സൂര്യയല്ല, നസ്‍‍‍ലനാണ് സീൻ!

'അഭിനയ മികവിൽ കേന്ദ്രീകരിച്ചിരുന്ന ഫഹദിൻ്റെ ട്രാക്ക് തിരുത്തിയെഴുതുമാറ് തിരശ്ശീലയിൽ അയാളെ അഴിഞ്ഞാടാൻ വിട്ട ജിത്തു, 30 കോടി ചെലവിട്ട് 156 കോടി കലക്ഷനുമായി ഇൻഡസ്ട്രിയിലെ ടോപ് ടെൻ ഹിറ്റുകളിലൊന്നിൻ്റെ ശില്പിയായി മാറി'
സൂര്യയല്ല, നസ്‍‍‍ലനാണ് സീൻ!
Published on: 

'സീൻ', നസ്‌ലൻ ഒരു സ്റ്റാർ മെറ്റീരിയലാണ്. എല്ലാം ഒത്തുവന്നാൽ ഒരു സൂപ്പർ സ്റ്റാർ മെറ്റീരിയൽ. അതിൻ്റെ പ്രഖ്യാപനമാണ് ജിത്തു മാധവൻ്റെ തമിഴിലെ അരങ്ങേറ്റ ചിത്രം സീൻ. അതിനായി  കാണേണ്ട സിനിമയാണ് 'സീൻ'. അതല്ലാതെയും ഈ പടം കാണാൻ ന്യായങ്ങളുണ്ട്. ആ ന്യായങ്ങൾ മുഴുവൻ സംവിധായകൻ ജിത്തുവിൻ്റെ ക്രെഡിറ്റിലാണ്.

'രോമാഞ്ചം' (2023), 'ആവേശം' (2024 എന്നിങ്ങനെ രണ്ട് പടങ്ങൾ മാത്രമേ ജിത്തു മാധവൻ ഇതിന് മുമ്പ് ചെയ്തിട്ടുള്ളൂ. രണ്ട് കോടി രൂപ മുടക്കി എഴുപത് കോടി കൊയ്‌തെടുത്ത രോമാഞ്ചത്തിൻ്റെ മുഖ്യ താരനിരയിൽ അന്ന് പൊതുവേ അറിയപ്പെടുന്ന ഒരേയൊരാൾ സൗബിൻ  ഷാഹിർ മാത്രമായിരുന്നു. അടുത്ത വർഷം ജിത്തു  'ആവേശ'ത്തിലെത്തിയപ്പോൾ ഫഹദ് ഫാസിലിനെപ്പോലൊരു വലിയ താരമായിരുന്നു പട നയിച്ചത്. 'പ്രകൃതിപ്പടങ്ങളി'ലെ അഭിനയ മികവിൽ കേന്ദ്രീകരിച്ചിരുന്ന ഫഹദിൻ്റെ ട്രാക്ക് തിരുത്തിയെഴുതുമാറ് തിരശ്ശീലയിൽ അയാളെ അഴിഞ്ഞാടാൻ വിട്ട ജിത്തു, 30 കോടി ചെലവിട്ട് 156 കോടി കലക്ഷനുമായി ഇൻഡസ്ട്രിയിലെ ടോപ് ടെൻ ഹിറ്റുകളിലൊന്നിൻ്റെ ശില്പിയായി മാറി.

വിജയ്‌യും രജ്നിയും കമലും അജിത്തും കഴിഞ്ഞാൽ തമിഴ് സിനിമയിൽ ഏറ്റവുമേറെ പ്രതിഫലം വാങ്ങുന്ന (45-60 കോടി)  സൂപ്പർ സ്റ്റാർ സൂര്യയാണ് ഇപ്പോൾ 'സീൻ' എന്ന മൂന്നാമത്തെ പടത്തിൽ ജിത്തുവിൻ്റെ നായകൻ. നിർമാണവും സൂര്യ തന്നെ ആയതിനാൽ പ്രതിഫലം മാറ്റി നിർത്തിയാൽ 30 കോടിയാണ് സീനിൻ്റെ ആകെ ബജറ്റ്. 100 കോടി ക്ലബിൽ പത്ത് തവണ കയറിയിട്ടുള്ള സൂര്യയുടെ കരിയറിലെ ഒരുപക്ഷേ ഹൈയസ്റ്റ് ഗ്രോസ്സർ ആയി സീൻ ഫിനിഷ് ചെയ്തേക്കാം.

