താരങ്ങൾക്ക് കോടികൾ, ലൈറ്റ്മാന് 1800 രൂപ; ബോളിവുഡിന്റെ തിളക്കത്തിന് പിന്നിലെ യാഥാർഥ്യം

തൊഴിലാളികൾക്കുള്ള ഭക്ഷണത്തിന്റെ നിലവാരം കുറച്ച്, ചെലവ് വെട്ടിക്കുറയ്ക്കുന്ന ചില നിർമാണ കമ്പനികൾക്ക് സിനിമയ്ക്കുള്ളിൽ പ്രത്യേക വിളിപ്പേരുകൾ പോലും നൽകിയിട്ടുണ്ട്
താരങ്ങൾക്ക് കോടികൾ, ലൈറ്റ്മാന് 1800 രൂപ; ബോളിവുഡിന്റെ തിളക്കത്തിന് പിന്നിലെ യാഥാർഥ്യം
Published on

പുറത്ത് നിന്ന് നോക്കുമ്പോൾ കോടികളുടെ ബജറ്റും ആഡംബരവും താരപ്രഭയും നിറഞ്ഞ ലോകമാണ് ബോളിവുഡിന്റേത്. കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്ന സൂപ്പർതാരങ്ങൾ, ലക്ഷങ്ങൾ ചെലവഴിച്ച് ഒരുക്കുന്ന സെറ്റുകൾ, ആഡംബര കാരവാനുകൾ, വിദേശ ലൊക്കേഷനുകളിലെ ചിത്രീകരണം, ഇതെല്ലാം ചേർന്ന ബോളിവുഡിന്റെ തിളക്കമുള്ള മുഖമാണ് പ്രേക്ഷകർ കാണുന്നത്. എന്നാൽ ഈ തിളക്കത്തിന് പിന്നിൽ തൊഴിലെടുക്കുന്ന ആയിരക്കണക്കിന് ടെക്നീഷ്യൻമാരുടെയും ലൈറ്റ്മാന്മാരുടെയും സ്പോട്ട് ബോയ്മാരുടെയും മറ്റ് പിന്നണിപ്രവർത്തകരുടെയും ജീവിതം അത്ര ആഡംബരപൂർണമല്ലെന്നും, അവർക്ക് സെറ്റിൽ ശരിയായി ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നുമാണ് സംവിധായകൻ രാജ്ജ് ചൗധ്രി തയ്യാറാക്കിയ 'യെ ഹൈ ഏക് ലൈറ്റ്മാൻ' എന്ന ഡോക്യുമെന്ററിയിൽ പറയുന്നത്.

ക്യാമറയ്ക്ക് മുന്നിൽ താരങ്ങൾക്ക് തിളങ്ങാൻ ആവശ്യമായ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്ന ലൈറ്റ്മാന്മാർ പലപ്പോഴും കടുത്ത ചൂടിലും മഴയിലും മണിക്കൂറുകളോളം വിശ്രമമില്ലാതെയാണ് ജോലി ചെയ്യുന്നത്. ഭാരമേറിയ ലൈറ്റിംഗ് ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനും ഷൂട്ടിങ്ങിനിടെ അവ നിയന്ത്രിക്കുന്നതിനുമായി മണിക്കൂറുകളോളം കഠിനാധ്വാനം ചെയ്യുന്ന ഇവർക്ക് ഒരു ദിവസം പ്രതിഫലമായി ലഭിക്കുന്നത് ഏകദേശം 1,800 രൂപ മാത്രമാണ്.

ഔദ്യോഗികമായി ഷിഫ്റ്റ് സമയങ്ങൾ നിശ്ചയിച്ചിട്ടുണ്ടെങ്കിലും, ഷൂട്ടിങ് നീണ്ടുപോകുന്നതിനനുസരിച്ച് ഇവരുടെ ജോലി സമയവും പലപ്പോഴും 12 മുതൽ 14 മണിക്കൂറോ അതിലധികമോ കൂടാറുണ്ടെന്നാണ് റാജ്ജ് ചൗധ്രി തന്റെ ഡോക്യുമെന്ററിയിൽ പറയുന്നത്. സിനിമയുടെ വിജയത്തിൽ നിർണായക പങ്കുവഹിക്കുന്ന തൊഴിലാളികളുടെ കഠിനാധ്വാനം പലപ്പോഴും പ്രേക്ഷകരുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്നതായും ഈ ഡോക്യുമെന്ററി ചൂണ്ടിക്കാട്ടുന്നു.‌‌

