ദിയ മിർസയുടെ ദീപാവലി സന്ദേശം പിൻവലിച്ച് ബിഎംസി; വിമർശനവുമായി നടി, വിവാദത്തിന് പിന്നിൽ ബിജെപി നേതാവിന്റെ എതിർപ്പ്

മുംബൈയിലെ വായുമലിനീകരണം കുറയ്ക്കാനും പടക്കങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനും ആഹ്വാനം ചെയ്തുകൊണ്ടുള്ള ദിയ മിർസയുടെ ബോധവൽക്കരണ വീഡിയോയാണ് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ പിൻവലിച്ചത്.
ദിയ മിർസയുടെ ദീപാവലി സന്ദേശം പിൻവലിച്ച് ബിഎംസി; വിമർശനവുമായി നടി, വിവാദത്തിന് പിന്നിൽ ബിജെപി നേതാവിന്റെ എതിർപ്പ്
Published on: 

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങൾ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും വായുമലിനീകരണം കുറയ്ക്കാൻ എല്ലാവരും തയ്യാറാകണമെന്നുമുള്ള നടി ദിയ മിർസയുടെ സന്ദേശം വിവാദത്തിൽ. ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (ബിഎംസി) പരിസ്ഥിതി ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ വീഡിയോയാണ് ബിജെപി മുംബൈ അധ്യക്ഷൻ അമിത് സതാം എതിർപ്പ് അറിയിച്ചതിനു പിന്നാലെ അധികൃതർ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്തത്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബോധവൽക്കരണം നടത്തുന്നതിൽ എന്താണ് തെറ്റെന്ന ചോദ്യവുമായി ദിയയും പ്രതികരിച്ചിട്ടുണ്ട്.

ദീപാവലി ആഘോഷങ്ങൾക്കിടെ മുംബൈയിലെ അന്തരീക്ഷ മലിനീകരണവും ശബ്ദമലിനീകരണവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎംസി പുതിയ പ്രചാരണ പരിപാടി ആരംഭിച്ചത്. ബോംബെ ഹൈക്കോടതിയുടെ നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ പൊതുവഴികളിലും ഇടവഴികളിലും നടപ്പാതകളിലും പടക്കങ്ങൾ പൊട്ടിക്കുന്നത് നിയന്ത്രിക്കണമെന്നും പരിസ്ഥിതിക്ക് ആഘാതം കുറയ്ക്കുന്ന ആഘോഷരീതികൾ സ്വീകരിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ദിയ മിർസ ഉൾപ്പെടെയുള്ള പ്രമുഖരെ അണിനിരത്തി ബോധവൽക്കരണ വീഡിയോകൾ തയ്യാറാക്കിയത്.

ദിയ മിർസയുടെ ദീപാവലി സന്ദേശം പിൻവലിച്ച് ബിഎംസി; വിമർശനവുമായി നടി, വിവാദത്തിന് പിന്നിൽ ബിജെപി നേതാവിന്റെ എതിർപ്പ്
സിനിമയിലെ വയലൻസിനെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല; രാമായണത്തെ തട്ടിക്കൊണ്ടുപോകലിന് ഉത്തരവാദിയാക്കുന്നതുപോലെയെന്ന് രാം ഗോപാൽ വർമ്മ

എന്നാൽ, നവംബർ ഒന്നിന് ബിഎംസിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ച ദിയയുടെ വീഡിയോയ്ക്കെതിരെ അമിത് സതാം രംഗത്തെത്തുകയായിരുന്നു. ദീപാവലി ആഘോഷിക്കേണ്ട രീതികളെക്കുറിച്ച് ദിയ മിർസയിൽനിന്ന് ഉപദേശം ആവശ്യമില്ലെന്നും ഇന്ത്യൻ പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും ആഴത്തിലുള്ള വേരുകളുണ്ടെന്നുമായിരുന്നു എക്സിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനു പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ നടിയുടെ വീഡിയോ ബിഎംസി സമൂഹമാധ്യമ പേജുകളിൽനിന്ന് അപ്രത്യക്ഷമായി.

അതേസമയം, ഇതേ പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ മറ്റു പ്രമുഖരുടെ വീഡിയോകൾ നീക്കം ചെയ്തിരുന്നില്ല. നടിമാരായ മാധുരി ദീക്ഷിത്, നിഷിഗന്ധ വാഡ്, ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ എന്നിവരുടെ സന്ദേശങ്ങൾ ബിഎംസിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ തുടർന്നും ലഭ്യമായിരുന്നു. എല്ലാവരും മുന്നോട്ടുവെച്ചത് പടക്കങ്ങളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന ഒരേ സന്ദേശമായിരിക്കെ ദിയയുടെ വീഡിയോ മാത്രം പിൻവലിച്ചതാണ് കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചത്. വീഡിയോ നീക്കം ചെയ്തതിന്റെ കാരണത്തെക്കുറിച്ച് ബിഎംസി ഔദ്യോഗിക വിശദീകരണവും നൽകിയിട്ടില്ല.