ഈ മൂന്നേ മൂന്ന് പടങ്ങളിലൂടെ  റൈറ്റർ-ഡയറക്ടേർസ് സിഗ്‌നേയ്ചർ ജിത്തു പതിപ്പിച്ചു കഴിഞ്ഞു. തിയേറ്ററിൽ നിന്ന് തന്നെ കാണുക എന്നത് ജിത്തു പടങ്ങളുടെ ഒരു പ്രധാന മുന്നുപാധിയാണ്. നോൺസെൻസ് കോമഡിയും ബ്ലാക് ഹ്യൂമറും ആക്ഷനും/ഹൊററും കഥാപാത്രങ്ങളുടെ ടീം വർക്കുമാണ് അയാളുടെ തിരക്കഥകളുടെ അടിസ്ഥാന മസാലകൾ. അതിനെ മെയ്ക്കിങ്ങിൽ  ഒന്നൂടെ കത്തിച്ചെടുത്ത് ഓവർ ദി ടോപ്പ് ആയും ഭ്രാന്തമായും അയാൾ അവതരിപ്പിക്കുന്നു. ഴോൺറെ ഏതായാലും ക്വേർകി ആയ ട്രീറ്റ്മെൻ്റിലാണ്  ജിത്തുവിൻ്റെ കൈയൊപ്പ് കിടക്കുന്നത്. ഒരു തരത്തിലുള്ള ലോജിക്കിനും അതിൽ പ്രവേശനമില്ല. ഉൻമാദത്തോളമെത്തുന്ന ഒരു തരം വൈകാരികതയിലും വൈലക്ഷണതയിലും നീരാടുന്ന കഥാപാത്രങ്ങളുടെയും അവരുടെ സ്വഭാവ വൈചിത്ര്യങ്ങളുടെയും ആഘോഷമാണ് ജിത്തു മാധവൻ സിനിമകൾ. നട്ടും ബോൾട്ടും ബ്രേയ്ക്കും ലൂസായ ഒരു സൈക്കിൾ പോലെ അതിങ്ങനെ കുതറിയോടിക്കൊണ്ടിരിക്കും. ആ ഓട്ടത്തിൻ്റെ ഭാഷ പിന്തുടരുന്നവർ അയാളുടെ പടങ്ങൾ  നന്നായി ആസ്വദിക്കും. അല്ലാത്തവർ അതിനെ പരിഹസിച്ച് തള്ളുകയും ചെയ്യും.

'ആവേശ'ത്തിന് പിന്നാലെ 'സീനും' ആക്ഷൻ കോമഡി തന്നെയാണെങ്കിലും ക്രൈം ഇൻവെസ്റ്റിഗേഷനാണ് പ്രമേയം. ഒരൊറ്റ കഥാപാത്രത്തെ കേന്ദ്രീകരിക്കുന്നതിന് പകരം രണ്ട് പേരിലേക്ക് ഇത്തവണ കഥാഭാരം ഷെയർ ചെയ്യപ്പെടുന്നുണ്ട്. സൂര്യയുടെ ഡിഎസ്പി ഇമ്പ ഇരുദയരാജും നസ്‌ലൻ്റെ കൊടും ക്രൂരനായ സൈക്കോ/പ്രൊഫെഷനൽ സീരിയൽ കില്ലർ ഈശ്വരനും തമ്മിലാണ് പൊലീസ്-കില്ലർ ക്യാറ്റ് ആൻ്റ് മൗസ് ഗെയിം നടക്കുന്നത്. സൂര്യയ്ക്കൊപ്പം മായ (നസ്‌റിയ) എന്ന സഹായിയും  മാതാപിതാക്കളുമുണ്ട്;  നസ്‌ലനൊപ്പവും സഹായികളുണ്ട്. പക്ഷേ കഥ ക്യാരി ചെയ്യുന്നത്  സൂര്യയും നസ്‌ലനും തന്നെയാണ്. ആദ്യത്തെ അര മുക്കാൽ മണിക്കൂർ നേരം പ്രമേയം ലാൻ്റ് ചെയ്യിക്കുന്നതിൽ ജിത്തു സ്ട്രഗിൾ ചെയ്യുന്നു. ഇതാദ്യമായാണ് അയാൾക്കൊരു ഫ്ലൈയിങ് സ്റ്റാർട്ട് ലഭിക്കാതെ കാണുന്നത്. അപ്പോഴും അവതരണത്തിലെ ഭ്രമതാളം നഷ്‌ടമാകുന്നില്ലെന്ന് മാത്രം. ഏതാണ്ട് ഇടവേളയോടടുക്കുന്നതോടെയാണ് പടം കൃത്യമായി ഗിയറിൽ വീഴുന്നത്. ആവേശകരമായൊരു മൊമൻ്റിലേക്ക് ഇൻ്റർവെൽ ബ്ലോക്ക് സെറ്റ് ചെയ്ത ശേഷം ആ ത്രിൽ ഉടനീളം നിലനിർത്താനും  അതീവ രോമാഞ്ചദായകമായൊരു ക്ലൈമാക്‌സിലേക്ക് കൊണ്ടെത്തിക്കുവാനും ജിത്തുവിന് സാധിക്കുന്നു.

