ബോളിവുഡിലെ കൾട്ട് ക്ലാസിക് ഫാന്റസി-ഹൊറർ ചിത്രമായ 'തുമ്പാഡി'ന്റെ (Tumbbad) രണ്ടാം ഭാഗത്തിൽ നടി ആലിയ ഭട്ട് പ്രധാന വേഷത്തിൽ എത്തുന്നു. നടനും നിർമാതാവുമായ സോഹം ഷാ, നവാസുദ്ദീൻ സിദ്ദിഖി എന്നിവർക്കൊപ്പമാണ് ആലിയയും ഈ ചിത്രത്തിന്റെ ഭാഗമാകുന്നത്. എന്നാൽ ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ, വലിയ താരമൂല്യമുള്ള ഒരു നടിയെ ഉൾപ്പെടുത്തുന്നത് ചിത്രത്തിന്റെ യഥാർത്ഥ സ്വഭാവത്തെ ബാധിക്കുമോ എന്ന ചർച്ചയും ആരാധകർക്കിടയിൽ സജീവമായിട്ടുണ്ട്.
2018-ൽ പുറത്തിറങ്ങിയ 'തുമ്പാഡ്' വലിയ താരനിരയുടെ പിൻബലത്തിലല്ല വിജയം നേടിയത്. ഭയപ്പെടുത്തുന്ന അന്തരീക്ഷം, അവസാനിക്കാത്ത മഴ, മനുഷ്യന്റെ അത്യാഗ്രഹം വരുത്തിവെക്കുന്ന ശാപം എന്നിവ അതിമനോഹരമായി അവതരിപ്പിച്ചതായിരുന്നു ആ സിനിമയുടെ ജീവൻ. അന്ന് വലിയ താരപരിവേഷമില്ലാതിരുന്ന സോഹം ഷാ ആയിരുന്നു നായകൻ. കഥയും പശ്ചാത്തലവും ആയിരുന്നു ആ സിനിമയിലെ യഥാർത്ഥ താരങ്ങൾ.
അതുകൊണ്ട് തന്നെ ആലിയ ഭട്ടിനെപ്പോലെ ബോളിവുഡിലെ മുൻനിരയിലുള്ള ഒരു താരം എത്തുമ്പോൾ, സിനിമയുടെ ആ പഴയ തനിമയും നിഗൂഢതയും നഷ്ടപ്പെട്ട് അതൊരു വലിയ കൊമേഴ്സ്യൽ ചിത്രമായി മാറിപ്പോകുമോ എന്നാണ് ആരാധകർ ഭയപ്പെടുന്നത്. ഗംഗുബായ് കത്തിയവാഡി, റാസി തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ അഭിനയശേഷി തെളിയിച്ച നടിയാണ് ആലിയ എങ്കിലും, ഈ ആശങ്ക അവരുടെ കഴിവിനെക്കുറിച്ചല്ല, മറിച്ച് സിനിമയുടെ ആത്മാവ് നഷ്ടപ്പെടുമോ എന്നതിനെക്കുറിച്ചാണ്.
ആദ്യ ഭാഗത്തിന്റെ സഹ-സംവിധായകനും രചയിതാവുമായ രാഹി അനിൽ ബാർവെയുടെ അഭാവമാണ് മറ്റൊരു പ്രധാന വെല്ലുവിളിയായി ചൂണ്ടിക്കാണിക്കുന്നത്. ഈ ലോകം സൃഷ്ടിച്ച അദ്ദേഹം രണ്ടാം ഭാഗത്തിൽ ഇല്ല. നിർമാതാവ് കൂടിയായ സോഹം ഷാ മുന്നോട്ട് കൊണ്ടുപോകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആദേശ് പ്രസാദാണ്. ചിത്രത്തിന്റെ ആദ്യ സ്രഷ്ടാവ് ഇല്ലാതെ വരുമ്പോൾ തുമ്പാഡിന്റെ യഥാർത്ഥ ആത്മാവ് നിലനിർത്താനാകുമോ എന്നതും വലിയൊരു ചോദ്യമാണ്.
തുംബാഡിന്റെ ആദ്യ ഭാഗത്തിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് വലിയ പ്രാധാന്യം ഉണ്ടായിരുന്നില്ല. നായകന്റെ ഭാര്യയായ വൈദേഹി മാത്രമായിരുന്നു അല്പമെങ്കിലും സ്ക്രീൻ സ്പേസ് ഉണ്ടായിരുന്ന കഥാപാത്രം. അങ്ങനെയൊരു കഥാപശ്ചാത്തലത്തിലേക്ക് ആലിയ ഭട്ടിനെപ്പോലെ സ്വന്തം പേരിലോടുന്ന ഒരു നായിക എത്തുമ്പോൾ, അവർക്ക് വേണ്ടി മാത്രം ചിത്രത്തിൽ ഒരു പുതിയ കഥാപാത്രത്തെ എഴുതിച്ചേർക്കേണ്ടി വരുമോ എന്ന സംശയവും ഉയരുന്നുണ്ട്.
"ഒരു പുതിയ അധ്യായം ആരംഭിക്കുന്നു. തുമ്പാഡ് 2-ലേക്ക് സ്വാഗതം ആലിയ ഭട്ട് (#PralayAayega)" എന്ന് സോഹം ഷാ സമൂഹ മാധ്യമങ്ങളിൽ കുറിച്ചുകൊണ്ട് ആലിയയെ ഔദ്യോഗികമായി സ്വാഗതം ചെയ്തു. ആദ്യമായി കണ്ടപ്പോൾ മുതൽ തുമ്പാഡ് എന്ന ചിത്രം തന്റെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ടെന്നും, ഇത്രത്തോളം മികച്ചൊരു ലോകം സൃഷ്ടിച്ച സോഹം ഷായ്ക്കും താൻ ആരാധിക്കുന്ന നവാസുദ്ദീൻ സിദ്ദിഖിക്കുമൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ആലിയ ഭട്ടും പ്രതികരിച്ചു.
കൂടുതൽ പ്രേക്ഷകരിലേക്ക് എത്താനായി വലിയ താരങ്ങളെ ഉൾപ്പെടുത്തുമ്പോൾ സിനിമയുടെ ദുരൂഹതകൾ അതേപടി നിലനിൽക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം ചിത്രം പുറത്തിറങ്ങുമ്പോൾ മാത്രമേ ലഭിക്കൂ. 2027 ഡിസംബർ 3-നാണ് തുമ്പാഡ് 2 തിയറ്ററുകളിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്.
Alia Bhatt has officially joined the cast of Tumbbad 2, alongside Sohum Shah and Nawazuddin Siddiqui, sparking a debate among fans of the 2018 cult fantasy-horror film. While Bhatt’s acting abilities are not in question, fans are concerned that casting a mainstream Bollywood star might dilute the raw, unsettling atmosphere that made the original film so special. The first Tumbbad succeeded largely because it lacked typical star power; its eerie setting, continuous rain, and gripping story of greed were the main attractions, carried by Sohum Shah, who was not a major star at the time.