ട്രാൻസ്‌ഫോബിയ! കർശന നടപടി വേണം; തമിഴ്നാട് സാമൂഹ്യനീതി മന്ത്രിയെ കണ്ട് കാർത്തിക് സുബ്ബരാജും ‘ഡൊറോത്തി’ ടീമും

സാമൂഹിക വിവേചനങ്ങളെ ചോദ്യം ചെയ്യുകയും സമത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കൂടുതൽ സിനിമകൾ ആവശ്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു
ട്രാൻസ്‌ഫോബിയ! കർശന നടപടി വേണം; തമിഴ്നാട് സാമൂഹ്യനീതി മന്ത്രിയെ കണ്ട് കാർത്തിക് സുബ്ബരാജും ‘ഡൊറോത്തി’ ടീമും
Published on: 

ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ജീവിതവും സാമൂഹിക പ്രശ്നങ്ങളും പ്രമേയമാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘ഡൊറോത്തി’ കൂടുതൽ ശ്രദ്ധ നേടുകയാണ്. സിനിമയുടെ അണിയറപ്രവർത്തകർ തമിഴ്നാട് സാമൂഹ്യനീതി മന്ത്രി വണ്ണി അരസുവുമായി കൂടിക്കാഴ്ച നടത്തി. ജാതിവിവേചനത്തിനെതിരെയും ട്രാൻസ്‌ഫോബിയക്കെതിരെയുമുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയ ചിത്രത്തെ മന്ത്രി പ്രശംസിച്ചു. ട്രാൻസ്‌ഫോബിയക്കെതിരെ കർശന നിയമനടപടികളും ട്രാൻസ്‌ജെൻഡർ സമൂഹത്തിനായി പ്രത്യേക ഹെൽപ്‌ലൈനും വേണമെന്ന് സംവിധായകൻ കാർത്തിക് സുബ്ബരാജ് ആവശ്യപ്പെട്ടു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം വ്യക്തമാക്കി.

സാമൂഹിക വിവേചനങ്ങളെ ചോദ്യം ചെയ്യുകയും സമത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കൂടുതൽ സിനിമകൾ ആവശ്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കീർത്തി സുരേഷ്, ഋഷികാന്ത്, സനന്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം സെപ്റ്റംബർ 25നാണ് തിയറ്ററുകളിലെത്തിയത്. കാർത്തിക് സുബ്ബരാജ് തന്നെയാണ് ചിത്രത്തിന്റെ നിർമാണം. ഇളയരാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ എക്സിലൂടെ പങ്കുവെച്ച കാർത്തിക് സുബ്ബരാജ്, ചിത്രത്തിന്റെ സന്ദേശം തിരിച്ചറിഞ്ഞ മന്ത്രിക്ക് നന്ദി അറിയിച്ചു. ‘ഡൊറോത്തി’ ടീമിനെ തമിഴ്നാട് സർക്കാർ സെക്രട്ടേറിയറ്റിൽ ആദരിച്ച മന്ത്രി വണ്ണി അരസു, സമൂഹത്തിൽ ആരോഗ്യകരമായ ചർച്ചകൾക്കും മാറ്റത്തിനും തുടക്കമിട്ട പ്രധാനപ്പെട്ട സിനിമയാണ് ഇതെന്ന് അഭിപ്രായപ്പെട്ടതായും സംവിധായകൻ കുറിച്ചു.

ട്രാൻസ്‌ഫോബിയ! കർശന നടപടി വേണം; തമിഴ്നാട് സാമൂഹ്യനീതി മന്ത്രിയെ കണ്ട് കാർത്തിക് സുബ്ബരാജും ‘ഡൊറോത്തി’ ടീമും
നായകന്‍, ബിസിനസ്മാന്‍, വന്‍വീഴ്ച; അരവിന്ദ് സ്വാമി സിനിമയും ജീവിതവും