വീണ്ടും പൊലീസോഫിസറാകുന്നുവെങ്കിലും ഒരു പ്രത്യേക കാരണത്താൽ  സിങ്കത്തിൻ്റെ ശൗര്യം പ്രകടിപ്പിക്കുവാൻ ഇത്തവണ സൂര്യയുടെ കഥാപാത്രം പ്രാപ്തനല്ല. സ്റ്റണ്ട് ചെയ്യുന്നുണ്ടെങ്കിലും മസിൽ പവറിലല്ല ഇമ്പൻ്റെ കരുത്ത്. ക്രൈമിലും അത് മറച്ചുവെക്കുന്നതിലും ഈശ്വരൻ പ്രയോഗിക്കുന്നതും  മസിൽ പവറല്ല. കുശാഗ്ര ബുദ്ധിശാലികളാണ് ഇരുവരും. ബുദ്ധിയാണ് രണ്ട് പേരുടെയും മെയിൻ! ഈ സൂത്രശാലിത്വത്തിൻ്റെ സിബിഐ അയ്യരു കളിയ്ക്ക് പക്ഷേ ജിത്തു വലിയ പ്രാമുഖ്യം നൽകുന്നില്ലെന്ന് മാത്രം. അയാൾക്ക് പ്രിയം  അയാളുടെ പതിവ് ക്വാർകി സ്റ്റൈൽ തന്നെയാണ്.

നായക കഥാപാത്രത്തിൻ്റെ ശാരീരിക പരിമിതിയുടെയും  ജിത്തുവിൻ്റെ കഥനശൈലിയുടെയും ആനുകൂല്യം മുതലെടുക്കുന്നതും സ്കോർ ചെയ്യുന്നതും ഈശ്വരനാണ്. സ്വന്തം അച്‌ഛനെ കൊന്നുകളഞ്ഞ ശേഷം അയാളുടെ അതി ലാഘവത്വത്തോടെയുള്ള ഒരു ഡയലോഗുണ്ട്. അതിലുണ്ട് ആ കഥാപാത്രത്തിൻ്റെ കോൾഡ് ബ്ലഡഡ്നെസ്സിൻ്റെ ആഴം. സൂര്യയാണ് 'സീനി'ലെ നായകനെങ്കിലും നസ്‌ലനാണ് ഷോ സ്റ്റീലർ. സൂര്യയുടേത് നിസ്സംശയം നല്ല പ്രകടനമാണ്. അതീവ സുന്ദരമായ ലുക്‌സും സ്‌ക്രീൻ പ്രസൻസും മികച്ച പ്രകടനവും കൊണ്ട് അയാൾ പടം തോളിലേറ്റുന്നുണ്ട്.

