

ഓസ്‌കറിലേക്ക് ഇന്ത്യ പലപ്പോഴും “തെറ്റായ സിനിമകളെയാണ്” തിരഞ്ഞെടുക്കുന്നത് എന്ന അനുരാഗ് കശ്യപിന്റെ പരാമർശത്തോട് പ്രതികരിച്ച് ഗൊന്ധൽ’ സംവിധായകൻ സന്തോഷ് ദവാഖർ.
മറാത്തി ചിത്രം ‘ഗൊന്ധൽ’ 99-ാമത് അക്കാദമി അവാർഡിലെ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യയുടെ തിരഞ്ഞെടുപ്പിൽ സംവിധായകൻ അനുരാഗ് കശ്യപ് പൂർണമായി തൃപ്തനായിരുന്നില്ല. ഓസ്‌കറിലേക്ക് ഇന്ത്യ പലപ്പോഴും “തെറ്റായ സിനിമകളെയാണ്” തിരഞ്ഞെടുക്കുന്നതെന്നായിരുന്നു അനുരാഗ് കശ്യപിന്റെ പ്രതികരണം. ‘ദി ലഞ്ച്ബോക്സ്’, ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്നീ ചിത്രങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇന്ത്യയിൽ നിന്ന് ഓസ്‌കറിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടിയിരുന്നത് ഈ ചിത്രങ്ങളായിരുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്.
വെറൈറ്റി ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇന്ത്യയ്ക്ക് ഓസ്‌കറിൽ കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയാത്തതിന്റെ കാരണത്തെക്കുറിച്ച് അനുരാഗ് കശ്യപ് സംസാരിച്ചു. “കാരണം നമ്മൾ തിരഞ്ഞെടുക്കുന്നത് തീർത്തും തെറ്റായ സിനിമകളാണ്. ‘ദി ലഞ്ച്ബോക്സ്’, ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ പോലുള്ള ശരിയായ സിനിമകൾ തിരഞ്ഞെടുക്കാൻ അവസരം ലഭിച്ചപ്പോഴും നമ്മൾ അത് നശിപ്പിച്ചു,” അനുരാഗ് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ “രാഷ്ട്രീയമുണ്ട്” എന്ന അഭിപ്രായത്തോടും അനുരാഗ് യോജിച്ചു. വിഷയത്തിൽ വേണ്ടത്ര അവബോധമില്ലാത്തതും ഒരു പ്രശ്നമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർഷം ഓസ്‌കറിലെ മത്സരം പ്രത്യേകിച്ച് കടുത്തതാണെന്നും അന്താരാഷ്ട്ര എൻട്രികളോട് മത്സരിച്ച് മുന്നിലെത്തുക ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ‘ഗൊന്ധൽ’ എന്ന ചിത്രത്തെക്കുറിച്ച് ഇപ്പോൾ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അനുരാഗ് വ്യക്തമാക്കി. ‘ഗൊന്ധൽ‘ അടക്കം മറ്റ് നിരവധി എൻട്രികളും താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“യോഗ്യത നിശ്ചയിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡം സിനിമ ഇന്ത്യയ്ക്ക് പുറത്തുള്ള ഏതെങ്കിലും അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരിക്കണമെന്നോ, ഒരു വർഷത്തിനുള്ളൽ അമേരിക്കൻ വിതരണമോ ഒരു അമേരിക്കൻ വിതരണക്കാരനോ ഉണ്ടായിരിക്കണമെന്നോ ആയിരിക്കണം. ‘ഗൊന്ധൽ’ ആദ്യം ചലച്ചിത്രമേളകളിലൂടെ പ്രേക്ഷകരിലേക്ക് എത്താൻ ശ്രമിക്കണം. അതായിരിക്കണം ആദ്യപടി. അല്ലെങ്കിൽ പ്രദർശനങ്ങൾക്കോ പരസ്യങ്ങൾക്കോ ചെലവഴിക്കുന്ന മുഴുവൻ പണവും പാഴാകും. കൂടാതെ, IFFI അംഗീകൃത ഇന്ത്യൻ ചലച്ചിത്രമേളയാണ്. ‘ഗൊന്ധൽ’ അവിടെ സിൽവർ പീക്കോക്ക് പുരസ്‌കാരം നേടിയിട്ടുണ്ടെങ്കിൽ, അന്താരാഷ്ട്ര ശ്രദ്ധ നേടുന്നതിനായി പ്രാദേശിക IFFI വിജയികളെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് അയയ്ക്കുന്നതിൽ NFDC പങ്ക് വഹിക്കണം.” അനുരാഗ് കശ്യപ് പറഞ്ഞു.
