

ഇന്ത്യയിലെ പ്രമുഖ ശീതള പാനീയ ബ്രാൻഡായ 'തംസ് അപി'ന് വേണ്ടി കൈകോർത്ത് മലയാളികളുടെ പ്രിയപ്പെട്ട സുഷിൻ ശ്യാമും ഹനുമാൻകൈൻഡും. ആഗോള ബ്രാൻഡ് കൂടെയായ 'തംസ് അപി'ന്റെ സിഗ്നേച്ചര്‍ പരസ്യഗാനമായ ‘ആജ് കുച്ച് തൂഫാനി കർതെ ഹെൻ’ സുഷിൻ ശ്യാമിന്റെ സംവിധാനകത്തിൽ പുനരാവിഷ്കരിച്ചിരിക്കുകയാണ്. റാപ്പർ ഹനുമാൻകൈൻഡിനൊപ്പം ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ബോളീവുഡ് ഗായകൻ വിശാൽ ദദ്‌ലാനിയാണ്. ഈ ഗാനത്തോടൊപ്പം, ‘ടേസ്റ്റ് ദ തണ്ടർ’ എന്ന സിഗ്നേച്ചർ ക്യാംപയിനിന് വലിയ വരവേൽപ്പാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.
വരുൺ ഗ്രോവറും ഹനുമാൻകൈൻഡും ചേർന്നാണ് ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്. ബിജോയ് ഷെട്ടിയാണ് മ്യൂസിക്ക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. വീഡിയോയിൽ, ഹനുമാൻകൈൻഡിനും, വിശാൽ ദദ്‌ലാനിക്കുമൊപ്പം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സൂര്യകുമാർ യാദവും റിങ്കു സിങ്ങും എത്തിയിട്ടുണ്ട്. ഇത്രയും ചിലവേറിയ പരസ്യത്തിന്റെ മുഖമായി രണ്ട് മലയാളികളെത്തിയതാണ് പ്രേക്ഷകർക്കിടയിൽ ചർച്ചവിഷയം. ഒഫീഷ്യൽ ചാനലിൽ റിലീസ് ചെയ്ത വിഡിയോയുടെ കമന്റുകളെല്ലാം തന്നെ സുഷിൻ ശ്യാമിനെയും ഹനുമാന്‍ കൈൻഡിനെയും പ്രകീർത്തിച്ചുകൊണ്ടുള്ളതാണ്.
English Summary: Malayalam talents Sushin Shyam and Hanumankind have teamed up for the new Thums Up campaign.