ്രതയെ കൂടുതൽ മനോഹരമാക്കി പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. ജെയ്ക്സ് ബിജോയ് എന്ന സംഗീത സംവിധായകനെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകൾ ഒരിക്കൽ കൂടി ഉയർന്നിട്ടുണ്ട് എന്ന് നിസംശയം പറയാം. പതിവ് രീതികളിൽ നിന്ന് മാറി, ഇംഗ്ലീഷ്-ഹിന്ദി ഭാഷകളിലെ ഗാനങ്ങളുടെ പ്ലേസ്മെന്റ് ചിത്രത്തിന് ഫ്രഷ് ട്രീറ്റ്മെന്റ് നൽകുന്നുണ്ട്.

ദിനേശ് പുരുഷോത്തമന്റെ ഛായാ​ഗ്രഹണവും, അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന കളർ ടോണും സിനിമ ആവശ്യപ്പെടുന്ന മിസ്റ്ററി മൂഡ് അവസാനം വരെ നിലനിർത്തുന്നതിന് സഹായിക്കുന്നുണ്ട്. കഥയുടെ ഗ്രാജ്വൽ ആയ ഒഴുക്കിനെ ഒട്ടും ബാധിക്കാത്ത തരത്തിലുള്ള, റമീസിന്റെ സൈലന്റ് ആയ എഡിറ്റിംഗ് സിനിമയെ ഒരു ഫാസ്റ്റ്-പേസ്ഡ് ത്രില്ലറാക്കി മാറ്റുന്നതിൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.

സിസ്റ്റവും സാധാരണക്കാരനും തമ്മിലുള്ള പോരാട്ടം; നിസാം ബഷീറിന്റെ ഉദ്വേഗജനകമായ  'ഐ നോബഡി'
ഒരു പ്രാണി കടി അഭിനേതാവിന്റെ ജീവന് ഭീഷണിയാകുമ്പോൾ: സിനിമാ ലൊക്കേഷനുകളിലെ വൈദ്യസഹായം വെറും കടലാസിലോ?

മികച്ച ഇൻവെസ്റ്റിഗേഷൻ ഹെയ്സ്റ്റ് ത്രില്ലർ, നിസാം ബഷീറിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച ചിത്രം, പ്രിഥ്വിരാജ് എന്ന നടന്റേയും നിർമാതാവിന്റേയും കരിയറിലെ നാഴികക്കല്ല്, പാർവതി തിരുവോത്തിന്റെ തിരിച്ചുവരവ്, എന്നീ പ്രത്യേകതകളാൽ ഐ നോബഡി പൂർണ്ണ വിജയമാണ്. നല്ല തിയേറ്റർ എക്സ്പീരിയൻസ് ആഗ്രഹിക്കുന്നവർക്കും, ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്കും, നിസാം ബഷീർ എന്ന സംവിധായകന്റെ ഫിലിം മേക്കിങ് ശൈലി ഇഷ്ടപ്പെടുന്നവർക്കും, ധൈര്യമായി ടിക്കറ്റെടുക്കാവുന്ന ഒരു വെൽ-മെയ്ഡ് സിനിമയാണ് 'ഐ നോബഡി'.

Summary

I Nobody, directed by Nizam Basheer, is a gripping Malayalam investigative thriller starring Prithviraj Sukumaran and Parvathy Thiruvothu. Blending mystery, social commentary, and technical brilliance, the film explores the conflict between an ordinary citizen and the system, delivering an engaging cinematic experience with compelling performances and sharp storytelling

Madism Digital
madismdigital.com