ഗോഡ് ഓഫ് വാറിന് മറുപടിയുമായി, ധനുഷ്–വെട്രിമാരൻ കോമ്പോയിൽ തമിഴ് മുരുകൻ ലോഡിങ്

എൻടിആർ ചിത്രം, ഗോഡ് ഓഫ് വാറിനെതിരെയുള്ള കാച്ചിക്കുറുക്കിയ മറുപടിയായാണ് തമിഴ് മുരുകന്റെ പ്രഖ്യാപനത്തെ പ്രേക്ഷകർ വിലയിരുത്തുന്നത്.
ഗോഡ് ഓഫ് വാറിന് മറുപടിയുമായി, ധനുഷ്–വെട്രിമാരൻ കോമ്പോയിൽ തമിഴ് മുരുകൻ ലോഡിങ്
Published on

ധനുഷ്–വെട്രിമാരൻ കോമ്പോ ഒന്നിക്കുന്ന പുതിയ ചിത്രം ‘തമിഴ് മുരുകൻ’ പ്രഖ്യാപിച്ചു. പീരിയഡ് കാലഘട്ടത്തിലെ കഥ പറയുന്ന സിനിമയുടെ എഐയിൽ നിർമിച്ച പ്രഖ്യാപന വീഡിയോ അണിയറപ്രവർത്തകർ ഇന്നലെ പുറത്തുവിട്ടു. ഹിന്ദു ദൈവമായ മുരുകന്റെ കഥയായിരിക്കും സിനിമ പറയുന്നതെന്നാണ് സൂചന. പ്രശസ്ത തമിഴ് എഴുത്തുകാരനായ അറിവുമതി രചിച്ച ‘തമിഴ് മുരുകൻ’ എന്ന പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.

ആനപ്പുറത്ത് സവാരി ചെയ്യുന്ന ധനുഷ്, അദ്ദേഹത്തിന് മുന്നിൽ അണിനിരക്കുന്ന വൻ സൈന്യം, കൈയിൽ ഭഗവാൻ മുരുകന്റെ ആയുധമായ വേൽ എന്നിവയാണ് പോസ്റ്ററിലെ പ്രധാന ആകർഷണങ്ങൾ. "The Eternal Protector, Warrior, THE KING & LEADER of the Thamizh people and lands. എന്നാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അണിയറപ്രവർത്തകർ കുറിച്ചത്. പോസ്റ്റർ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

ജൂനിയർ എൻടിആർ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രം, ‘ഗോഡ് ഓഫ് വാർ’ കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്. ഈ ചിത്രവും മുരുകന്റെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ പ്രമോഷന്‍ പോസ്റ്ററിനൊപ്പം നിര്‍മാതാവ് കുറിച്ച ക്യാപ്ഷൻ ധാരാളം ചർച്ചകൾക്ക് തിരികൊളുത്തിയിരുന്നു. ടൈറ്റില്‍ കാര്‍ഡിനൊപ്പം ‘Born in north, Forged in the heart land, Worshipped in the south’ എന്നാണ് നിര്‍മാതാവ് എസ്. നാഗവംശി എക്സില്‍ കുറിച്ചതാണ് വിവാദമായത്. മുരുഗനെപ്പറ്റിയുള്ള ചിത്രമെന്ന സൂചന നിലനില്‍ക്കെ ഉത്തരേന്ത്യയില്‍ പിറന്നു എന്ന പ്രസ്താവനയാണ് തമിഴ്‌നാട്ടുകാരെ ചൊടിപ്പിച്ചത്.

തമിഴ് വികാരം വ്രണപ്പെടുത്തുന്നു എന്നും, ഈ ചിത്രം തമിഴ്‌നാട്ടിൽ ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമായേക്കാമെന്നും ചൂണ്ടിക്കാട്ടി ചിത്രത്തിന് നിരോധനം ഏർപ്പെടുത്തണമെന്നും നാം തമിഴർ കക്ഷിനേതാവ് സീമാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിഷയത്തിൽ എൻടിആർ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വിവാദം നിലനിൽക്കെയാണ് മുരുകന്റെ തന്നെ കഥയുമായി ധനുഷും വെട്രിമാരനും എത്തിയിരിക്കുന്നത്. എൻടിആർ ചിത്രത്തിനുള്ള കാച്ചിക്കുറുക്കിയ മറുപടിയായാണ് തമിഴ് മുരുകന്റെ പ്രഖ്യാപനത്തെ പ്രേക്ഷകർ വിലയിരുത്തുന്നത്.

‘പൊള്ളാതവൻ’, ‘ആടുകളം’, ‘വട ചെന്നൈ’, ‘അസുരൻ’ എന്നിവയാണ് ധനുഷ്-വെട്രിമാരൻ ടീമിന്റെതായി ഇതിന് മുൻപ് പുറത്തിറങ്ങിയിട്ടുള്ള ചിത്രങ്ങൾ. ഇതെല്ലാംതന്നെ നിരൂപക പ്രശംസയും വാണിജ്യ വിജയവും ഒരുപോലെ നേടിയ മികച്ച ചിത്രങ്ങളാണ്. 2010ൽ മികച്ച നടനും, മികച്ച സംവിധായകനുമടക്കം, ആറ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ചിത്രമാണ് ആടുകളം. ഇരുവരുടേയും നാലാമത്തെ ചിത്രമായ ‘അസുരൻ’ ധനുഷിന് മികച്ച നടനുള്ള തന്റെ രണ്ടാമത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരവും നേടിക്കൊടുത്തു.

ഗോഡ് ഓഫ് വാറിന് മറുപടിയുമായി, ധനുഷ്–വെട്രിമാരൻ കോമ്പോയിൽ തമിഴ് മുരുകൻ ലോഡിങ്
ധനുഷ് ചിത്രം 'ഓമി'ൽ നസറുദ്ദീൻ ഷായും; 32 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയുമായി വീണ്ടും ഒന്നിക്കുന്നു

സായി അഭ്യങ്കർ ആണ് പുതിയ ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മറ്റ് പ്രധാനപ്പെട്ട അണിയറപ്രവർത്തകരെ കുറിച്ചുള്ള വിവരങ്ങളും, റിലീസ് തിയതിയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Summary

Dhanush and Vetrimaaran have announced Tamil Murugan, a period drama inspired by Arivumathi's novel. The AI-generated announcement has sparked attention amid the controversy surrounding Jr NTR and Trivikram's God of War. Fans view the film as a cultural response, while expectations soar for the acclaimed Dhanush–Vetrimaaran collaboration.

Madism Digital
madismdigital.com