

തനിക്ക് അഭിനയിക്കാൻ ആഗ്രഹമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഇപ്പോഴും വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് അദിതി റാവു ഹൈദരി. സിനിമയിലെത്തി വർഷങ്ങൾ പിന്നിട്ടിട്ടും മനസിനിണങ്ങുന്ന വേഷങ്ങൾ കണ്ടെത്തുക എളുപ്പമല്ലെന്നാണ് താരത്തിന്റെ തുറന്നുപറച്ചിൽ. താൽപര്യമില്ലാത്ത സിനിമകൾ സ്വീകരിക്കുന്നതിനുപകരം തനിക്ക് യോജിക്കുന്ന മികച്ച അവസരങ്ങൾക്കായി കാത്തിരിക്കാനാണ് തീരുമാനമെന്നും അദിതി വ്യക്തമാക്കി.
ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ സംവിധായകനും തിരക്കഥയ്ക്കുമാണ് താൻ പ്രധാന്യം നൽകുന്നതെന്ന് പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അദിതി പറഞ്ഞു. മനസ്സ് പറയുന്ന കാര്യങ്ങൾ ചെയ്യാനാണ് തനിക്ക് ഇഷ്ടം. മികച്ച സംവിധായകർ തന്നെ അവരുടെ സിനിമകളിലേക്ക് തിരഞ്ഞെടുക്കുന്ന ഒരു സാഹചര്യം ഉണ്ടാകണമെന്നാണ് ആഗ്രഹം. എന്നാൽ അത്തരത്തിലുള്ള അവസരങ്ങൾ എളുപ്പത്തിൽ ലഭിക്കില്ലെന്നും താരം കൂട്ടിച്ചേർത്തു.
"ഞാൻ എന്തെങ്കിലും ചെയ്യുന്നത് അത് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുള്ളതുകൊണ്ടാണ്. എന്റെ മനസ്സ് അത് ചെയ്യണമെന്ന് പറഞ്ഞാൽ ഞാൻ ചെയ്യും. ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ സംവിധായകനും എഴുത്തിനുമാണ് ഞാൻ പ്രാധാന്യം നൽകുന്നത്. മികച്ച സംവിധായകർ എന്നെ തിരഞ്ഞെടുക്കുന്ന ഒരിടത്ത് എത്തണമെന്നാണ് എപ്പോഴും ആഗ്രഹിച്ചത്. എന്നാൽ അത് എളുപ്പമുള്ള കാര്യമല്ല. എനിക്ക് ചെയ്യാൻ ആഗ്രഹമുള്ള തരത്തിലുള്ള സിനിമകൾ ലഭിക്കാനും ഇപ്പോഴും ഏറെ പരിശ്രമിക്കേണ്ടി വരുന്നുണ്ട്. അതിനായി കാത്തിരിക്കണം. പക്ഷേ ഞാൻ കാത്തിരിക്കും," എന്നാണ് അദിതി വ്യക്തമാക്കിയത്" അദിതി പറഞ്ഞു.
സിനിമാ മേഖലയിൽ പുറത്തുനിന്നുള്ള ഒരാളായതിനാൽ ഓരോ സിനിമയിലൂടെയും സ്വയം തെളിയിക്കേണ്ട സാഹചര്യമുണ്ടെന്നും താരം അഭിമുഖത്തിൽ വിശദീകരിച്ചു. എന്നാൽ ഇതൊരു പരാതിയായല്ല കാണുന്നതെന്നും അദിതി വ്യക്തമാക്കി. തനിക്ക് താൽപര്യമില്ലാത്ത കഥാപാത്രങ്ങൾക്കോ സിനിമകൾക്കോ സമ്മതം പറയാതെ സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുന്നതാണ് പ്രധാനമെന്നും താരം പറഞ്ഞു. മികച്ച കഥാപാത്രങ്ങൾ തന്നെ തേടിയെത്തുമെന്നാണ് വിശ്വാസമെന്നും പുതിയ കാര്യങ്ങൾ പഠിക്കാനും വ്യത്യസ്തമായ വേഷങ്ങൾ പരീക്ഷിക്കാനും ഇപ്പോഴും ആഗ്രഹമുണ്ടെന്നും അദിതി കൂട്ടിച്ചേർത്തു. എപ്പോഴും കൗതുകത്തോടെ കാര്യങ്ങളെ സമീപിക്കുന്ന ഒരാളായി തുടരാനാണ് താൽപര്യമെന്നും താരം പറഞ്ഞു.
കഠിനാധ്വാനത്തിലൂടെയായാലും സ്വന്തം ആഗ്രഹങ്ങളിൽ വിശ്വസിക്കുന്നതിലൂടെയായാലും ലക്ഷ്യമിടുന്ന ഇടത്ത് എത്തണമെന്നാണ് ആഗ്രഹമെന്നും കരിയറിലെ ഓരോ ചുവടും മുന്നോട്ടുള്ള പ്രയാസകരമായ യാത്രയുടെ ഭാഗമാണെന്നും താരം പറഞ്ഞു. അദിതി റാവു ഹൈദരി പ്രധാന വേഷത്തിലെത്തിയ 'പരിവാരിക് മനോരഞ്ജൻ' ഈ വെള്ളിയാഴ്ച സോണിലിവിലൂടെ റിലീസ് ചെയ്തു. പങ്കജ് ത്രിപാഠി, ബ്രിജേന്ദ്ര കാല, സുനിത രാജ്‌വാർ, മുകേഷ് തിവാരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Aditi Rao Hydari says finding films and characters that match her creative interests remains a challenge, even after years in the industry. The actor prefers to wait for meaningful opportunities rather than accept roles that do not appeal to her. She also spoke about navigating the industry as an outsider