

2022ൽ ഐഎഫ്എഫ്‌കെ വേദിയിലേക്ക് ലഭിച്ച ക്ഷണം തന്റെ ജീവിതം മാറ്റിമറിച്ചു എന്ന് നടി ഭാവന. അത്രയും കാലം താൻ ഗുഹയ്ക്കുള്ളിലെന്നപോലെ സ്വയം സംരക്ഷിച്ച് കഴിയുകയായിരുന്നു എന്നും, ഒന്നും വായിക്കുകയോ സോഷ്യൽ മീഡിയ നോക്കുകയോ ചെയ്യാറില്ലായിരുന്നു എന്നും നടി തുറന്ന് പറഞ്ഞു. എന്നാൽ ഐഎഫ്എഫ്‌കെ വേദിയിലെത്തിയപ്പോൾ, അത് തനിക്ക് വലിയ കരുത്തും ധൈര്യവും പകർന്നു നൽകി എന്ന് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിൽ ഭാവന പറഞ്ഞു.
26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിലാണ് അപ്രതീക്ഷിത അതിഥിയായി ഭാവന എത്തുന്നത്. എണീറ്റു നിന്ന് നീണ്ട കരഘോഷത്തോടെയായിരുന്നു അന്ന് കാണികൾ ഭാവനയുടെ തിരിച്ചുവരവിനെ സ്വീകരിച്ചതും, നടിക്ക് പിന്തുണ പ്രഖ്യാപിച്ചതും. അന്ന് ഏതാനും വാക്കുകൾ ആ വേദിയിൽ പറഞ്ഞശേഷം താൻ സ്റ്റേജിന് പിന്നിലേക്ക് പോയി പൊട്ടിക്കരഞ്ഞുവെന്നും, തനിക്ക് ലഭിച്ച സ്‌നേഹവും കരുത്തുമാണ് തന്നെ വികാരാധീനയാക്കിയത് എന്നും ഭാവന പറഞ്ഞു. മാത്രമല്ല, ആ അനുഭവം തനിക്ക് സമ്മാനിച്ചവരോട് എക്കാലവും കടപ്പെട്ടിരിക്കും എന്നും അവർ കൂട്ടിചേർത്തു
ഭാവനയുടെ വാക്കുകൾ:
'എങ്ങനെയാണ് ആ തീരുമാനമെടുത്തത് എന്ന് എനിക്കറിയില്ല. വലിയ ഉത്കണ്ഠയിലായിരുന്നു ഞാൻ. ഒരായിരം പേരോട് ചോദിച്ചു, എന്ത് ചെയ്യണമെന്ന്. എല്ലാവരും ഞാൻ പോകണമെന്ന് പറഞ്ഞു. പക്ഷേ എനിക്കതിന് കഴിയുമെന്ന് ഞാൻ കരുതിയിരുന്നില്ല. എന്നാൽ എല്ലാവരും എനിക്ക് ധൈര്യം പകർന്നു.'
'ഞാനെത്തുന്നുണ്ട് എന്ന് വളരെ കുറച്ചുപേർക്കൊഴികെ മറ്റാർക്കും അറിയില്ലായിരുന്നു. എന്റെ വരവ് ഒരു രഹസ്യദൗത്യം പോലെയായിരുന്നു. സ്റ്റേജിന് പിന്നിൽ നിൽക്കുമ്പോൾ, അടുത്ത അഞ്ച് മിനിറ്റിൽ എന്നെ സ്റ്റേജിലേക്ക് വിളിക്കും എന്നവർ പറഞ്ഞു. ഞാൻ ബോധംകെട്ട് വീഴുമെന്നാണ് ആദ്യം തോന്നിയത്. എന്റെ ശരീരം വിറയ്ക്കുകയായിരുന്നു. ദേഹം മുഴുവൻ തണുത്ത് മരവിച്ചു. ബീന ചേച്ചി (ബീനാ പോൾ) അവിടെയുണ്ടായിരുന്നു. ഒരുകുഴപ്പവുമില്ലെന്നും പേടിക്കേണ്ടെന്നും അവർ പറഞ്ഞു. പക്ഷേ അപ്പോഴും ജനങ്ങളുടെ ആരവം എനിക്ക് കേൾക്കാമായിരുന്നു.' -ഭാവന തുടർന്നു.
'എന്റെ പേര് അനൗൺസ് ചെയ്ത നിമിഷം മുഴുവൻ ശൂന്യതയായിരുന്നു. ചില സിനിമകളിലെല്ലാം കാണുന്നത് പോലെ, വേദിയിലേക്ക് പോകാൻ ഞാൻ തന്നെ എന്നോട് പറഞ്ഞു. വേദിയിലെത്തിയ ഉടൻ ഞാൻ ഓകെയാണെന്ന് എനിക്ക് തോന്നി. സദസ്സിനെ കൈവീശിക്കാണിച്ചു. വലിയ കൈയടി കേട്ട് ഞാൻ വികാരാധീനയായി. ആളുകൾ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് എന്നെ വരവേറ്റത്. ആ നിമിഷം, ഒറ്റയ്ക്കല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. എനിക്കൊപ്പം പിന്തുണയുമായി ഒരുപാട് പേരുണ്ടെന്നും എനിക്ക് മനസിലായി'
'അത്രയും കാലം ഞാൻ ഗുഹയ്ക്കുള്ളിലെന്നപോലെ സ്വയം സംരക്ഷിച്ച് കഴിയുകയായിരുന്നു. ഒന്നും വായിക്കുകയോ സോഷ്യൽ മീഡിയ നോക്കുകയോ ചെയ്യാറില്ലായിരുന്നു. എന്നാൽ ഐഎഫ്എഫ്‌കെ വേദി, എനിക്ക് വലിയ കരുത്തും ധൈര്യവും നൽകി. ആ അനുഭവം എനിക്ക് സമ്മാനിച്ച എല്ലാവരോടും ഞാൻ വളരെയധികം കടപ്പെട്ടിരിക്കുന്നു. ഏതാനും വാക്കുകൾ ആ വേദിയിൽ പറഞ്ഞശേഷം ഞാൻ സ്റ്റേജിന് പിന്നിലേക്ക് പോയി പൊട്ടിക്കരഞ്ഞു. എന്റെ ആദ്യ സംവിധായകൻ കമൽ സാർ എന്നെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. മണിക്കൂറുകളോളമാണ് അന്ന് ഞാൻ കരഞ്ഞത്. എനിക്ക് ലഭിച്ച സ്‌നേഹവും കരുത്തുമെല്ലാം എന്നെ വികാരാധീനയാക്കി. അമ്മയേയും നവീനേയും ചില അടുത്ത സുഹൃത്തുക്കളേയുമെല്ലാം ഫോണിൽ വിളിച്ച് ഞാൻ കരഞ്ഞു. എനിക്ക് മേക്കപ്പ് ചെയ്തുതരുന്ന ജീന ചേച്ചി എന്നെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.' -ഭാവന പറഞ്ഞുനിർത്തി.
English Summary: Actress Bhavana said her 2022 IFFK invitation was life-changing, giving her strength after years of isolation and fear.