

രൺവീർ സിംഗ്, അക്ഷയ് ഖന്ന എന്നിവരെ കേന്ദ്രകഥാപത്രങ്ങളാക്കി ആദിത്യ ധർ സംവിധാനം ചെയ്ത് ബോക്സ് ഓഫീസിൽ ചരിത്രമായ ചിത്രമാണ് 'ധുരന്ദര്‍'. നിർമ്മാതാക്കൾ പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, വെറും 32 ദിവസത്തിൽ 1240 കോടിയാണ് ആഗോള തലത്തിൽ ഇത് വരെ ചിത്രം നേടിയിരിക്കുന്നത്. ഇതിൽ ട്രാക്കന്മാരുടെ കണക്കുകൾ പ്രകാരം കേരളത്തിൽ നിന്നും ചിത്രം നേടിയിരിക്കുന്നത് 7.20 കോടിയാണ്. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, തുങ്ങിയ വമ്പൻ താരങ്ങളുടേതല്ലാതെ, ബോളിവുഡ് സിനിമകൾക്ക് വലിയ മാർക്കറ്റ് ഇല്ലാത്ത കേരളത്തിൽ ഒരു ബോളിവുഡ് യുവനായകന്റെ സിനിമയ്ക്ക് ഇത്രയും വലിയ സ്വീകാര്യത കിട്ടുന്നത് ഇത് ആദ്യമാണ്.
വിതരണക്കാരെ സംബന്ധിച്ച് ചിത്രം കേരളത്തില്‍ വൻ ലാഭമാണ് നേടിയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചിത്രത്തിലെ നായകന്റെയും നായികയുടെയും പ്രായവ്യത്യാസത്തെ ചൊല്ലി നിരവധി ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്ന 'ധുരന്ദറി'നെ സംബന്ധിച്ച് കേരളത്തിൽ നിന്നുമുള്ള കളക്ഷൻ ചെറിയ നേട്ടമല്ല. ലിമിറ്റഡ് റിലീസ് ആയിരുന്നുവെങ്കിലും, കേരളത്തില്‍ ചിത്രത്തിന് ലോംഗ് റണ്‍ ലഭിച്ചതാണ് ഈ കളക്ഷൻ.
ചിത്രത്തിൽ, 'ദി റാത്ത് ഓഫ് ഗോഡ്' എന്ന കോഡ് നെയിമില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്റിന്റെ വേഷമായിരുന്നു രൺവീർ സിംഗിന്റേത്. ഒപ്പം, ഐഎസ്ഐ ഓഫീസര്‍ മേജര്‍ ഇഖ്ബാല്‍ എന്ന കഥാപാത്രമായാണ് നടൻ അര്‍ജുന്‍ രാംപാല്‍ എത്തിയത്. സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഏതായാലും, വലിയ രീതിയിലുള്ള മൗത് പബ്ലിസിറ്റിയും ലഭിച്ച് ചിത്രം വിജയിച്ചതോടെ രണ്‍വീര്‍ സിംഗിന്‍റെ താരമൂല്യം വർധിച്ചിരിക്കുകയാണ്.
English Summary: Dhurandhar, directed by Aditya Dhar and starring Ranveer Singh, has become the fifth highest-grossing film in Indian cinema history. The film earned ₹1240 crore worldwide, including ₹7.20 crore from Kerala, marking a rare box office success for a Bollywood young star in the state.