

കരാർ ലംഘനത്തിൽ നടൻ ബിജു മേനോനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നിർമ്മാതാവ് അനൂപ് കണ്ണൻ. നേരത്തെ കരാര്‍ ഉണ്ടായിട്ടും സിനിമാ പ്രമോഷന്‍ വേദികളില്‍ നിന്ന് പ്രമുഖ താരങ്ങള്‍ വിട്ടുനില്‍ക്കുന്നതിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് നടനെതിരെ അനൂപ് കണ്ണൻ നിയമ നടപടി സ്വീകരിക്കുമെന്ന് മാധ്യമങ്ങളെ അറിയിച്ചത്.
കരാറില്‍ ഒപ്പിട്ട ശേഷവും, ചിത്രത്തിന്റെ പ്രമോഷനായി നടന്‍ ബിജു മേനോന്‍ വരാതിരുന്നത് നിര്‍മ്മാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നും, ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. നിയമനടപടി എടുക്കാമെന്ന് പ്രൊഡ്യൂസർസ് അസോസിയേഷൻ ഉറപ്പ് നൽകിയിരുന്നുവെന്നും അനൂപ് കണ്ണൻ പറഞ്ഞു. പ്രമോഷന് വരാമെന്ന് സമ്മതിച്ചിട്ടും, നടൻ അവസാന നിമിഷം പിന്മാറുകയായിരുന്നു. ബിജു മേനോനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല എന്നും അനൂപ് കണ്ണൻ വ്യക്തമാക്കി.
ബി ഉണ്ണികൃഷ്ണന്റെ വാക്കുകള്‍:
മലയാള സിനിമയിലെ പ്രധാനപ്പെട്ട നടന്‍ പ്രമോഷനില്‍ പങ്കെടുക്കാത്തതുകൊണ്ട്, ആ സിനിമയുടെ നിര്‍മ്മാതാവിന്, നഷ്ടം 25 ലക്ഷം രൂപയാണ്. ചാനലില്‍ നിന്നും കിട്ടുന്ന തുകയിലാണ് ഈ ഇടിവുണ്ടായത്. ആ നിര്‍മ്മാതാവ് ഫെഫ്കയുടെ മെമ്പര്‍ കൂടെയാണ്. ചെറിയൊരു തുകയാണോ അത്?. അതേ നടന്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയുടെ (വലതുവശത്തെ കള്ളന്‍) പ്രമോഷനും പോയിട്ടില്ല. ഞാന്‍ ബിജു മേനോനെക്കുറിച്ചാണ് സംസാരിക്കുന്നത്. എനിക്ക് പേര് പറയാന്‍ മടിയില്ല.
സിനിമ പ്രമോഷന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കരാറിലുള്ളതല്ലേ? വേതന വ്യവസ്ഥയില്‍ തര്‍ക്കിക്കുന്നതിന്റെ പത്ത് ശതമാനം കാര്‍ക്കശ്യം ഇക്കാര്യത്തില്‍ കാണിച്ചൂടെ?. സിനിമ പ്രെമോട്ട് ചെയ്യാനുള്ള ബാധ്യത തനിക്കാണെന്ന് കരാറില്‍ ഒപ്പിടും, എന്നിട്ടും അതിന് പോകാതിരിക്കും. ഇത്തരം കാര്യങ്ങളില്‍ മാറ്റം അനിവാര്യമാണ്.
English Summary: Producer Anoop Kannan said he will take legal action against actor Biju Menon for skipping film promotions despite a contract.