

ഹിന്ദുമത വിശ്വാസിയാണെന്ന് തുറന്നു പറഞ്ഞതിന്റെ പേരിൽ നിരവധി മോശം അനുഭവങ്ങൾ നേരിട്ടിട്ടുണ്ടെന്ന് നടി അനുശ്രീ. കൊട്ടാരക്കരയിൽ നടന്ന ഹിന്ദു ഏകതാ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. തനിക്ക് ഏറ്റവും പ്രധാനപ്പെട്ടത് സ്വന്തം വിശ്വാസങ്ങളാണെന്നും അതിൽ നിന്ന് പിന്മാറാൻ ഒരിക്കലും തയ്യാറായിട്ടില്ലെന്നും അനുശ്രീ പറഞ്ഞു.
ഹിന്ദു സംസ്‌കാരത്തിൽ ജീവിക്കാനാണ് ആഗ്രഹമെന്ന് തുറന്ന് പറയാൻ മടിയില്ലാത്ത ആളാണ് താൻ. സ്വന്തം വിശ്വാസങ്ങൾ ഇതുവരെ മറച്ചുവച്ചിട്ടില്ല. ഇത്തരത്തിലുള്ള തുറന്ന നിലപാടുകളുടെ പേരിൽ വിവിധ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിൽ ഒരിക്കലും കുറ്റബോധം തോന്നിയിട്ടില്ല. വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതിൽ അഭിമാനക്കുറവ് തോന്നേണ്ടതില്ല, അനുശ്രീ പറഞ്ഞു.
ഹിന്ദു എന്നത് ഒരു മതമാണെന്ന് ആരും തന്നെ പഠിപ്പിച്ചിട്ടില്ലെന്നും, അത് ഒരു സംസ്‌കാരവും ധാർമികതയുമാണെന്ന ബോധ്യമാണ് മാതാപിതാക്കളും ഗുരുക്കന്മാരും നൽകിയതെന്നും അനുശ്രീ ചൂണ്ടിക്കാട്ടി. ബാലഗോകുലത്തിൽ പങ്കെടുത്ത അനുഭവം തന്നെ ഈ സംസ്‌കാരത്തോടുള്ള ഉറച്ച നിലപാടിന് കാരണമായിരിക്കാമെന്നും താരം അഭിപ്രായപ്പെട്ടു.
ഇപ്പോഴത്തെ തലമുറയ്ക്ക് ഹൈന്ദവമത്തേയും, സംസ്‌കാരത്തേയും സംബന്ധിച്ച ബോധവൽക്കരണം കുറവാണെന്ന ആശങ്കയും അനുശ്രീ പ്രകടിപ്പിച്ചു. ബാലഗോകുലത്തിൽ പോയത് മതതീവ്രവാദത്തിനല്ല, കഥകൾ കേൾക്കാനും കടമകൾ മനസ്സിലാക്കാനുമാണെന്നും താരം പറഞ്ഞു. പുതിയ തലമുറയ്ക്ക് ഇതിൽ താൽപര്യമുണ്ടോ എന്നത് സംശയകരമാണെന്നും, അതിനാൽ സംസ്‌കാരം താഴോട്ടുപോകുന്ന സാഹചര്യമാണുണ്ടാകുന്നതെന്നും അനുശ്രീ അഭിപ്രായപ്പെട്ടു.
English Summary: Anusree said she has faced various experiences for openly expressing her Hindu faith, describing Hinduism as a culture and way of life, and affirmed that she remains proud of her beliefs.