സ്കൂൾ പഠന കാലത്ത് ക്ലാസ് മുറിയിൽ വെച്ച് അശ്ലീല വെബ്‌സൈറ്റിൽ തന്റെ മോർഫ് ചെയ്ത ചിത്രം കാണാനിടയായതിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ജാൻവി കപൂർ. അന്ന് ആ വിഷയം ഗൌരവമായി പരിഗണിച്ചിരുന്നില്ലെന്നും പക്ഷെ ഇന്ന്, എഐ (AI) നിർമ്മിതമായ തന്റെ വ്യാജചിത്രങ്ങൾ പ്രചരിക്കുന്നത് കാണുന്നത് ആഴത്തിൽ ബാധിക്കുന്നുണ്ടെന്നും ജാൻവി പറഞ്ഞു. 15 വയസുള്ളപ്പോൾ സ്കൂളിലെ ഐടി ക്ലാസ്സിൽ വെച്ചായിരുന്നു തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടത്. രാജ് ഷമാനിയുമായുള്ള അഭിമുഖത്തിനിടയിൽ ജാൻവി കപൂർ മനസുതുറന്നു.
'അതൊരു ഡീപ്ഫേക്ക് ചിത്രമായിരുന്നോ എന്നൊന്നും അറിയില്ല. പക്ഷേ അതിന് സമാനമായ രീതിയിൽ എന്തോ ആയിരുന്നു. സ്കൂളിൽ ഐടി ക്ലാസുകൾ ഉണ്ടായിരുന്നപ്പോൾ ആൺകുട്ടികൾ രസത്തിനു വേണ്ടി അശ്ലീല ഉള്ളടക്ക സൈറ്റുകളിൽ പോകുമായിരുന്നു. അങ്ങനെയായിരുന്നു ഒരു അശ്ലീല സൈറ്റിൽ മോർഫ് ചെയ്ത ചിത്രം കണ്ടത്. തീർത്തും വിചിത്രമായ അനുഭവമായിരുന്നു.
ഇത്തരം വിഷയങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ യാതൊരു ധാർമ്മികതയില്ലെന്നും, പലപ്പോഴും പ്രശസ്തിക്കായി നൽകേണ്ടി വരുന്ന വിലയാണെന്നുമാണ് അക്കാലത്ത് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചതെന്നും നടി പറഞ്ഞു. എന്നാൽ വർഷങ്ങൾക്കിപ്പുറം ഈ വിഷയങ്ങളോടുള്ള തന്റെ കാഴ്ചപ്പാട് പൂർണമായും മാറിയെന്നും അവർ വ്യക്തമാക്കി.
അതേസമയം, സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാർ ജലോട്ട സംവിധാനം ചെയ്ത 'പരം സുന്ദരി'യാണ് അവസാനമായി പുറത്തിറങ്ങിയ ജാൻവി ചിത്രം. ചിത്രത്തിലെ സുന്ദരിയെന്ന ജാൻവി കഥാപത്രത്തിനു വലിയ ട്രോളുകളാണ് കേരളത്തിൽ നിന്നും ലഭിച്ചത്. ചിത്രത്തിൽ പരം എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് സിദ്ധാർഥ് മൽഹോത്രയായിരുന്നു. മഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻ ആയിരുന്നു ചിത്രം നിർമിച്ചത്. ആർഷ് വോറ, ഗ്വാർവ മിശ്ര എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയത്.
English Summary: Janhvi Kapoor revealed a disturbing childhood experience of seeing her morphed image on an adult website during school days and expressed concern over the growing impact of AI-generated fake images today.