പക്ഷേ അതിശയിപ്പിച്ചു കളഞ്ഞു നസ്‌ലൻ. 'ജെയ്‌ലറി'ൽ വിനായകൻ രജ്നിയെ ഞെട്ടിച്ചുവെങ്കിൽ 'സീനി'ൽ ഭരത് അവാർഡ് ജേതാവ് കൂടിയായ സൂര്യയെ നസ്‌ലൻ നിഷ്പ്രഭമാക്കിക്കളയുന്നു. സ്വാഭാവിക നർമവും പ്രണയവും നിറഞ്ഞ കഥകളിലെ അയത്‌നലളിതമായ അഭിനയ ശൈലി കൊണ്ട് മലയാളികളുടെ മനം കവർന്ന കൗമാര/യുവ നായകനാണെങ്കിലും പൈങ്കിളിക്കഥകൾക്കപ്പുറത്തൊരു കഥാപാത്രത്തിലേക്ക്, 'ലോക'യ്ക്ക് ശേഷം പോലും, ഈ ഇരുപത്തിയാറുകാരനെ ഇതു വരെ സങ്കൽപിക്കുവാൻ സാധിച്ചിരുന്നില്ല.

പക്ഷേ അണ്ടർ എസ്റ്റിമേഷൻ നിറഞ്ഞ മുൻവിധികളെ തൂത്തെറിഞ്ഞു കൊണ്ട് ഈശ്വരൻ എന്ന കൊടും ക്രിമിനലായി അയാൾ അരങ്ങു വാഴുകയാണ്. ഒരു തരത്തിലുള്ള ലൗഡ് ട്രാക്കുകളിലേക്കും വഴുതിപ്പോകാതെ തൻ്റെ കഥാപാത്രത്തിൻ്റെ ഗൂഢവ്യാജനമ്രതാളം സൂക്ഷ്‌മമായി ഏറ്റെടുക്കുന്ന നിയന്ത്രിതാഭിനയത്തിലൂടെ നസ്‌ലൻ അത്ഭുതപ്പെടുത്തുന്നു.

മഹാനടൻ മമ്മൂട്ടിയുടെ 'ഭ്രമയുഗ'ത്തിലെ ചിരിയുടെ മറ്റൊരു കോണിൽ നിന്നുകൊണ്ട്, ഓരോ ക്രൈമിന് ശേഷവും നസ്‌ലൻ ചിരിക്കുന്ന  ക്രൗര്യവും പൈശാചികതയും  സ്‌ഫുരിക്കുന്ന ഒരു ചിരിയുണ്ട്! മമിത റിജെക്റ്റ് ചെയ്യുമ്പോൾ മൂക്കൊലിപ്പിച്ച് നിലവിളിക്കുന്ന  പ്രേമലുവിലെ പാവം പയ്യനിൽ നിന്ന് പാകത വന്നൊരു അഭിനേതാവിലേക്കും വെള്ളിത്തിരയ്ക്ക് തീ പിടിപ്പിക്കുന്ന സൂപ്പർ താരത്തിലേക്കുമുള്ള നസ്‌ലൻ്റെ അവിശ്വസനീയവും ആവേശകരവുമായ വളർച്ചയെയാണ് ആ ചിരി അടയാളപ്പെടുതുന്നത്. പടത്തിലുടനീളം അയാൾ സൂക്ഷിക്കുന്ന ഭാവമികവിൻ്റെ ആ ഫയർ ക്ലൈമാക്സിൽ ആളിക്കത്തുമ്പോൾ തിയേറ്ററിലുയരുന്ന മേളപ്പെരുക്കത്തിൽ സാക്ഷാൽ സൂര്യയുടെ സ്വാഗ് പോലും നിസ്തേജമായിപ്പോകുന്നു.

സുഷിൻ ശ്യാമിൻ്റെ ഒന്നാന്തരം ഒറിജിനൽ സ്കോറിൻ്റെ താളത്തോട് ചുവടുവെച്ച് ക്ലൈമാക്സ് എൻട്രിയിൽ അയാൾ ഹിംസയുടെ നർത്തനമാടുമ്പോൾ ലാസ്യക്രൗര്യങ്ങളുടെ വൈരുധ്യാത്മക സാമഞ്ജസ്യം മനംമയക്കുന്ന രുദ്രസൗന്ദര്യമായി പരിണമിക്കുന്നു. ഒരേസമയം മികച്ചൊരഭിനേതാവും ഇൻഡസ്ട്രിയ്ക്ക് ഊർജമേകുന്ന വലിയൊരു താരവുമായി സിനിമയുടെ ബൃഹദാകാശങ്ങളിലേക്ക് നസ്‌ലൻ ജ്വലിച്ചുയരുന്നതിൻ്റെ നിദർശനം കൂടിയായി അതിനെ മനസ്സിലാക്കാം. ഉറപ്പിച്ചു പറയാം, വലിയ ഭാവിയാണയാൾ. 

