

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച് ഗായിക അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസം തൃശ്ശൂരിൽ നടന്ന സ്റ്റേജ് ഷോയിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അഭിരാമിക്കെതിരെ വിമർശനങ്ങളും അധിക്ഷേപ കമന്റുകളും ശക്തമായത്. പാട്ടിനെയും നൃത്തത്തെയും ലക്ഷ്യമിട്ടുള്ള വിമർശനങ്ങൾക്ക് പുറമേ, കടുത്ത ബോഡി ഷേമിംഗും അവഹേളനവും അഭിരാമിക്ക് നേരിടേണ്ടി വന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട്, സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അഭിരാമി പ്രതികരിച്ചത്. സോഷ്യൽ മീഡിയ ഇന്ന് ക്രൂരതയുടെ മത്സരവേദിയായി മാറിയിരിക്കുകയാണെന്ന് അഭിരാമി പറഞ്ഞു. ഒരു ലൈവ് പ്രകടനത്തിനിടയിലെ ദൃശ്യങ്ങൾ വിവിധ കോണുകളിൽ ചിത്രീകരിച്ച് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്ന പ്രവണതയെയും അഭിരാമി വിമർശിച്ചു.
സ്റ്റേജ് ഷോ നിറഞ്ഞ സദസ്സിലായിരുന്നു നടന്നതെന്നും, തുടക്കം മുതൽ അവസാനം വരെ ജനങ്ങളുടെ സാന്നിധ്യവും പങ്കാളിത്തവും ഉണ്ടായിരുന്നെന്നും അഭിരാമി പറഞ്ഞു. സ്ഥിരമായി ഒരിടത്ത് നിൽക്കുന്ന ഗായികയല്ല താനെന്നും, ഒരു പെർഫോമറെന്ന നിലയിൽ ചലിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നത് സ്വാഭാവികമാണെന്നും അഭിരാമി വ്യക്തമാക്കി. ലൈവ് പ്രകടനങ്ങളിൽ പൂർണതയില്ലായമ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും, മറ്റു മനുഷ്യരോട് അനുകമ്പയും മാനവികതയും ഉണ്ടായിരിക്കുന്നത് നല്ലതാണെന്നും അഭിരാമി ചൂണ്ടിക്കാട്ടി.
സോഷ്യൽ മീഡിയയിൽ വ്യക്തികളെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും വിനോദമായി മാറിയിരിക്കുകയാണെന്നും, ലിംഗം, പ്രായം, സാഹചര്യം എന്നിവ ഒന്നും പരിഗണിക്കപ്പെടുന്നില്ലെന്നും അഭിരാമി വിമർശിച്ചു. മറ്റുള്ളവരെ വേദനിപ്പിക്കാനുള്ള മത്സരമാണ് പലപ്പോഴും സോഷ്യൽ മീഡിയയിൽ നടക്കുന്നതെന്നും, മറ്റുള്ളവരെ അവഹേളിക്കുന്ന സാധാരണ സംഭവമായാണ് സമൂഹത്തിൽ ചിത്രീകരിക്കപ്പെടുന്നത് എന്നും അഭിരാമി പറഞ്ഞു.
'വാക്കുകളേക്കാൾ വേദനിപ്പിക്കുന്നത്, ചിന്തയുടെ അഭാവമാണ്. വേദിയിൽ നിൽക്കുന്നവരും മനുഷ്യരാണെന്ന ബോധം പലർക്കുമില്ലാതാകുകയാണ്. എല്ലാ സംഗീതജ്ഞർക്കും അവരുടേതായ രീതിയിൽ കല അവതരിപ്പിക്കാനുള്ള അവകാശമുണ്ട്. അത് അവരുടെ നിലനിൽപ്പിനുള്ള അവകാശമാണ്,' - അഭിരാമി വ്യക്തമാക്കി.
English Summary : Singer and performer Abhirami Suresh responds to cyber attacks and body shaming following viral clips from a recent stage performance, calling for empathy and humanity on social media