ദിയ മിർസയുടെ ദീപാവലി സന്ദേശം പിൻവലിച്ച് ബിഎംസി; വിമർശനവുമായി നടി, വിവാദത്തിന് പിന്നിൽ ബിജെപി നേതാവിന്റെ എതിർപ്പ്
ഷാരൂഖ് ഖാന്റെ 'കിങ്' ഓവർസീസ് റൈറ്റ്സ് വിറ്റഴിച്ചത് 175 കോടി രൂപയ്ക്ക്; റെക്കോർഡ് നേട്ടത്തിൽ ഇന്ത്യൻ സിനിമ

വിവാദത്തിൽ പ്രതികരിച്ച ദിയ മിർസ, തന്റെ സന്ദേശത്തിന്റെ ഉദ്ദേശ്യം പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക മാത്രമായിരുന്നുവെന്ന് വ്യക്തമാക്കി. ഇരുട്ടിനുമേൽ വെളിച്ചത്തിന്റെയും അജ്ഞതയ്ക്കുമേൽ അറിവിന്റെയും നിരാശയ്ക്കുമേൽ പ്രതീക്ഷയുടെയും വിജയമാണ് ദീപാവലി ആഘോഷിക്കുന്നതെന്നും കൂടുതൽ ആരോഗ്യകരവും ഉത്തരവാദിത്തബോധമുള്ളതുമായ ആഘോഷരീതികളാണ് താൻ പ്രോത്സാഹിപ്പിച്ചതെന്നും നടി പറഞ്ഞു. വായുമലിനീകരണം പൊതുജനാരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന വിഷയമാണ്. അത് കുറയ്ക്കാനുള്ള ഓരോ ശ്രമവും എല്ലാവർക്കും മെച്ചപ്പെട്ട പരിസ്ഥിതി ഒരുക്കുന്നതിനുള്ള ചുവടുവെപ്പാണെന്നും അവർ കൂട്ടിച്ചേർത്തു. ബോംബെ ഹൈക്കോടതിയുടെയും ബിഎംസിയുടെയും നിർദേശപ്രകാരമാണ് താൻ ഈ വീഡിയോ ചിത്രീകരിച്ചതെന്നും പൊതുതാൽപര്യം മുൻനിർത്തിയുള്ള സന്ദേശത്തെ വിമർശിക്കേണ്ട സാഹചര്യം എന്താണെന്നും ദിയ ചോദിച്ചു. മലിനീകരണം കുറയ്ക്കാനുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും അവർ വ്യക്തമാക്കി.

സംഭവത്തിൽ രാഷ്ട്രീയ പ്രതികരണങ്ങളും ശക്തമായി. ദിയ മിർസയുടെ വീഡിയോ മാത്രം ലക്ഷ്യംവെച്ചതെന്തിനെന്ന് എഐഎംഐഎം വക്താവ് വാരിസ് പഠാൻ ചോദിച്ചു. മാധുരി ദീക്ഷിതും നിഷിഗന്ധ വാഡും സമാനമായ സന്ദേശം നൽകിയിട്ടും അവരുടെ വീഡിയോകൾക്കെതിരെ ഇതേ വിമർശനം ഉയരാത്തത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുംബൈയിലെ വായുമലിനീകരണ പ്രശ്നം പരിഹരിക്കാനുള്ള ബിഎംസിയുടെ ബോധവൽക്കരണ പരിപാടി ഇപ്പോൾ രാഷ്ട്രീയ വിവാദത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. പടക്കങ്ങളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന പൊതുസന്ദേശം ഒരു പ്രത്യേക വ്യക്തി മുന്നോട്ടുവെക്കുമ്പോൾ അതിനെ എതിർക്കേണ്ടതുണ്ടോ എന്ന ചോദ്യവും ഇതോടെ ഉയരുന്നു. ആഘോഷങ്ങളുടെ പാരമ്പര്യവും പരിസ്ഥിതി സംരക്ഷണവും പൊതുജനാരോഗ്യവും തമ്മിലുള്ള ചർച്ചകൾക്കിടയിൽ ദിയ മിർസയുടെ വീഡിയോ പിൻവലിച്ച നടപടി പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

Summary

Bollywood actress Dia Mirza's Diwali pollution awareness video was removed from the BMC's social media platforms following objections from BJP Mumbai chief Amit Satam. The move sparked controversy, with Dia questioning the decision and highlighting the importance of public health, environmental awareness and responsible festive celebrations.