നിസാം ബഷീർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്-പാർവതി തിരുവോത്ത് ചിത്രം 'ഐ, നോബഡി' (I, Nobody) ജൂലൈയിൽ റിലീസിനൊരുങ്ങുന്നു. ഹൈസ്റ്റ് ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം ജൂലൈ 2-നോ 9-നോ തിയേറ്ററുകളിൽ എത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്ന് നിന്റെ മൊയ്തീൻ, കൂടെ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഐ നോബഡി.
ചിത്രത്തിന്റെയും ട്രെയിലറിന്റെയും സെൻസർ ബോർഡ് സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാകുന്നതിനായുള്ള കാത്തിരിപ്പിലാണ് അണിയറപ്രവർത്തകർ. ഇത് പൂർത്തിയായ ഉടൻ തന്നെ ട്രെയിലർ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ദുബായിൽ വെച്ച് വിപുലമായ രീതിയിൽ നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് വിവരങ്ങൾ. ചിത്രത്തിന്റെ ടീസർ ഇതിനകം തന്നെ പ്രേക്ഷകർക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.
'റോഷാക്ക്' എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഹൈസ്റ്റ് ആക്ഷൻ ത്രില്ലറാണ് ഐ, നോബഡി. സമീർ അബ്ദുള്ളാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. കുടുംബത്തോടൊപ്പം സാധാരണ ജീവിതം നയിക്കുന്ന രാജീവൻ എന്ന വ്യക്തി ഒരു ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായി പ്രതിസന്ധികളിൽ അകപ്പെടുന്നതും, പിന്നീട് സംഭവിക്കുന്ന നിഗൂഢതകളുമാണ് സിനിമയുടെ പ്രമേയം. താൻ ഒരു ഇരയാണോ അതോ ഈ സംഭവങ്ങളുടെ പിന്നിലെ ബുദ്ധികേന്ദ്രമാണോ എന്ന് പ്രേക്ഷകരെക്കൊണ്ട് ചിന്തിപ്പിക്കുന്ന രീതിയിലാണ് രാജീവന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എന്റർടെയ്ൻമെൻറ്സിന്റെയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജേക്‌സ് ബിജോയ് – പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രമെന്ന പ്രതേകതയും ഐ നോബഡിക്കുണ്ട്. ചിത്രത്തിലെ ഗാനങ്ങൾക്കായി 'ധുരന്ധർ' (Dhurandhar) എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുധീർ യാദുവൻഷിയും ഒരു ഗാനം ആലപിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണവും രമീഷ് എം ബി എഡിറ്റിംഗും നിർവഹിക്കുന്നു. പൃഥ്വിരാജിനും പാർവതിക്കും പുറമെ ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറ, നിഷാന്ത് സാഗർ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
Directed by Nisam Basheer, I, Nobody is a highly anticipated heist action thriller starring Prithviraj Sukumaran and Parvathy Thiruvothu. The film, which marks their on-screen reunion following the massive successes of Ennu Ninte Moideen and Koode, revolves around the mysterious life of Rajeevan, an ordinary man caught in the center of a bank heist. Produced by Prithviraj Productions and E4 Entertainment, the film is expected to hit theaters in early July 2026.