15 ലക്ഷം നല്‍കാമെന്നു സമ്മതിച്ചു; ബിജു മേനോനെതിരെ തത്കാലം നിയമ നടപടിക്കില്ലെന്ന് നിർമാതാവ് അനൂപ് കണ്ണൻ

നിര്‍മാതാവിന് സംഭവിച്ച നഷ്ടം നികത്താന്‍ 15 ലക്ഷം രൂപ നല്‍കണമെന്നും അല്ലാത്ത പക്ഷം ബിജുവുമായി സഹകരിക്കില്ലെന്നുമായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിബന്ധന
Anoop Kannan and Biju Menon
Anoop Kannan and Biju Menon
Published on

'നടന്ന സംഭവം’ സിനിമയുടെ പ്രമോഷന് ബിജു മേനോൻ സഹകരിച്ചില്ലെന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളൊഴിയുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുഖേന നീതി കിട്ടിയില്ലെങ്കിൽ നിയമപരമായി നീങ്ങുന്നത് പരിഗണനയിലാണെന്ന് അനൂപ് കണ്ണൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നഷ്ടപരിഹാര തുകയായ 15 ലക്ഷം നൽകാമെന്ന് നടൻ സമ്മതിച്ചതായും നിയമ നടപടിക്കില്ലെന്നും അനൂപ് അറിയിച്ചിരിക്കുന്നത്.

അതേ സമയം ബിജു മേനോനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിലപാട് കടുപ്പിക്കുകയും നിര്‍മാതാവ് അനൂപ് കണ്ണന് സംഭവിച്ച നഷ്ടം നികത്താന്‍ 15 ലക്ഷം രൂപ നല്‍കണമെന്നും അല്ലാത്ത പക്ഷം ബിജുവുമായി സഹകരിക്കില്ലെന്നുമായിരുന്നു നിബന്ധന വെച്ചിരുന്നു. സ്വയമേ നൽകിയിട്ടില്ലെങ്കിൽ ബിജു മേനോന്റെ ഇനി വരാനിരിക്കുന്ന ലിസ്റ്റിൻ ചിത്രത്തിന്റെ പ്രതിഫലത്തില്‍ നിന്നും ഈ തുക അനൂപിന് കൈമാറണമെന്നും നിർദേശമുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ബിജുവിന് സംഘടന കത്ത് നല്‍കുകയും ചെയ്തിരുന്നു.

ഫെഫ്കയും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ സംസാരിക്കവേ ബി ഉണ്ണികൃഷ്ണൻ ആയിരുന്നു ഈ വിഷയം പരസ്യപ്പെടുത്തിയത്. ഒരു പ്രമുഖ നടൻ പ്രൊമോഷൻ പരിപാടികളിൽ നിന്ന് വിട്ടുനിന്നതിനാൽ ടെലിവിഷൻ ഇടപാടിൽ നിന്ന് പ്രതീക്ഷിച്ചിരുന്ന 25 ലക്ഷം രൂപ ഒരു നിർമ്മാതാവിന് നഷ്ടമായെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നീട് ആ നടൻ ബിജു മേനോൻ ആണെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.

ഒടിടി–സാറ്റലൈറ്റ് ബിസിനസ്സിന്റെ ചർച്ചകൾ നടക്കുന്ന സമയത്ത് തന്നെ പ്രമോഷനുമായി ബന്ധപ്പെട്ട കരാറിലെ നിബന്ധനകൾ താരത്തെ അറിയിച്ചിരുന്നെന്നും എന്നാൽ പിന്നീട് പ്രമോഷനായി സഹകരിച്ചത് വെറും രണ്ടര മണിക്കൂർ മാത്രമായിരുന്നുവെന്നുമായിരുന്നു അനൂപ് ഫെഫ്കയിൽ അറിയിച്ചത്. പ്രമോഷൻ കോർഡിനേറ്റ് ചെയ്യാൻ വിളിച്ചപ്പോൾ ബിജു മേനോൻ ഉഴപ്പുകയും പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അവഗണിച്ചുവെന്നും പ്രോഡ്യൂസേഴ്സ് അസോസിയേഷൻ മുഖേന നീതി കിട്ടിയില്ലെങ്കിൽ നിയമപരമായി നീങ്ങുമെന്നുമായിരുന്നു അനൂപ് കണ്ണന്റെ തീരുമാനം.

English Summary: Producer Anoop Kannan said he will not pursue legal action against actor Biju Menon after the actor agreed to pay ₹15 lakh as compensation over the promotion dispute.

Related Stories

No stories found.
Madism Digital
madismdigital.com