

ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ‘ഡോൺ 3’ പ്രഖ്യാപിച്ച നാൾ മുതൽ തന്നെ സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും വ്യാപകമായ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ബിഗ് ബജറ്റ് ചിത്രത്തിൽ നിന്നുള്ള താരമാറ്റങ്ങളും പിൻവാങ്ങലുകളും സിനിമയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാക്കുകയും ചെയ്തു.
എന്നാൽ ഇപ്പോൾ, ഈ പ്രചാരണങ്ങൾക്ക് അറ്റ്‌ലി തന്നെ വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ്. ‘ഡോൺ 3’ സംവിധാനം ചെയ്യണമെന്ന് ഷാരൂഖ് ഖാൻ ആവശ്യപ്പെട്ടുവെന്ന വാർത്തകൾ സംവിധായകൻ നിഷേധിച്ചിരിക്കുകയാണ്. താൻ ആ സിനിമയുടെ ഭാഗമല്ലെന്നും അറ്റ്‌ലി വ്യക്തമാക്കി. ‘ജവാൻ’ രണ്ടാം ഭാഗം നിലവിൽ ആലോചനയിലില്ലെന്നും, ഉടൻ അത്തരമൊരു പ്രോജക്ട് ഉണ്ടാകില്ലെന്നും സംവിധായകൻ പറഞ്ഞു. ഭാവിയിൽ ഒരിക്കൽ അത് സംഭവിക്കാമെങ്കിലും, ഇപ്പോൾ അതിന് തീരുമാനമായിട്ടില്ലെന്നും അറ്റ്‌ലി കൂട്ടിച്ചേർത്തു.
അമിതാഭ് ബച്ചൻ നായകനായ ക്ലാസിക് ചിത്രമായ ‘ഡോൺ’ ഫർഹാൻ അക്തർ രണ്ടാം ഭാഗം സംവിധാനം ചെയ്തപ്പോൾ, ഷാരൂഖ് ഖാനായിരുന്നു കേന്ദ്രകഥാപാത്രം. എന്നാൽ മൂന്നാം ഭാഗത്തിൽ ഷാരൂഖിന് പകരം രൺവീർ സിംഗിനെ നായകനാക്കി ഫർഹാൻ പ്രഖ്യാപനം നടത്തിയിരുന്നു. പിന്നീട്, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ധുരന്ധർ’ വിജയിച്ചതിന് പിന്നാലെ രൺവീർ സിംഗ് ഈ പ്രോജക്ടിൽ നിന്ന് പിന്മാറിയതായാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ നായികയായിരുന്ന കിയാര അദ്വാനിയും വില്ലൻ വേഷം ചെയ്യാനിരുന്ന വിക്രാന്ത് മാസിയും നേരത്തെ തന്നെ സിനിമയിൽ നിന്ന് വിട്ടുനിന്നിരുന്നു.
ഇതോടെയാണ് ‘ഡോൺ 3’യിൽ ഇനി ആര് നായകനാകുമെന്ന ചർച്ചകൾ വീണ്ടും സജീവമായത്. ഒടുവിൽ ആ ചർച്ചകൾ ഷാരൂഖ് ഖാനിലേക്കാണ് തിരിഞ്ഞത്. ഷാരൂഖ് വീണ്ടും ‘ഡോൺ’ ആയി എത്താൻ തയ്യാറായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന് പിന്നാലെയാണ് ഫർഹാൻ അക്തറിന് പകരം അറ്റ്‌ലി സിനിമ സംവിധാനം ചെയ്യണമെന്ന ആവശ്യം ഷാരൂഖ് മുന്നോട്ടുവച്ചതായി അഭ്യൂഹങ്ങൾ പ്രചരിച്ചത്.
English Summary: Director Atlee has dismissed rumours linking him and Shah Rukh Khan to Don 3, clarifying that he is not associated with the project and that Jawan 2 is not currently in development.