'ജീവിതം നശിപ്പിക്കപ്പെട്ട സ്ത്രീകളുടെ രോഷം നിങ്ങളുടെ മേൽ പതിക്കട്ടെ'; വൈരമുത്തുവിനെ അഭിനന്ദിച്ച കമൽഹാസനെതിരെ ചിന്മയി

രജനികാന്ത് ഉൾപ്പെടെയുള്ളവരുടെ അഭിനന്ദന ട്വീറ്റിനെതിരെ ശക്തമായ ഭാഷയിലാണ് ചിന്മയി പ്രതികരിച്ചത്
'ജീവിതം നശിപ്പിക്കപ്പെട്ട സ്ത്രീകളുടെ രോഷം നിങ്ങളുടെ മേൽ പതിക്കട്ടെ'; വൈരമുത്തുവിനെ അഭിനന്ദിച്ച കമൽഹാസനെതിരെ ചിന്മയി
Published on

ചെന്നൈ: ജ്ഞാനപീഠ പുരസ്‌കാരം നേടിയ ഗാനരചയിതാവ് വൈരമുത്തുവിനെ അഭിനന്ദിച്ച നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസനെതിരെ രൂക്ഷവിമർശനവുമായി ഗായിക ചിന്മയി ശ്രീപദ. സിനിമാ മേഖലയിൽ അധികാരം കൈവശം വയ്ക്കുന്ന പുരുഷന്മാർ രാഷ്ട്രീയത്തിലേക്ക് കടക്കുമ്പോൾ, പീഡനാരോപണം ഉന്നയിക്കുന്ന സ്ത്രീകളുടെ ശബ്ദം കേൾക്കപ്പെടുന്നില്ല. സ്ത്രീകൾ വോട്ട് ചെയ്യുമ്പോൾ ഈ യാഥാർഥ്യം ഓർമ്മിക്കണമെന്നും, എത്ര സ്ത്രീകൾക്ക് മാനസികാഘാതം സംഭവിച്ചാലും അതിനെക്കുറിച്ച് പലർക്കും ആശങ്കയില്ല. ജീവിതം, സ്വപ്നങ്ങൾ, കരിയർ, ജീവിതം തുടങ്ങി എല്ലാം നശിപ്പിക്കപ്പെട്ട സ്ത്രീകളുടെ രോഷം നിങ്ങളുടെ മേൽ പതിക്കട്ടെയെന്നും ചിന്മയി എക്സിൽ കുറിച്ചു.

ജ്ഞാനപീഠ പുരസ്‌കാരം നേടിയ വൈരമുത്തുവിനെ അഭിനന്ദിച്ച് കമൽഹാസൻ എക്‌സിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. തമിഴ് സാഹിത്യത്തിന് അഭിമാനകരമായ നേട്ടമാണിതെന്നും, ജയകാന്തനു ശേഷം കാൽനൂറ്റാണ്ടിന് ശേഷം വൈരമുത്തു ഈ മഹത്തായ ബഹുമതി തമിഴിന് നേടി തന്നുവെന്നുമാണ് കമൽഹാസൻ കുറിച്ചത്. കമൽഹാസനെ കൂടാതെ രാഷ്ട്രീയ, സിനിമാ, സാമൂഹിക രം​ഗത്തെ പ്രമുഖരും വൈരമുത്തുവിനെ അഭിനന്ദിച്ച് രം​ഗത്തുവന്നിരുന്നു. രജനികാന്ത് ഉൾപ്പെടെയുള്ളവരുടെ അഭിനന്ദന ട്വീറ്റിനെതിരെ ശക്തമായ ഭാഷയിലാണ് ചിന്മയി പ്രതികരിച്ചത്. പുരുഷന്മാർ എക്കാലവും പലകാരണങ്ങളുണ്ടാക്കി പരസ്പരം പിന്തുണയ്ക്കാറുണ്ടെന്ന് ചിന്മയി കുറ്റപ്പെടുത്തുന്നു.

2018 ലാണ് ചിന്മയി വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത്. സ്വിറ്റ്സർലാൻഡിൽ നടന്ന ഒരു പരിപാടിക്കിടെ വൈരമുത്തു തന്നോട് മോശമായ രീതിയിൽ പെരുമാറി എന്നായിരുന്നു ചിന്മയിയുടെ ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ വൈരമുത്തു നിഷേധിച്ചു. വൈരമുത്തുവിന്റെ വിശദീകരണം അസത്യമാണ് എന്നായിരുന്നു പിന്നീട് ചിന്മയിയുടെ പ്രതികരണം. ചിന്മയിക്ക് പിന്നാലെ മറ്റൊരു ഗായികയും വൈരമുത്തുവിനെതിരെ സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ വൈരമുത്തുവിനെതിരായ മീ ടൂ ആരോപണങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ വീണ്ടും ഉയർന്നുവരികയാണ്.

English Summary: Singer Chinmayi Sripaada criticized actor-politician Kamal Haasan for congratulating lyricist Vairamuthu on receiving the Jnanpith Award, recalling the past MeToo allegations against him and questioning support from influential men in the industry.

Related Stories

No stories found.
Madism Digital
madismdigital.com