

കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയിൽ നടൻ ഫഹദ് ഫാസിൽ കണ്ണിമ വെട്ടാതെ നേരെ നോക്കി ഇരിക്കുന്ന രംഗമാണ് ശ്രദ്ധ നേടിയിരുന്നു. വീഡിയോ പ്രചരിച്ചതോടെ താരത്തിനെതിരെ ലഹരി ഉപയോഗം ഉൾപ്പെടെയുള്ള പരിഹാസങ്ങളും വിമർശനങ്ങളും ഉയർന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ഫഹദിന്റെ നോട്ടത്തിന് പിന്നിൽ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD) എന്ന ന്യൂറോഡെവലപ്മെന്റൽ അവസ്ഥയാണെന്നും വിദഗ്ധർ വിശദീകരിക്കുന്നു.
ഫഹദ് ഫാസിൽ 'ആവേശം' സിനിമയുടെ പ്രൊമോഷൻ സമയത്തും മറ്റ് പരിപാടികളിലും തനിക്ക് ADHD ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. 41-ാം വയസ്സിലാണ് തനിക്ക് എഡിഎച്ച്ഡി ക്ലിനിക്കലായി കണ്ടെത്തിയതെന്നും അദ്ദേഹം തുറന്നുപറഞ്ഞു. കുട്ടിക്കാലത്ത് തന്നെ രോഗം കണ്ടെത്തി ചികിത്സ ആരംഭിച്ചിരുന്നെങ്കിൽ രോഗാവസ്ഥ നിയന്ത്രിക്കാമായിരുന്നുവെന്നും വൈകിയുള്ള രോഗനിർണയം കാരണം പൂർണമായി മാറ്റാൻ പ്രയാസമാണെന്നും താരം അന്ന് വ്യക്തമാക്കിയിരുന്നു.
ADHD എന്നത് ശ്രദ്ധക്കുറവ്, ഹൈപ്പർ ആക്ടിവിറ്റി, ഇമ്പൾസിവ്നസ് എന്നിവയാൽ സവിശേഷമായ ഒരു ന്യൂറോഡൈവേർജന്റ് അവസ്ഥയാണ്. ഇത് സാധാരണയായി കുട്ടികളിൽ കണ്ടെത്തുന്നതാണെങ്കിലും മുതിർന്നവരിലും പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. സംസാരിക്കുമ്പോഴോ മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴോ പെട്ടെന്ന് 'സോൺ ഔട്ട്' ആവുക, ശ്രദ്ധ നിലനിർത്താൻ ബുദ്ധിമുട്ട്, ഹൈപ്പർഫോക്കസ് ചില സമയങ്ങളിൽ എന്നിവ രോഗ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
ഫഹദിന്റെ കണ്ണിമ വെട്ടാത്ത നോട്ടം പോലുള്ള സ്വഭാവങ്ങൾ ADHD-യുമായി ബന്ധപ്പെട്ട ഹൈപ്പർഫോക്കസ് അല്ലെങ്കിൽ ഇന്റൻസ് കോൺസൻട്രേഷന്റെ ഭാഗമാകാമെന്നാണ് വിദഗ്ദ്ധ പഠനങ്ങളും ക്ലിനിക്കൽ നിരീക്ഷണങ്ങളും സൂചിപ്പിക്കുന്നത്. ലഹരി ഉപയോഗവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും അത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മെഡിക്കൽ വിദഗ്ധർ വ്യക്തമാക്കുന്നു.
മുതിർന്നവരിലെ ADHD-യെക്കുറിച്ചുള്ള അവബോധക്കുറവ് കാരണം പലരും അനാവശ്യ വിമർശനങ്ങൾക്കും മാനസിക സമ്മർദ്ദത്തിനും ഇരയാകാറുണ്ട്. ഫഹദ് ഫാസിലിന്റെ തുറന്ന സമീപനം ഈ അവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളെ മാനസികാരോഗ്യവുമായി ബന്ധപ്പെടുത്തി അനാവശ്യ ആരോപണങ്ങൾ ഉയർത്തുന്നത് ഒഴിവാക്കി, കൂടുതൽ അവബോധം വളർത്തേണ്ട സമയമാണിതെന്ന് ആരോഗ്യ വിദഗ്ധർ ഓർമിപ്പിക്കുന്നു.
English Summary: Experts say Fahadh Fazil’s unblinking eyes are not linked to substance abuse, citing medical and behavioral studies.