ഇൻവെസ്റ്റിഗേറ്റീവ് ഓഫീസർമാരായി കരീനയും പൃഥ്വിയും; മേഘ്ന ഗുൽസാറിന്റെ 'ദായ്റ' സെപ്റ്റംബർ 18-ന് തിയേറ്ററുകളിൽ

പൃഥ്വിരാജിന്റെ ആറാമത്തെ ബോളിവുഡ് ചിത്രമാണിത്
ഇൻവെസ്റ്റിഗേറ്റീവ് ഓഫീസർമാരായി കരീനയും പൃഥ്വിയും; മേഘ്ന ഗുൽസാറിന്റെ 'ദായ്റ' സെപ്റ്റംബർ 18-ന് തിയേറ്ററുകളിൽ
Published on

ബോളിവുഡ് താരം കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും ആദ്യമായി ഒന്നിക്കുന്ന ഇൻവെസ്റ്റി​ഗേറ്റീവ് ക്രൈം ത്രില്ലർ ചിത്രം 'ദായ്റ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. പ്രശസ്ത സംവിധായിക മേഘ്ന ​ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 18ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

റിലീസിന് വെറും മൂന്ന് മാസം മാത്രം ബാക്കിനിൽക്കെ, ചിത്രത്തിന്റെ ആകാംക്ഷയുണർത്തുന്ന ബിഹൈൻഡ്-ദി-സീൻസ് (BTS) ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് അണിയറപ്രവർത്തകർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. വീഡിയോയിൽ കരീനയും പൃഥ്വിരാജും അന്വേഷണ ഉദ്യോഗസ്ഥരുടെ ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. "ചില അതിരുകൾ നിശ്ചയിക്കപ്പെടുന്നു. ചില അതിരുകൾ ലംഘിക്കപ്പെടുന്നു. ഒരു തിരഞ്ഞെടുപ്പ് കാത്തിരിക്കുന്നു." (Some lines are drawn. Some lines are crossed. A choice awaits.) എന്ന ടാ​ഗ്‍ലൈനോട് കൂടിയാണ് വീഡിയോ പങ്കുവെച്ചത്.

ജംഗ്ലി പിക്ചേഴ്സും പെൻ സ്റ്റുഡിയോസും സംയുക്തമായാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിരൂപക പ്രശംസ പിടിച്ചുപറ്റിയ രാസി, തൽവാർ എന്നീ ചിത്രങ്ങൾക്ക് ശേഷം മേഘ്ന ഗുൽസാറും ജംഗ്ലി പിക്ചേഴ്സും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ഈ ചിത്രം, കുറ്റകൃത്യം, ശിക്ഷ, നീതി എന്നിവയെക്കുറിച്ചുള്ള സാമൂഹിക വൈരുദ്ധ്യങ്ങളെയാണ് വിശകലനം ചെയ്യുന്നത്. ഇന്നത്തെ സമൂഹത്തിലെ സങ്കീർണ്ണമായ യാഥാർത്ഥ്യങ്ങളെ തുറന്നുകാട്ടുന്ന ഗൗരവകരമായ ഒരു പ്രമേയമാണ് ചിത്രത്തിന്റേതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

സിമ അഗർവാൾ, മേഘ്ന ഗുൽസാർ, യഷ് കേശവാനി എന്നിവർ ചേർന്നാണ് ദായ്‌റയുടെ തിരക്കഥ ഒരുക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ചിത്രീകരണം പൂർത്തിയായ 'ദായ്റ', ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. താരങ്ങളുടെ വേഷപ്പകർച്ചയും മേഘ്ന ഗുൽസാറിന്റെ സംവിധാനമികവും ചിത്രത്തിന് വലിയ ഹൈപ്പാണ് നൽകുന്നത്.

നിയമവും നീതിയും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്ന കഥാപശ്ചാത്തലം പ്രേക്ഷകരെ ഏറെ ചിന്തിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. പൃഥ്വിരാജിന്റെ ആറാമത്തെ ബോളിവുഡ് ചിത്രമാണിത്. അയ്യാ, ഔറംഗസേബ്, നാം ശബാന, ബഡെ മിയാൻ ഛോട്ടേ മിയാൻ, സർസമീൻ എന്നീ ബോളിവുഡ് സിനിമകളിൽ ആണ് ഇതിന് മുൻപ് പൃഥ്വിരാജ് അഭിനയിച്ചിട്ടുള്ളത്. 2024 ല്‍ റിലീസായ സിങ്കം എഗെയ്നു ശേഷം കരീന കപൂര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ദയ്റാ.

Summary

The release date for the upcoming investigative crime thriller 'Daayra' has been officially announced. Directed by the acclaimed filmmaker Meghna Gulzar, the film stars Bollywood icon Kareena Kapoor Khan and Malayalam superstar Prithviraj Sukumaran in their first-ever onscreen collaboration. 'Daayra' is set to hit theaters worldwide on September 18, 2026. With just three months left for the release, the makers launched the official countdown by sharing an intriguing behind-the-scenes (BTS) video, which reveals both Kareena and Prithviraj in the look of investigative officers.

Madism Digital
madismdigital.com