

ലോസ് ഏഞ്ചൽസ്: ലോകസിനിമ കാത്തിരുന്ന 98-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മൈക്കിൾ ബി ജോർദൻ നേടി. ‘സിന്നേഴ്സ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടിക്കുള്ള ഓസ്കർ ജെസി ബക്ലിക്ക് ലഭിച്ചു. ‘ഹാംനെറ്റ്’ എന്ന ചിത്രത്തിലെ പ്രകടനമാണ് പുരസ്കാരത്തിന് പിന്നിൽ. മികച്ച ചിത്രമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ “ഗോഡ് ഈസ് ഗുഡ്” എന്നാണ് മൈക്കിൾ ബി ജോർദൻ പ്രതികരിച്ചത്. പുരസ്കാരം അമ്മമാരുടെ പ്രക്ഷുബ്ധമായ മനസ്സിന് സമർപ്പിക്കുന്നുവെന്നാണ് മികച്ച നടിയായ ജെസി ബക്ലിയുടെ പ്രതികരണം. ചടങ്ങിലെ പ്രധാന വിജയിയായി മാറിയത് ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ ആണ്. മികച്ച ചിത്രം, സംവിധായകൻ, എഡിറ്റിംഗ്, സഹനടൻ, അവലംബിത തിരക്കഥ, കാസ്റ്റിംഗ് എന്നീ വിഭാഗങ്ങളിലായി ചിത്രത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.
സിന്നേഴ്സ്’ എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം ഓട്ടം ദുറാൾഡ് ആർകപോ നേടി. ഛായാഗ്രഹണ വിഭാഗത്തിൽ ഓസ്കർ നേടുന്ന ആദ്യ വനിതയെന്ന നേട്ടവും ഓട്ടം ദുറാൾഡ് ആർകപോ സ്വന്തമാക്കി. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് പുരസ്കാര സമർപ്പണച്ചടങ്ങ് നടന്നത്. മികച്ച സഹനടനുള്ള പുരസ്കാരം ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ എന്ന ചിത്രത്തിലൂടെ ഷോൺ പെൻ നേടി. ‘വെപ്പൺസ്’ എന്ന ഹൊറർ ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള പുരസ്കാരം എയ്മി മാഡിഗൻ നേടി.
ഇത്തവണത്തെ ഓസ്കാറിന്റെ പ്രധാന പ്രത്യേകത മികച്ച കാസ്റ്റിംഗിനുള്ള പുതിയ പുരസ്കാര വിഭാഗമായിരുന്നു. ഇതാദ്യമായാണ് ഈ വിഭാഗത്തിൽ പുരസ്കാരം പ്രഖ്യാപിക്കുന്നത്. ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ എന്ന ചിത്രത്തിലൂടെ കാസാന്ദ്ര പുരസ്കാരം നേടി. മികച്ച വിഷ്വൽ ഇഫക്റ്റ്സിനുള്ള പുരസ്കാരം ‘അവതാർ: ഫയർ ആൻഡ് ആഷ്’ നേടി. മികച്ച പ്രൊഡക്ഷൻ ഡിസൈൻ വിഭാഗത്തിൽ ‘ഫ്രാങ്കൻസ്റ്റൈൻ’ വിജയിച്ചു.
അതേസമയം പ്രശസ്ത കൊമേഡിയനായ കോനൻ ഒബ്രയൻ തുടർച്ചയായ രണ്ടാം വർഷവും ചടങ്ങിന് അവതാരകനായി എത്തി. ചടങ്ങിൽ വൻ താരനിര അണിനിരന്നു. ഹോളിവുഡ് താരങ്ങളായ റോബർട്ട് ഡൗണി ജൂനിയർ, ആൻ ഹാത്തവേ എന്നിവർക്കൊപ്പം ഇന്ത്യൻ നടിയായ പ്രിയങ്ക ചോപ്രയും വേദിയിലെത്തി. 2016ന് ശേഷം രണ്ടാമതായാണ് പ്രിയങ്ക ചോപ്ര ഓസ്കർ വേദിയിൽ അവതാരകയായി എത്തുന്നത്. 2023ൽ ദീപിക പദുക്കോൺയും ഈ നേട്ടം കൈവരിച്ചിരുന്നു.
English Summary: The 98th Academy Awards were announced in Los Angeles. Michael B. Jordan won Best Actor for Sinners, while Jessie Buckley received Best Actress for Hamnet. One Battle After Another emerged as the biggest winner, taking multiple awards including Best Picture and Best Director. Autumn Durald Arkapaw made history as the first woman to win the Oscar for Best Cinematography