21 കോടി രൂപയും, 'വിഗ്ഗും' കിട്ടാതെ അഭിനയിക്കില്ല; അക്ഷയ് ഖന്നയ്ക്കെതിരെ വക്കീൽ നോട്ടീസ്

'ധുരന്ദറി'ന്റെ വിജയത്തിന് ശേഷം, താരം വമ്പൻ പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ കലഹങ്ങൾ മൂലമാണ് ഈ തീരുമാനം.
Akshay Khanna - Drishyam 3
Akshay Khanna - Drishyam 3image credits: Drishyam 2
Published on

ഒന്നിലേറെ ഭാഷകളിൽ, 2026ൽ പ്രേക്ഷകർ ഉറ്റുനോക്കുന്ന ചിത്രമാണ് 'ദൃശ്യം 3'. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാലും മീനയും പ്രധാന വേഷങ്ങൾ ചെയ്ത് 2013ൽ പുറത്തിറങ്ങിയ ചിത്രം, കമൽ ഹാസൻ നായകനായി തമിഴിലേക്കും അജയ് ദേവ്ഗൺ നായകനായി ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. 'ദൃശ്യം 3' ഹിന്ദി പതിപ്പിന്റെ റിലീസ് തിയതി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ, ചിത്രത്തിലെ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കാനിരുന്ന അക്ഷയ് ഖന്ന ചിത്രത്തിൽ നിന്നും പിന്മാറി എന്ന വാർത്തയാണ് പുറത്തുവരുന്നത്.

അക്ഷയ് ഖന്ന വില്ലൻ വേഷത്തിലെത്തിയ 'ധുരന്ദറി'ന്റെ വിജയത്തിന് ശേഷം, താരം വമ്പൻ പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ കലഹങ്ങൾ മൂലമാണ് ഈ തീരുമാനം. അതുപോലെ, 'ദൃശ്യ'ത്തിന്റെ രണ്ടാം ഭാ​ഗത്തിൽ വിഗ്ഗില്ലാതെയാണ് ഖന്ന അഭിനയിച്ചത്. എന്നാൽ, മൂന്നാം ഭാഗത്തിൽ അഭിനയിക്കാൻ താരം വിഗ് ആവശ്യപ്പെട്ടെന്നും, ഈ മാറ്റം കഥയെ ബാധിക്കും എന്നതിൽ നിർമാതാക്കൾക്ക് അതൃപ്തി ഉണ്ടായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

അക്ഷയ് ഖന്നയ്ക്ക് കഴിഞ്ഞ മാസം അഡ്വാൻസ് തുക നൽകിയ ശേഷമാണ് കരാറിൽ ഒപ്പുവെച്ചതെന്നും, അതിന് മുൻപ് തന്നെ പ്രതിഫലം സംബന്ധിച്ച് മൂന്നുതവണ ചർച്ച നടത്തിയതാണെന്നും ചിത്രത്തിന്റെ നിർമാതാവ് കുമാർ മംഗത് പതക് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. പ്രതിഫലം കൂട്ടണം എന്ന ആവശ്യം അം​ഗീകരിക്കാതിരുന്നപ്പോൾ, ചിത്രത്തിൽ നിന്നും പിന്മാറുന്നു എന്ന് ടെക്സ്റ്റ് മെസേജിലൂടെയാണ് താരം അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരാർ പാലിക്കണമെന്നും, അല്ലാത്തപക്ഷം താരത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും അറിയിച്ച് വക്കീൽ നോട്ടീസ് അയച്ചെങ്കിലും, ഒരാഴ്ചയ്ക്കിപ്പുറവും അക്ഷയ് നോട്ടീസിനോട് പ്രതികരിച്ചിട്ടില്ലെന്നാണ് കുമാർ മംഗത് പറയുന്നത്. താരത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റാർ സ്റ്റുഡിയോ 18-ന്റെ ബാനറിൽ അലോക് ജെയിൻ, അജിത് അന്ധാരേ, കുമാർ മംഗത് പതക്, അഭിഷേക് പതക് എന്നിവരാണ് 'ദൃശ്യം 3' നിർമ്മിക്കുന്നത്. ഷൂട്ടിംങ് ആരംഭിക്കുന്നതിന് 10 ദിവസം മുൻപാണ് അക്ഷയ് സിനിമയിൽനിന്ന് പിൻമാറിയിരിക്കുന്നത്.

English Summary: Producer Kumar Mangat has sent a legal notice to actor Akshaye Khanna after he backed out of Drishyam 3 just 10 days before shooting

Related Stories

No stories found.
Madism Digital
madismdigital.com