

കോഴിക്കോട്ട് നടന്ന പുതിയ ഐഫോൺ ലോഞ്ച് പരിപാടിക്കിടെ അവതാരകയെ വേദിയിൽ തടഞ്ഞ നടൻ ആസിഫ് അലിയുടെ ഇടപെടലിനെ പ്രശംസിച്ച് എഴുത്തുകാരി ശാരദക്കുട്ടി. നറുക്കെടുപ്പിലെ വിജയിക്ക് സമ്മാനം നൽകുന്നതിനിടെയായിരുന്നു സംഭവം. പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച നറുക്കെടുപ്പിലെ വിജയിക്ക് സമ്മാനം നൽകാനെത്തിയതായിരുന്നു താരം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ആസിഫ് അലിയുടെ ഇടപെടലിനെ പ്രശംസിച്ച് ശാരദക്കുട്ടി രംഗത്തെത്തിയത്.
വിജയിയെ പ്രഖ്യാപിച്ചതിന് പിന്നാലെ സമ്മാനം ഏറ്റുവാങ്ങാൻ വേദിയിലെത്തിയ യുവാവിനോട് നിലവിൽ ഉപയോഗിക്കുന്ന ഫോൺ കാണിക്കാൻ അവതാരക മീര അനിൽ ആവശ്യപ്പെടുകയായിരുന്നു. സദസ്സിന് മുന്നിൽ യുവാവ് പോക്കറ്റിൽ നിന്ന് ഫോൺ പുറത്തെടുക്കാൻ തുടങ്ങുന്നതിനിടെയാണ് ആസിഫ് അലി ഇടപെട്ടത്. ‘അത് വേണ്ട’ എന്ന് പറഞ്ഞ് അവതാരകയെ സൗമ്യമായി തടഞ്ഞ താരം, യുവാവിനോട് ഫോൺ പുറത്തെടുക്കേണ്ടതില്ലെന്ന് നിർദേശിക്കുകയായിരുന്നു. തുടർന്ന് സമ്മാനമായി ലഭിച്ച പുതിയ ഫോൺ യുവാവിന് കൈമാറുകയും ചെയ്തു.
യുവാവിന്റെ സ്വകാര്യത മാനിച്ച് ആസിഫ് അലി നടത്തിയ ഈ പെട്ടെന്നുള്ള ഇടപെടലിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ താരത്തിന് പിന്തുണയേറുകയാണ്. ആൾക്കൂട്ടത്തിന്റെ ആരവങ്ങളേക്കാൾ മാനുഷികതയ്ക്ക് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് ആസിഫ് അലിയെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് വീഡിയോ പങ്കുവെച്ചത്. സംഭവത്തിൽ ആസിഫ് അലിയെ അഭിനന്ദിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടിയും രംഗത്തെത്തി.
ആസിഫ് അലിയെ നടനെന്ന നിലയിൽ വലിയ ഇഷ്ടമാണെന്നും സഹജീവികളോട് സഹജസ്നേഹവും കരുതലുമുള്ള വ്യക്തിയെന്ന നിലയിൽ അതിലേറെ സ്നേഹവും ബഹുമാനവുമുണ്ടെന്നും ശാരദക്കുട്ടി കുറിച്ചു. പുതിയ ഫോൺ സമ്മാനമായി ലഭിച്ച യുവാവിനോട് പഴയ ഫോൺ കാണിക്കാൻ അവതാരക ആവശ്യപ്പെട്ടപ്പോൾ ആസിഫ് അലി സൗമ്യമായി ഇടപെട്ട സംഭവവും അവർ കുറിപ്പിൽ പരാമർശിച്ചു.
അവതാരകമാർക്ക് കൈയടിയാണ് ലക്ഷ്യമെങ്കിൽ ആസിഫ് അലിക്ക് മാനുഷികതയേക്കാൾ വലുതല്ല ആൾക്കൂട്ടാരവങ്ങളെന്ന് ശാരദക്കുട്ടി അഭിപ്രായപ്പെട്ടു. പൊതുസദസ്സിൽ രമേശ് നാരായണനിൽ നിന്ന് ആസിഫ് അലി നേരിട്ട സംഭവവും അവർ ഓർമിപ്പിച്ചു. അന്ന് തനിക്ക് നേരിട്ട അപമാനത്തോട് ആസിഫ് കാണിച്ച സമചിത്തതയും പക്വതയും ശ്രദ്ധേയമായിരുന്നുവെന്നും അവർ പറഞ്ഞു.
ബോധപൂർവം ‘നന്മമരം’ ആകാൻ ശ്രമിക്കുന്നവർക്ക് ഇത്തരം പെരുമാറ്റം അനുകരിക്കാനാകില്ലെന്നും ആസിഫിന്റെ പെരുമാറ്റങ്ങളിലെ ആകർഷണീയത അദ്ദേഹത്തിലെ നൈസർഗികതയാണെന്നും ശാരദക്കുട്ടി കുറിച്ചു. അപമാനിക്കപ്പെട്ടതിന് ശേഷം പ്രതികരിച്ച് മിടുക്കനാകുന്നതിനേക്കാൾ, പൂർണമായും സ്വാഭാവികമായി കൈകൊണ്ട് തടഞ്ഞുനിർത്തിയ ആ നിമിഷത്തിനാണ് കൂടുതൽ സൗന്ദര്യമെന്നും അവർ അഭിപ്രായപ്പെട്ടു. “മനുഷ്യന്റെ കരങ്ങൾ ചിലപ്പോൾ ദൈവത്തിന്റെ കരങ്ങളാകുന്നതിങ്ങനെയാണ്. ആസിഫിനോടുള്ള എന്റെ പരിധികളില്ലാത്ത സ്നേഹവും വാത്സല്യവും വീണ്ടും അടയാളപ്പെടുത്തട്ടെ,” എന്നും ശാരദക്കുട്ടി കുറിച്ചു.
പൊതുവേദിയിൽ ഒരാളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ആസിഫ് അലി കാണിച്ച കരുതലിനാണ് ആരാധകരിൽനിന്ന് പ്രശംസയേറുന്നത്. അതേസമയം, സദസ്സിന് മുന്നിൽ വച്ച് യുവാവിനോട് ഇത്തരമൊരു ചോദ്യം ഉന്നയിച്ച അവതാരക മീര അനിലിനെതിരെയും സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്.
Asif Ali is receiving praise after gently stopping an anchor from asking a raffle winner to show his old phone on stage. Writer S. Sharadakkutty also praised the actor, highlighting his spontaneous gesture and concern for the winner’s dignity and privacy.