ചരിത്ര പ്രഖ്യാപനവുമായി 98-ാമത് ഓസ്കാർ വേദി. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ആദ്യമായി ഒരു വനിതയ്ക്ക് ലഭിച്ചുവെന്ന ചരിത്രപരമായ ചുവടുവെപ്പോടെയാണ് ഈ വർഷത്തെ ഓസ്കാർ പുരസ്കാര ചടങ്ങ് അവസാനിച്ചത്. റയാൻ കൂഗ്ലർ സംവിധാനം ചെയ്ത ‘സിന്നേഴ്‌സ്’ (Sinners) എന്ന ഹൊറർ-ത്രില്ലർ ചിത്രത്തിലെ ഛായാഗ്രഹണ നിർവ്വഹണത്തിലൂടെ ഓട്ടം ഡ്യൂറൾഡ് അർക്കപോയാണ് ഈ വിഭാഗത്തിൽ ആദ്യമായി ഓസ്‌കറിനു അർഹയായ വനിത എന്ന ബഹുമതി സ്വന്തമാക്കിയിരിക്കുന്നത്.
ഐമാക്സ് 15-പെർഫ്, അൾട്രാ പാനാവിഷൻ 70 ക്യാമറകൾ എന്നിവയുടെ സംയോജനത്തിലൂടെ 65 എംഎം ഫിലിമിലാണ് 'സിന്നേഴ്സ്' എന്ന ചിത്രം ഡുറാൾഡ് ഒരുക്കിയത്. ഇതോടുകൂടിയാണ് വലിയ ഫോർമാറ്റിലുള്ള ഐമാക്സ് ഫിലിമിൽ സിനിമ ചിത്രീകരിക്കുന്ന ആദ്യ വനിതാ ഛായാഗ്രാഹകയായി ഡുറാൾഡ് ചരിത്രമെഴുതി. ബ്ലാക്ക് പാന്തർ: വക്കാണ്ട ഫോറെവർ, ലോക്കി, ദ് ലാസ്റ്റ് ഷോഗേൾ തുടങ്ങിയ ലോകപ്രശസ്ത ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവ്വഹിച്ചതും ഓട്ടം ഡ്യൂറൾഡായിരുന്നു. 46കാരിയായ ഓട്ടം ഡ്യൂറൾഡ് ഓസ്കർ പുരസ്കാരം സ്വന്തമാക്കുമ്പോൾ പുരസ്കാരം നേടുന്ന ആദ്യ വനിത, ആദ്യ ആഫ്രിക്കൻ വംശജ എന്നീ ചരിത്ര നേട്ടങ്ങൾ കൂടിയാണ് സ്വന്തം പേരിനോട് ചേർത്തുവയ്ക്കുന്നത്.
ഇതിനു മുൻപ് 2018ൽ 'മഡ്ബൗണ്ട്' എന്ന ചിത്രത്തിനു റേച്ചൽ മോറിസണായിരുന്നു ഓസ്കറിൽ മികച്ച ഛായാഗ്രഹണ പുരസ്കാരത്തിന് നാമനിർദേശം ലഭിച്ച ആദ്യ വനിത. തുടർന്ന് 2022ൽ 'ദ് പവർ ഓഫ് ദ് ഡോഗ്' എന്ന ചിത്രത്തിലൂടെ ആരി വെഗ്നറും നാമനിർദേശം നേടിയിരുന്നു. 'എൽവിസ്' എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിനു 2023ൽ മാൻഡി വാക്കർ നാമനിർദേശം സ്വന്തമാക്കിയെങ്കിലും പുരസ്‌കാരം നേടാനായില്ല.
അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 2010-ൽ പഠനം പൂർത്തിയാക്കിയതിന് ശേഷം പരസ്യരംഗത്തായിരുന്നു ഏറെകാലം ഓട്ടം ഡ്യൂറൾഡ് പ്രവർത്തിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ക്യാമറ അസിസ്റ്റന്റായും പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കൻ സൊസൈറ്റി ഓഫ് സിനിമാറ്റോഗ്രാഫേഴ്‌സിൽ 2022-ൽ മുതൽ അംഗമാണ്. ഓട്ടം ഡ്യൂറൾഡിനെ കൂടാതെ മൈക്കിൾ ബി ജോർദനു മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചതും 'സിന്നേഴ്സി'ന്റെ നേട്ടമാണ്. കൂടാതെ റയാൻ കൂഗ്ലർ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയതും 'സിന്നേഴ്സ്' ലൂടെയാണ്.
English Summary: At the Academy Awards, cinematographer Autumn Durald Arkapaw made history by becoming the first woman to win the Oscar for Best Cinematography for Sinners. Directed by Ryan Coogler, the film also won awards including Best Actor for Michael B. Jordan and Best Screenplay, marking a major milestone for women in cinematography.