

'കേരള സ്‌റ്റോറി 2 ഗോസ് ബിയോൺഡ്' സിനിമയുടെ ടീസർ പിൻവലിക്കുന്നതിന് കോടതി ഉത്തരവ് വന്നിട്ടില്ലെന്ന് നിർമാതാക്കൾ. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺഷൈൻ പിക്‌ചേഴ്‌സിന്റെ പ്രസ്താവന. ടീസർ സംബന്ധിച്ച വിഷയം കോടതിയുടെ പരിഗണനയിലാണെന്നും ഉള്ളടക്കത്തിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതോ പിന്വലിക്കുന്നതോ സംബന്ധിച്ച് ഉത്തരവോ വിധിയോ വന്നിട്ടില്ലെന്നും നിർമാതാക്കൾ പ്രസ്താവനയിൽ അവകാശപ്പെട്ടു. ചിത്രത്തിനെതിരേ സമർപ്പിച്ച ഹർജി കഴിഞ്ഞദിവസമാണ് ഹൈക്കോടതി പരിഗണിച്ചത്.
വിവാദം സൃഷ്ടിച്ച 'ദ കേരളാ സ്‌റ്റോറി'യുടെ രണ്ടാംഭാഗത്തിന്റെ ടീസറിന്റെയും ട്രെയ്‌ലറിന്റെയും ഉള്ളടക്കം പ്രകോപനപരമാണെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഡ്വ. മൈേ്രത സച്ചിദാനന്ദ ഹെഗ്‌ഡെ കോടതിയിൽ വാദിച്ചു. എന്നാൽ ടീസറിലെ ഉള്ളടക്കം സിനിമയിൽ ഇല്ലെന്നായിരുന്നു നിർമാതാക്കളുടെ മറുപടി. ഈ ഹർജി പൊതുതാത്പര്യ സ്വഭാവമുള്ളതാണെന്നും നിലനിൽക്കുമോ എന്നതിലടക്കം വാദം ഉന്നയിക്കാനുണ്ടെന്നും നിർമാതാക്കളുടെ അഭിഭാഷകൻ അറിയിച്ചതിനാൽ തുടർവാദത്തിനായി മാറ്റിയിരിക്കുകയാണ്.
ഈ വിവാദങ്ങളുമായി ബന്ധപ്പെട്ട് തങ്ങളുടെ ഔദ്യോഗിക സമൂഹ മാധ്യമ പേജുകളിലൂടെ സൺഷൈൻ പിക്‌ചേഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയിൽ 'ദ കേരളാ സ്റ്റോറി 2- ഗോസ് ബിയോണ്ട് ടീസർ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്ത വ്യാജവും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് വ്യക്തമാക്കാൻ സൺഷൈൻ പിക്‌ചേഴ്‌സ് ആഗ്രഹിക്കുന്നതായും വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും ഇതുവരെ ഒരു കോടതിയും ഉള്ളടക്കം പിൻവലിക്കാൻ വിധിക്കുകയോ ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ല, തങ്ങൾ ഒന്നും നീക്കം ചെയ്തിട്ടില്ലെന്നും പറയുന്നു.
കൂടാതെ 'ദ കേരള സ്‌റ്റോറി ഗോസ് ബിയോണ്ട്' എന്ന ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും തങ്ങളുടെ എല്ലാ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണെന്നും സ്ഥിരീകരണമില്ലാത്ത വിവരങ്ങളോ ഊഹാപോഹങ്ങളോ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോടും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളോടും വ്യക്തികളോടും തങ്ങൾ അഭ്യർഥിക്കുന്നതായും ഇത്തരം തെറ്റായ വിവരങ്ങൾ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും, സൺഷൈൻ പിക്‌ചേഴ്‌സ് പ്രസ്താവനയിൽ വ്യക്തമാക്കി.
English Summary: The producers of The Kerala Story 2: Goes Beyond have denied reports claiming that a court ordered the removal of the teaser. Sunshine Pictures stated that no court has issued any directive to withdraw or modify the teaser, and the matter is still under judicial consideration.