ശിവകാർത്തികേയൻ നായകനായി, സുധ കൊങ്കര സംവിധാനം ചെയ്ത 'പരാശക്തി'യിൽ അതിഥി വേഷത്തിലെത്തി കൈയ്യടി നേടി ബേസിൽ ജോസഫ്. തമിഴകത്ത് ബേസിൽ അരങ്ങേറ്റം കുറിച്ച ചിത്രം എന്ന പ്രത്യേകതയും 'പരാശക്തി'ക്കുണ്ട്. സോഷ്യൽ മീഡിയയിൽ ബേസിലിന്റെ പ്രകടനത്തെ പുകഴ്ത്തിക്കൊണ്ട് നിരവധി കുറിപ്പുകളാണ് വരുന്നത്. ശിവകാർത്തികേയനും ബേസിലും ഒന്നിച്ചുള്ള രംഗങ്ങൾ ചിത്രത്തിലെ ഹൈലൈറ്റുകളിൽ ഒന്നാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
'ഡോമന്‍ ചാക്കോ' എന്ന വളരെ പ്രാധാന്യമുള്ള അതിഥിവേഷത്തിലൂടെയാണ് ബേസില്‍ ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ബേസിലിന്റെ കാമിയോ റോളിനെ കുറിച്ച് ചിത്രത്തിന്റെ പ്രൊമോഷൻ സമയത്തു പോലും സൂചനകൾ നൽകിയിരുന്നില്ല. എങ്കിലും, ബേസിലിന് വേണ്ടി മുഴങ്ങിയ കയ്യടികൾ , അദ്ദേഹത്തിന്റെ മുന്‍ പ്രകടനങ്ങള്‍ തമിഴ്‌നാട്ടിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് എന്നതിന്റെ തെളിവാണ്. താരത്തിന്റെ സ്വാഭാവികമായ അഭിനയവും സ്ക്രീൻ പ്രസൻസും തമിഴ് സിനിമാ പ്രേമികളെ അത്രമാത്രം ആവേശത്തിലാക്കിയിരിക്കുകയാണ്.
സുധ കൊങ്കര സംവിധാനം ചെയ്ത 'പരാശക്തി' നിർമ്മിച്ചിരിക്കുന്നത് ആകാശ് ഭാസ്ക്കരനാണ്. തെലുങ്ക് താരം റാണ ദഗുബാട്ടിയും കന്നഡ താരം ധനഞ്ജയയുമാണ് ചിത്രത്തിലെ മറ്റു അതിഥി താരങ്ങൾ. രവി മോഹൻ, ശ്രീലീല, ഗുരു സോമസുന്ദരം തുടങ്ങി മികച്ച താര നിരയാണ് ചിത്രത്തിലുള്ളത്. ഒടിടി റിലീസുകളിലൂടെ ഭാഷാന്തരങ്ങളില്ലാതെ സിനിമകൾ വളരുന്ന കാലത്ത് കഥയോടൊപ്പം കഥാപാത്രത്തെ തിരശീലയിൽ അവതരിപ്പിക്കുന്നവർക്കും കയ്യടി നേടാനാകുമെന്ന് ബേസിൽ തെളിയിച്ചു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
English Summary: Basil Joseph makes his Tamil cinema debut with a surprise cameo in Sivakarthikeyan’s Parashakthi