തുടർന്ന്, അനുരാഗ് കശ്യപിന്റെ പരാമർശത്തോട് പ്രതികരിച്ച് ‘ഗൊന്ധൽ’ സംവിധായകൻ സന്തോഷ് ദവാഖർ സോഷ്യൽ മീഡിയയിൽ കമന്റുമായി എത്തി. “അനുരാഗ് കശ്യപ് സാറിനെയും അദ്ദേഹത്തിന്റെ സിനിമാ പ്രവർത്തനങ്ങളെയും ഞാൻ ഏറെ ബഹുമാനിക്കുന്നു. ഏപ്രിൽ 26ന് രാത്രി ബെംഗളൂരു-മുംബൈ വിമാനത്തിൽവച്ച് ഞാൻ അദ്ദേഹത്തിന് ‘ഗൊന്ധൽ’ സിനിമയെ പരിചയപ്പെടുത്തിയിരുന്നു. ചിത്രം കണ്ടിട്ടില്ലെന്നും ഇതേക്കുറിച്ച് കേട്ടിട്ടില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞു. എന്നാൽ തീർച്ചയായും സിനിമ കാണുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നു. അതിനുശേഷം ‘ഗൊന്ധൽ’ പൊതുവായി ലഭ്യമായിട്ടില്ല. മുംബൈയിലും ചിത്രം പ്രദർശിപ്പിച്ചിട്ടില്ല,” സന്തോഷ് ദവാഖർ കുറിച്ചു.
“വിധി പറയുന്നതിന് മുമ്പ് സിനിമ കാണണമെന്ന് എല്ലാ പ്രേക്ഷകരോടും വിനീതമായി അഭ്യർഥിക്കുന്നു. സിനിമാ മേഖലയ്ക്ക് പുറത്തുനിന്നുള്ള ഒരു നവാഗത സംവിധായകൻ ഒരുക്കിയ ‘ഗൊന്ധൽ’, മറാത്തി സംസ്കാരത്തെ ആഗോള പ്രേക്ഷകർക്കും അനുയോജ്യമായ രീതിയിൽ അവതരിപ്പിക്കുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്. ഒടിടിയ്ക്കുവേണ്ടിയല്ല, ബിഗ് സ്‌ക്രീനിൽ കാണുന്നതിനായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വരാനിരിക്കുന്ന റീ-റിലീസിൽ ചിത്രം തിയറ്ററുകളിൽ എത്തുമ്പോൾ എല്ലാവരും കാണണമെന്നും ലോകത്തിന് മുന്നിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഈ യാത്രയിൽ ഞങ്ങൾക്കൊപ്പം നിൽക്കണമെന്നും അഭ്യർഥിക്കുന്നു,“ അദ്ദേഹം കുറിച്ചു.
മഹാരാഷ്ട്രയിലെ ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ‘ഗോന്ധൽ’ പരമ്പരാഗത ഗോന്ധൽ അനുഷ്ഠാനത്തെ കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോകുന്നത്. സാംസ്കാരവും പാരമ്പര്യങ്ങളും വ്യക്തിപരമായ ആഗ്രഹങ്ങളും മനുഷ്യന്റെ ദുർബലതകളും തമ്മിലുള്ള സംഘർഷങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.അസന്തുഷ്ടമായ ദാമ്പത്യജീവിതത്തിൽ കുടുങ്ങിക്കിടക്കുന്ന സുമൻ എന്ന സ്ത്രീയാണ് കഥയിലെ കേന്ദ്ര കഥാപാത്രം. തന്റെ ഭർത്താവിനെയും ഒരു ഗോന്ധളി കലാകാരനെയും ഉൾപ്പെടുത്തി ആസൂത്രണം ചെയ്യുന്ന ഒരു അപകടകരമായ പദ്ധതിയിൽ സുമൻ അകപ്പെടുന്നതോടെയാണ് കഥ കൂടുതൽ സങ്കീർണമാകുന്നത്.
2025ൽ നടന്ന 56-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ ‘ഗോന്ധൽ’ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ സംവിധായകൻ സന്തോഷ് ദവാഖറിന് മികച്ച സംവിധായകനുള്ള സിൽവർ പീക്കോക്ക് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2025 നവംബർ 14ന് മഹാരാഷ്ട്രയിലെ തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള ഓസ്കാർ പുരസ്കാരം ഇതുവരെ ഇന്ത്യയ്ക്ക് നേടാനായിട്ടില്ല. 2027 മാർച്ച് 14ന് ഹോളിവുഡിലെ ഡോൾബി തിയറ്ററിലാണ് 99-ാമത് ഓസ്കർ പുരസ്കാരച്ചടങ്ങ് നടക്കുക. കോണൻ ഒബ്രിയൻ ചടങ്ങിൽ അവതാരകനാകും.
Marathi film Gondhal, India’s official Oscar entry, has sparked debate after Anurag Kashyap criticised India’s Oscar selection process. Gondhal director Santosh Davakhar responded, urging audiences to watch the film before judging it. He highlighted its festival recognition, global appeal, and responsibility of representing India at the Academy Awards.