ഈ ഡോക്യുമെന്ററി പ്രകാരം, സിനിമ ചിത്രീകരണം നിശ്ചയിച്ച സമയത്ത് തുടങ്ങണമെങ്കിൽ സെറ്റിൽ ആദ്യം എത്തേണ്ടത് ലൈറ്റ്മാന്മാരാണ്. ഈ മേഖലയിലെ ജോലിക്ക് നിശ്ചിത സമയക്രമമില്ല. ചില ദിവസങ്ങളിൽ പുലർച്ചെ രണ്ട് മണി, മൂന്ന് മണി, അഞ്ച് മണി, എന്നിങ്ങനെ മാറിക്കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ മിക്ക ദിവസങ്ങളിലും തൊഴിലാളികളോട് പുലർച്ചെ മൂന്ന് മണിയോടെയാണ് സെറ്റിൽ എത്താൻ നിർദേശം നൽകാറുള്ളത്. ക്യാമറ ടീം എത്തുന്നതിന് മുൻപ് മുഴുവൻ ലൈറ്റിംഗ് സംവിധാനവും സജ്ജമാക്കേണ്ട ഉത്തരവാദിത്തവും ഇവർക്കാണ്.

താരങ്ങൾക്ക് കോടികൾ, ലൈറ്റ്മാന് 1800 രൂപ; ബോളിവുഡിന്റെ തിളക്കത്തിന് പിന്നിലെ യാഥാർഥ്യം
ഡിസ്നി ഗേളിൽ നിന്ന് ഹോളിവുഡിന്റെ 'സ്ട്രാറ്റജിക് സ്റ്റാറിലേക്ക്'; സെൻഡെയ എന്ന ബോക്സ് ഓഫീസ് വിസ്മയം

സിനിമാ സെറ്റുകളിലെ ഈ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് അടുത്തിടെ നടി അർച്ചന പുരൺ സിംഗ് നടത്തിയ പരാമർശം ഏറെ ശ്രദ്ധ നേടിയിരുന്നു. ലൈറ്റ്മാന്മാർക്കും മറ്റ് പിന്നണി പ്രവർത്തകർക്കും ആവശ്യമായ ഭക്ഷണവും വിശ്രമവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കേണ്ടത് നിർമാണ കമ്പനികളുടെ ഉത്തരവാദിത്തമാണെന്നും, ഇക്കാര്യത്തിൽ ചില സെറ്റുകളിൽ ഇപ്പോഴും ഗുരുതരമായ വീഴ്ചകൾ സംഭവിക്കുന്നുണ്ടെന്നും അവർ വിമർശിച്ചിരുന്നു.

അർച്ചന പുരൺ സിംഗ്
അർച്ചന പുരൺ സിംഗ്

എന്നാൽ പ്രശ്നം കുറഞ്ഞ വേതനത്തിൽ മാത്രം ഒതുങ്ങുന്നില്ല. സിനിമാ സെറ്റുകളിൽ ജോലി ചെയ്യുന്ന ലൈറ്റ്മാന്മാർ ഉൾപ്പെടെയുള്ള പിന്നണി തൊഴിലാളികൾക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ നിലവാരവും ഡോക്യുമെന്ററിയിൽ പറയുന്നത് പ്രകാരം, വളരെ മോശമാണ്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ചില നിർമാണ കമ്പനികൾ തൊഴിലാളികൾക്കുള്ള ഭക്ഷണ ക്രമീകരണത്തിൽ പോലും വിട്ടുവീഴ്ച ചെയ്യുന്നുണ്ടെന്നാണ് ആരോപണം. മണിക്കൂറുകളോളം ശാരീരികാധ്വാനം ചെയ്യുന്നവർക്ക് ആവശ്യമായ പോഷകാഹാരമോ മറ്റ് സൗകര്യങ്ങളോ ലഭിക്കാത്ത സാഹചര്യം ചില സെറ്റുകളിൽ ഇന്നും നിലനിൽക്കുന്നു. കോടികളുടെ ബജറ്റിൽ സിനിമകൾ നിർമിക്കുന്നിടത്താണ് ലൈറ്റ്മാന്മാർ പോലെയുള്ള പിന്നണി പ്രവർത്തകരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും അവഗണിക്കപ്പെടുന്നത് എന്നും ഡോക്യുമെന്ററിയിൽ വിമർശനമുണ്ട്.

