

ഓർമ്മകളിൽ എന്നും തങ്ങിനിൽക്കുന്ന പ്രണയഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനംകവർന്ന ഗായകനും സംഗീതസംവിധായകനുമാണ് അദ്നാൻ സാമി. 'കഭി തോ നസർ മിലാവോ', 'തേരാ ചെഹ്റ', 'ഭീഗി ഭീഗി രാതോം മേം' തുടങ്ങിയ ഹിറ്റുകളിലൂടെ പ്രണയത്തിന്റെ മനോഹരഭാവങ്ങൾ പകർന്നുനൽകിയ അദ്നാൻ സാമി, തന്റെ പുതിയ സിംഗിൾ 'ഇഷ്ക് തമാശ'യുമായി വീണ്ടും എത്തുമ്പോൾ കേൾവിക്കാരെ കാത്തിരിക്കുന്നത് തികച്ചും വ്യത്യസ്തമായൊരു അനുഭവമാണ്. മഴയും പ്രണയവും പിയാനോയുമൊക്കെ വീണ്ടും പശ്ചാത്തലമാകുന്നുണ്ടെങ്കിലും, മുൻകാലങ്ങളിൽ കണ്ട ആ ശാന്തനായ പ്രണയഗായകനെയല്ല, മറിച്ച് അല്പം ദേഷ്യവും തീവ്രതയും നിറഞ്ഞ പുതിയ ഭാവത്തിലാണ് ഇതിൽ അദ്നാനെയ കാണാനാവുക. തന്റെ സംഗീതജീവിതത്തിൽ കഴിഞ്ഞ 30 വർഷമായി എന്തുകൊണ്ട് വലിയ പരീക്ഷണങ്ങൾക്ക് മുതിർന്നില്ല എന്നതിനെക്കുറിച്ച് തുറന്നുപറയുകയാണ് സാമി.
''മൂന്ന് പതിറ്റാണ്ട് മുമ്പ് ഞാൻ സംഗീതലോകത്തേക്ക് എത്തുമ്പോൾ കാസറ്റുകളുടെയും സിഡികളുടെയും കാലമായിരുന്നു. അക്കാലത്ത് സിനിമാ സംഗീതവും അതിനോട് സാമ്യമുള്ള ഇൻഡിപെൻഡന്റ് സംഗീതവും മാത്രമാണ് ആളുകൾ കൂടുതലായി കേട്ടിരുന്നത്. പിതാവ് നയതന്ത്രജ്ഞനായിരുന്നതിനാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കാനും വ്യത്യസ്ത സംഗീതരീതികൾ പരിചയപ്പെടാനും എനിക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ അന്നത്തെ ശരാശരി കേൾവിക്കാർ ഇത്തരം പുതിയ പരീക്ഷണങ്ങളെ സ്വീകരിക്കാൻ സജ്ജരായിരുന്നില്ല. അന്ന് ഒരു സിഡിയോ കാസറ്റോ വാങ്ങാൻ പണം ചെലവഴിക്കണമായിരുന്നു. റേഡിയോയിലോ ടിവിയിലോ കേട്ട് പരിചയമുള്ള പാട്ടുകളുടെ കാസറ്റുകൾ മാത്രമാണ് ആളുകൾ പണം കൊടുത്ത് വാങ്ങിയിരുന്നത്. അതിനാൽ കേൾവിക്കാർക്ക് പരിചയമില്ലാത്ത പരീക്ഷണങ്ങൾ പാട്ടുകളിൽ ഉൾപ്പെടുത്താൻ സാധിച്ചിരുന്നില്ല'' സാമി പറഞ്ഞു.
പാട്ടുകളിൽ വൈവിധ്യം കൊണ്ടുവരാൻ ശ്രമിച്ചിരുന്നെങ്കിലും ഒരു പരിധിക്ക് അപ്പുറത്തേക്ക് പോകാൻ സാധിച്ചിരുന്നില്ലന്നും ലത്തീൻ സംഗീതശൈലിയിൽ ഒരുക്കിയ 'ലക്കി ലിപ്സ്' എന്ന ഗാനത്തിലും, അതുപോലെ 'തേരാ ചെഹ്റ'യിലുമെല്ലാം തബലയും ധോലകും ചേർക്കേണ്ടി വന്നത് തദ്ദേശീയമായ ഒരു ഈണം കേൾവിക്കാർക്ക് നൽകാൻ വേണ്ടിയായിരുന്നുവെന്നും സാമി വ്യക്തമാക്കി. തബലയും ധോലകും വേണ്ടെന്ന് നിർമ്മാതാക്കൾ പറഞ്ഞപ്പോഴും 'ദേസി തട്ക' ചേർക്കാൻ താൻ നിർബന്ധം പിടിക്കുകയായിരുന്നുവെന്ന് സാമി ഓർക്കുന്നു.
സിഡികളും കാസറ്റുകളും മാറി ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ സജീവമായതോടെയാണ് കാര്യങ്ങൾ മാറിയത്. ഇന്ന് ചെറിയൊരു വരിസംഖ്യ അടച്ചാൽ ലോകത്തിന്റെ ഏത് കോണിലെ സംഗീതവും ആളുകൾക്ക് കേൾക്കാം. കേൾവിക്കാരുടെ ആസ്വാദനരീതി മാറിയതോടെ സംഗീതജ്ഞർക്ക് തങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പരീക്ഷണങ്ങൾ നടത്താനുള്ള സ്വാതന്ത്ര്യം ലഭിച്ചു. മനസ്സിൽ അടക്കിവെച്ചിരുന്ന വ്യത്യസ്ത സംഗീതശൈലികൾ പുറത്തെടുക്കാൻ ഇപ്പോഴത്തെ ഡിജിറ്റൽ യുഗം സഹായിക്കുന്നുണ്ടെന്ന് അദ്നാൻ സാമി പറയുന്നു. പുതിയ പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്ന സീ മ്യൂസിക് കമ്പനിക്ക് ഒപ്പമുള്ള പ്രവർത്തനം മികച്ച അനുഭവമാണെന്നും സാമി കൂട്ടിച്ചേർത്തു
Celebrated singer, composer, and pianist Adnan Sami, known for timeless romantic hits such as Kabhi To Nazar Milao, Tera Chehra, and Bheegi Bheegi Raaton Mein, has returned with his new single "Ishq Tamasha." While the song retains familiar elements like rain, romance, and piano, it presents a more intense and emotionally charged side of the artist. Reflecting on his three-decade-long musical journey, Sami also spoke about why he largely avoided major stylistic experiments over the past 30 years, saying his focus had always been on staying true to his musical identity.