‌'അവതാർ 3'ൽ 'വരാംഗി'ന് വേണ്ടി കണ്ണുകൾ അടക്കാതെ അഭിനയിച്ച് ഊന ചാപ്ലിൻ; കാരണം ഇതാണ്!

ഊനയുടെ ഇമ വെട്ടാതെയുള്ള പ്രകടനം ചിത്രത്തിന്റെ സി.ജി.ഐ കൂടുതൽ എളുപ്പമാക്കി എന്ന് അവതാറിന്റെ അണിയറപ്രവർത്തകർ പറഞ്ഞു.
Image Credit: X, Avatar Movie
Image Credit: X, Avatar MovieImage: Avatar 3
Published on: 

സംവിധായകൻ ജെയിംസ് കാമറൂൺ‍ പ്രേക്ഷകർക്കായി ഒരുക്കിയ ദൃശ്യവിരുന്നാണ് 'അവതാർ' പരമ്പരയിലെ മൂന്നാം ചിത്രമായ 'അവതാർ: ഫയ‍ർ ആൻഡ് ആഷ്'. ചിത്രത്തിലെ ഒരു പ്രധാന കഥപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്, സിനിമാ ഇതിഹാസം ചാർളി ചാപ്പിന്റെ ചെറുമകൾ, ഊന ചാപ്ലിനാണ് എന്നത് ഏറെ കൗതുകം ഉണർത്തുന്ന വാർത്തയായിരുന്നു. 'വരാംഗ്' എന്ന ശക്തയായ സ്ത്രീ കഥാപാത്രം ഊന അവതരിപ്പിച്ചത്. ചിത്രത്തിലെ ഏക പുതുമയും ഊന ചാപ്ലിൻ അവതരിപ്പിച്ച 'വരാം​ഗ്' തന്നെയാണ് എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഇപ്പോഴിതാ, ചിത്രത്തിലെ തന്റെ അഭിനയ രം​ഗങ്ങൾക്കിടയിൽ ഊന 'കണ്ണടയ്ക്കുന്നില്ല' എന്ന വിചിത്രമായ നിരീക്ഷണമാണ് പ്രേക്ഷകർ നടത്തിയിരിക്കുന്നത്.

ഭൂമിയിൽ നിന്ന് 4.4 പ്രകാശവർഷം അകലെ, പോളിമസ് എന്ന വാതകഗ്രഹത്തെ ചുറ്റുന്ന 'പാൻഡോറ' എന്ന ഉപഗ്രഹത്തിലെ, ജേക്ക് സള്ളിയുടേയും, നെയ്ത്തീരിയുടേയും, എയ്വയുടേയും, ടുൽക്കൂണുകളുടേയും കൂട്ടത്തിൽ, 'മാങ്ക്‌വാൻ' അഥവാ 'ആഷ് പീപ്പിൾ' എന്ന ഗോത്രത്തെ കാമറൂൺ നമ്മെ പരിചയപ്പെടുത്തുന്നുണ്ട്. അഗ്നിപർവത മേഖലയിൽ താമസിക്കുന്ന ഇവർ 'എയ്വ'യിൽ വിശ്വസിക്കുന്നില്ല. ചിത്രത്തിൽ ആര്‍ഡിഎ കോര്‍പ്പറേഷനും വരാംഗിന്റെ ആഷ് ജനതയും തമ്മില്‍ സഖ്യം സ്ഥാപിക്കുന്നുണ്ട്. ആഷ് ജനതയുടെ നേതാവാണ് ഊന ചാപ്ലിൻ അവതരിപ്പിച്ച 'വരാം​ഗ്'. ചിത്രത്തിലുടനീളം, 'വരാം​ഗ്' കണ്ണടയ്ക്കാതെ അഭിനയിക്കുന്നതിന് പിന്നിലെ കാരണമെന്താണ് എന്നതിനെ കുറിച്ച് പ്രേക്ഷകർ ചർച്ച നടത്തുന്നുണ്ട്.

ഈ ചോദ്യത്തിനുത്തരം ജെയിംസ് കാമറൂൺ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 'അവതാർ 3'ലെ തന്റെ കഥാപാത്രങ്ങളെ വിശദീകരിക്കുന്ന വീഡിയോയിൽ കാമറൂൺ 'വരാം​ഗി'ന്റെ പ്രത്യേകതകളെ കുറിച്ച് പറയുന്നുണ്ട്. 'മാങ്ക്‌വാനി'ന്റെ ​​ഗോത്ര തലവ എന്ന നിലയിൽ 'വരാം​ഗി'ന്റെ കണ്ണുകളിലാണ് സർവ്വവികാരങ്ങളും വന്ന് ചേരേണ്ടത്. മാത്രമല്ല, ഒരു ആത്മീയ നേതാവ് എന്ന നിലയിൽ 'വരാം​ഗ്' പലപ്പോഴും കൂടെയുള്ളവരുടെ കണ്ണുകളിലേക്ക് ദീർഘനേരം ഇമവെട്ടാതെ നോക്കി നിന്നാണ് അവരെ കീഴ്പ്പെടുത്തുന്നത്. അത് അവളുടെ അത്മബലത്തേയും ശക്തിയേയുമാണ് സൂചിപ്പിക്കുന്നത്. ഇതിനായി കഠിന പരിശ്രമമാണ് ഊന നടത്തിയത്. മാത്രമല്ല, ഊനയുടെ ഇമ വെട്ടാതെയുള്ള പ്രകടനം ചിത്രത്തിന്റെ സി.ജി.ഐ കൂടുതൽ എളുപ്പമാക്കി എന്ന് അവതാറിന്റെ അണിയറപ്രവർത്തകരും പറഞ്ഞു.

English Summary: In Avatar 3: Fire and Ash, actress Oona Chaplin plays 'Varang', the powerful leader of the Ash People. Viewers noticed that her character never blinks throughout the film, creating widespread curiosity.