

നടി അൻസിബ ഹസ്സന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചതിന് പിന്നാലെ പരിഹാസവുമായി സംവിധായകൻ എം എ നിഷാദ്. ടിനി ടോമിന് കോടതി സന്ദർശന ഭാഗ്യം സിദ്ധിച്ച സാഹചര്യത്തിൽ ഒരു നിയമോപദേശമെന്ന നിലയിലാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. "കോടതീൽ ചെന്നിട്ട് മൈസ്രേട്ടിനെ അനുകരിക്കാൻ നിൽക്കരുത്" എന്നാണ് നിഷാദ് പോസ്റ്റിലൂടെ പ്രധാനമായും പരിഹസിക്കുന്നത്.
"എത്രയും ബഹുമാനപ്പെട്ട ഠീം ഠോം അറിയാൻ" എന്ന് പേരെടുത്ത് പറയാതെ, എന്നാൽ വ്യക്തമായ സൂചന നൽകി അഭിസംബോധന ചെയ്തുകൊണ്ടാണ് നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. കോട്ടും കുപ്പായവും കറുപ്പുമൊക്കെ കാണുമ്പോൾ അദ്ദേഹത്തിന്റെ ഉള്ളിൽ അനുകരണത്വര ഉണരുമെന്നറിയാമെന്നും എന്നാൽ അത് വലിയ ആപത്താണെന്നും നിഷാദ് ഓർമ്മിപ്പിക്കുന്നു.
അത്തരത്തിൽ എന്തെങ്കിലും കാണിച്ചാൽ കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്ന് മാത്രമല്ല, കൊട്ടുവടിയാൽ പിടലിയിൽ താഡനമേൽക്കാനും യോഗം കാണുന്നുണ്ടെന്ന് അദ്ദേഹം കുറിപ്പിൽ പരിഹസിക്കുന്നു. അതിനാൽ നീതിപീഠത്തെ പീഡിപ്പിക്കാനുള്ള നടപടികളിൽ നിന്നും ഒഴിഞ്ഞുനിൽക്കുമെന്ന് വിശ്വസിക്കട്ടെ എന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്. കുറിപ്പിന്റെ താഴെ, "മൂന്നു പടങ്ങളിൽ അങ്ങയെ അഭിനയിപ്പിക്കാൻ ഭാഗ്യമുണ്ടായൊരു സംവിധായകൻ" എന്ന് അദ്ദേഹം സ്വയം വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യുമായി (AMMA) ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസങ്ങൾ. ടിനി ടോമിനെതിരെ അൻസിബ കോടതിയെ സമീപിക്കുകയും ഇതിൽ കേസെടുക്കാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തതിന് പിന്നാലെയാണ് സംവിധായകൻ എം എ നിഷാദ് ഈ ഒളിയമ്പുമായി രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഈ ഫേസ്ബുക്ക് പോസ്റ്റ് വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ബെസ്റ്റ് ഓഫ് ലക്ക്', 'അയൽജീവികൾ', 'തെളിവ്' തുടങ്ങി എം എ നിഷാദ് സംവിധാനം ചെയ്ത സിനിമകളിൽ ടിനി ടോം അഭിനയിച്ചിട്ടുണ്ട്.
നിഷാദിന്റെ ഈ പരിഹാസ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. പോസ്റ്റിന് താഴെ ടിനി ടോമിനെയും നിലവിലെ സിനിമാ വിവാദങ്ങളെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മിമിക്രി വേദികളിൽ നിന്നും സിനിമയിലെത്തിയ ടിനി ടോമിന്റെ പ്രധാന സവിശേഷത മറ്റുള്ളവരെ അനുകരിക്കാനുള്ള മികവാണ്. ടിനി ടോമിന്റെ ഈയൊരു പശ്ചാത്തലത്തെ മുൻനിർത്തിയാണ് 'കോടതിയിൽ ചെന്ന് മജിസ്‌ട്രേറ്റിനെ അനുകരിക്കരുത്' എന്ന രൂക്ഷമായ പരിഹാസം നിഷാദ് ഉന്നയിച്ചിരിക്കുന്നത്.
നേരത്തെ, ടിനി ടോമിനെതിരെ നീന കുറുപ്പും അൻസിബ ഹസ്സനും ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ ടിനി ടോമിനെ 'പൊതുശല്യ'മായി പ്രഖ്യാപിക്കാൻ നിയമപരമായി എന്തെങ്കിലും വകുപ്പുണ്ടോ എന്ന് സർക്കാർ ഗൗരവമായി ആലോചിക്കണമെന്ന് നിഷാദ് തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ പരിഹസിച്ചിരുന്നു.
Malayalam film director M.A. Nishad has taken a sharp, sarcastic dig at actor Tini Tom through a recent Facebook post. This reaction comes shortly after a court directed the police to register a case against Tini Tom based on a complaint filed by actress Ansiba Hassan, amidst ongoing controversies within the Malayalam film industry. Without directly naming him but making the reference obvious ("Tim Tom"), Nishad mockingly advised the actor not to try mimicking the magistrate when he appears in court.