കാർത്തിക് സുബ്ബരാജും, അണിയറപ്രവർത്തകരും ആഴത്തിൽ വേരൂന്നിയ സാമൂഹിക പ്രശ്നങ്ങൾ സിനിമയിലൂടെ ചർച്ചയാക്കുന്നതിനെ മന്ത്രി വണ്ണി അരസു അഭിനന്ദിച്ചു. ജാതിവ്യവസ്ഥകളെ തകർക്കാൻ സംവിധായകർ മുന്നോട്ടുവരുന്നത് പ്രതീക്ഷ നൽകുന്നതാണെന്നും ട്രാൻസ്‌ജെൻഡർ സമൂഹത്തെക്കുറിച്ച് പുതിയ ചർച്ചകൾക്ക് ചിത്രം വഴിതുറന്നെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങൾ പ്രമേയമാക്കുന്ന കൂടുതൽ സിനിമകൾ ഉണ്ടാകണമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

മണിരത്നം, ശങ്കർ തുടങ്ങിയ സംവിധായകരും ‘ഡൊറോത്തി’യെ പ്രശംസിച്ചിട്ടുണ്ട്. സൂപ്പർതാരം രജനികാന്തും ചിത്രത്തിന്റെ അണിയറപ്രവർത്തകരെ നേരിൽക്കണ്ട് അഭിനന്ദിച്ചിരുന്നു. ട്രാൻസ്‌ഫോബിയക്കെതിരെ കർശന നടപടികളും ട്രാൻസ്‌ജെൻഡർ സമൂഹത്തിനായി പ്രത്യേക ഹെൽപ്‌ലൈനും വേണമെന്ന കാർത്തിക് സുബ്ബരാജിന്റെ ആവശ്യം കൂടി ഉയർന്നതോടെ, സിനിമയെക്കുറിച്ചുള്ള ചർച്ചകൾക്കപ്പുറം ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കും ശ്രദ്ധ തിരിയുകയാണ്.

ട്രാൻസ്‌ഫോബിയ! കർശന നടപടി വേണം; തമിഴ്നാട് സാമൂഹ്യനീതി മന്ത്രിയെ കണ്ട് കാർത്തിക് സുബ്ബരാജും ‘ഡൊറോത്തി’ ടീമും
‘ലാലേട്ടന്റെ സ്ക്രീൻ ടൈം ചുരുക്കിയതിൽ നിരാശയുണ്ട്’; ജയിലർ 2-ൽ 3 ലുക്കുകൾ ഒഴിവാക്കിയെന്ന് കോസ്റ്റ്യൂം ഡിസൈനർ

കീർത്തി സുരേഷ്, സനന്ത്, ഋഷികാന്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘ഡൊറോത്തി’യുടെ കഥ 1990കളുടെ പശ്ചാത്തലത്തിലാണ്. ജാതിവിവേചനവും വിഷലിപ്തമായ പുരുഷാധിപത്യവും അക്രമങ്ങളും നിറഞ്ഞ സാമൂഹിക സാഹചര്യത്തിൽ, രണ്ടു സുഹൃത്തുക്കളുടെ ജീവിതത്തിലേക്ക് കരുണയും അനുകമ്പയും കടന്നുവരുന്നതിലൂടെയുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.

റിലീസിന് മുൻപ് ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചപ്പോൾ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാൽ സെപ്റ്റംബർ 25ന് തിയറ്ററുകളിലെത്തിയതോടെ ചിത്രം എൽജിബിടിക്യു സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തി. ‘ദ്രൗപതി’ എന്ന ചിത്രത്തിന്റെ സംവിധായകൻ മോഹൻ ജി ക്ഷത്രിയൻ ഉൾപ്പെടെയുള്ളവർ ‘ഡൊറോത്തി’ക്കെതിരെ വിമർശനമുന്നയിച്ചിട്ടുണ്ട്.

Summary

Director Karthik Subbaraj and the team of Dorothy met Tamil Nadu Social Justice Minister Vanni Arasu to discuss transgender rights and social discrimination. Subbaraj sought stricter action against transphobia and a dedicated helpline for the transgender community. The minister praised the film for encouraging conversations about equality and social change.

Madism Digital
madismdigital.com