താരങ്ങൾക്ക് കോടികൾ, ലൈറ്റ്മാന് 1800 രൂപ; ബോളിവുഡിന്റെ തിളക്കത്തിന് പിന്നിലെ യാഥാർഥ്യം
ഇന്ത്യക്കാരുടെ ഉറക്കം കെടുത്തിയ ആ 'ദുർമന്ത്രവാദിനി'! പതിറ്റാണ്ടുകൾക്കിപ്പുറവും കാണാമറയത്ത് ജാസ്‌മിൻ ധുന്ന

തൊഴിലാളികൾക്കുള്ള ഭക്ഷണത്തിന്റെ നിലവാരം കുറച്ച്, ചെലവ് വെട്ടിക്കുറയ്ക്കുന്ന ചില നിർമാണ കമ്പനികൾക്ക് സിനിമയ്ക്കുള്ളിൽ പ്രത്യേക വിളിപ്പേരുകൾ പോലും നൽകിയിട്ടുണ്ടെന്നും അർച്ചന പുരൺ സിംഗ് വെളിപ്പെടുത്തിയിരുന്നു. കോടിക്കണക്കിന് രൂപ മുടക്കി സിനിമകൾ നിർമിക്കുമ്പോഴും, സെറ്റുകളിലെ പിന്നണി പ്രവർത്തകർക്ക് മാന്യമായ ഭക്ഷണം പോലും ഉറപ്പാക്കാതിരിക്കുന്നത് അംഗീകരിക്കാനാവാത്ത സമീപനമാണെന്നും, ഭക്ഷണത്തെ പോലും ചെലവ് ചുരുക്കാനുള്ള മാർഗമായി കാണുന്നത് തൊഴിലാളികളോടുള്ള അനാദരവാണെന്നും അർച്ചന അഭിപ്രായപ്പെട്ടു.

ബോളിവുഡിന്റെ വിജയങ്ങൾക്ക് പിന്നിൽ നിൽക്കുന്ന ആയിരക്കണക്കിന് ലൈറ്റ്മാന്മാരുടെയും മറ്റ് പിന്നണി പ്രവർത്തകരുടെയും ജീവിത യാഥാർഥ്യങ്ങളിലേക്കാണ് രാജ്ജ് ചൗധ്രിയുടെ 'യെ ഹൈ ഏക് ലൈറ്റ്മാൻ' ഡോക്യുമെന്ററി വെളിച്ചം വീശുന്നത്. ലൈറ്റ്മാന്മാർ, ലൈറ്റിംഗ് കമ്പനികളുടെ ഉടമകൾ, മറ്റ് പിന്നണി പ്രവർത്തകർ എന്നിവരുടെ അനുഭവങ്ങളും സാക്ഷ്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് സിനിമകൾ നിർമിക്കുന്ന വ്യവസായത്തിൽ, അവയുടെ വിജയത്തിന് അടിത്തറ പാകുന്ന തൊഴിലാളികൾക്ക് മാന്യമായ വേതനവും സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ ഡോക്യുമെന്ററി ഓർമ്മിപ്പിക്കുന്നത്.

താരങ്ങൾക്ക് കോടികൾ, ലൈറ്റ്മാന് 1800 രൂപ; ബോളിവുഡിന്റെ തിളക്കത്തിന് പിന്നിലെ യാഥാർഥ്യം
താരങ്ങള്‍ ബോക്സ് ഓഫീസ് വിജയങ്ങള്‍ക്കപ്പുറം ചിന്തിക്കണം, സ്വതന്ത്ര സിനിമകളെ പിന്തുണയ്ക്കണം; ആദില്‍ ഹുസൈന്‍

Rajj Chaudhry's documentary Yeh Hai Ek Lightman exposes the harsh reality of Bollywood lightmen, highlighting low wages, long working hours, poor food, and difficult working conditions. Despite playing a crucial role in filmmaking, thousands of behind-the-scenes workers continue to face neglect, raising concerns about labour rights in India's film industry.

Madism Digital
madismdigital.com