‘രോമാഞ്ച’ത്തിന് സമാനമായി രണ്ടാം ഭാഗത്തിലേക്ക് വാതിൽ തുറന്നു വെച്ചാണ് സീൻ അവസാനിക്കുന്നത്. അവിടെ വികസിക്കുവാൻ പോകുന്ന ഒരു പ്രധാന വില്ലൻ കഥാപാത്രം/നടൻ ആദ്യ ഭാഗത്ത് കാമിയോ ആയി വരുന്നുണ്ട്. പക്ഷേ ഒട്ടും ഇംപ്രസീവായി തോന്നിയില്ല. വരാൻ പോകുന്ന മറ്റൊരു ബിഗ് ബജറ്റ് പാർട്ട്-2-വിനൊപ്പം സീൻ-2-വിലും തിളങ്ങാൻ സാധിച്ചാൽ അതയാൾക്ക് നൽകുക വൻ ബ്രേയ്ക്കാവും.

ജിത്തുവിൻ്റെ ട്രാക്ക് കൃത്യമായി പിടിച്ചെടുക്കുവാൻ സാധിക്കാഞ്ഞതിനാൽ ലാലിൻ്റെ പ്രകടനവും ഓവറായിപ്പോയി. എല്ലാ സിനിമകളിലും ഒരേ ഭാവവും മാനറിസവും ആവർത്തിക്കുന്നതിലെ മിടുക്ക് വർഷങ്ങൾക്ക് ശേഷവും നസ്‌റിയയ്ക്ക് നിലനിർത്താൻ സാധിച്ചു. സൂര്യയുടെ പിതാവിൻ്റെ റോളിൽ ആനന്ദരാജും ഇൻസ്പെക്റ്റർമാരായി വന്ന നടന്മാരും നന്നായിരുന്നു. വലിയ സംഗീതകാരന്മാർ വാഴുന്ന തമിഴ് സിനിമയിലേക്ക് സുഷിൻ ശ്യാമിന് മികവോടെ അരങ്ങേറാൻ സാധിച്ചുവെന്നതും സന്തോഷകരമായ കാര്യമാണ്. 

ഇൻ്റർവെല്ലിലേക്കടുക്കുന്ന രംഗങ്ങളിലും ഓട്ടോ/കാർ ചെയ്സ് സീനിലും അവസാന ഭാഗങ്ങളിലുമൊക്കെ സുഷിൻ്റെ പിടച്ചുകയറുന്ന പശ്ചാത്തല സംഗീതം പടത്തിന് നൽകുന്ന ഹൈ ഒട്ടും ചെറുതല്ല. വിനീതിൻ്റെ ദൃശ്യങ്ങളും അജ്മലിൻ്റെ എഡിറ്റും ഏറ്റവും മികച്ചു നിൽക്കുന്നത് ഇൻ്റീരിയർ, ഫൈറ്റ് സീക്വൻസുകളിലാണ്. സൂര്യയുടെ ഭാവനയിലെ ഭാര്യയായി ജ്യോതിക പ്രത്യക്ഷപ്പെടുന്നത് കൗതുകവും സൗന്ദര്യവും നിറഞ്ഞ ഒരാശയമായിരുന്നു. പരിമിതികളുണ്ട്; എന്നാലും തിയേറ്റർ മൂഡിൽ ആസ്വദിക്കാവുന്ന എൻ്റർടെയ്‌നറാണ്.

Summary

Directed by Jithu Madhavan, 'Scene' is an action-comedy film with the potential to become the biggest hit of Suriya's career. Nazlen steals the spotlight with a performance that even overshadows Suriya. Sushin Shyam's music and Nazlen's expressive acting add to the film's appeal. 'Scene' ends on a note that leaves the door open for a sequel.