'ഒരു കെട്ട് പച്ചനോട്ടുകള്‍ക്കും വിലകുറഞ്ഞ പ്രശസ്തിക്കും എന്റെ മക്കളെ ഉപയോഗിക്കരുത്'; സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ ഖുശ്ബു

ഇത്തരം ആളുകളുടെ മാനസികാവസ്ഥ വളരെ മോശമാണെന്നും സംസ്‌കാര ശൂന്യതയാണെന്നും വളര്‍ത്തുദോഷമാണെന്നും അവര്‍ തുറന്നടിച്ചു
'ഒരു കെട്ട് പച്ചനോട്ടുകള്‍ക്കും വിലകുറഞ്ഞ പ്രശസ്തിക്കും എന്റെ മക്കളെ ഉപയോഗിക്കരുത്'; സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ ഖുശ്ബു
Published on

തന്റെ മക്കളെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അധിക്ഷേപിക്കുന്നവര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് നടി ഖുശ്ബു സുന്ദര്‍. വിലകുറഞ്ഞ പ്രശസ്തിയ്ക്കും പണത്തിനും വേണ്ടി തന്റെ മക്കളെ അപമാനിക്കുന്നത് അനുവദിച്ച് തരില്ലെന്നും ഖുശ്ബു പറഞ്ഞു. സ്‌നേഹവും വിശ്വാസവും പരസ്പര ധാരണയും അടിസ്ഥാനമാക്കിയാണ് തന്റെ കുടുംബം കെട്ടിപ്പടുത്തിരിക്കുന്നതെന്നും പരാജയപ്പെട്ടിടത്തുനിന്നും പോരാടിയാണ് തിരിച്ചുവന്നിട്ടുള്ളതെന്നും ഖുശ്ബു എക്സില്‍ കുറിച്ചു.

'ഇത് എന്റെ കുടുംബമാണ്. സ്‌നേഹത്തിലും വിശ്വാസത്തിലും പരസ്പര ധാരണയിലുമാണ് ഇത് കെട്ടിപ്പടുത്തിരിക്കുന്നത്. ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, എല്ലുമുറിയെ പണിയെടുത്തിട്ടുണ്ട്, ചോരയും നീരും ഒഴുക്കിയാണ് ഇന്ന് കാണുന്ന ഈ നിലയില്‍ എത്തിയത്. ചിലപ്പോഴൊക്കെ ഞങ്ങള്‍ക്ക് പിഴച്ചിട്ടുണ്ടാകാം, പരാജയപ്പെട്ടിട്ടുണ്ടാകാം, കാലിടറി വീണിട്ടുമുണ്ടാകാം, എന്നാല്‍ പൂര്‍വ്വാധികം ശക്തിയോടെ പോരാടി വീണ്ടും വിജയം വരിക്കാന്‍ ഞങ്ങള്‍ ഒരിക്കലും മടിച്ചിട്ടില്ല. ഞങ്ങള്‍ ഞങ്ങളുടെ മക്കളെ വളരെ ശ്രദ്ധയോടെയാണ് വളര്‍ത്തിയത്. വിജയങ്ങളില്‍ അഹങ്കരിക്കാനോ സെലിബ്രിറ്റികളുടെ മക്കളാണെന്ന ആനുകൂല്യം മുതലെടുക്കാനോ ഞങ്ങള്‍ ഒരിക്കലും അനുവദിച്ചിട്ടില്ല. മക്കളെക്കുറിച്ച് ഞങ്ങള്‍ക്ക് അങ്ങേയറ്റം അഭിമാനമേയുള്ളൂ', ഖുശ്ബു കുറിച്ചു.

വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടി തന്റെ മക്കളെ അപമാനിക്കാനോ അനാദരിക്കാനോ ആരെയും അനുവദിക്കില്ലെന്നും ഇത്തരം ആളുകളുടെ മാനസികാവസ്ഥ വളരെ മോശമാണെന്നും സംസ്‌കാര ശൂന്യതയാണെന്നും വളര്‍ത്തുദോഷമാണെന്നും അവര്‍ തുറന്നടിച്ചു. 'ഒരു അമ്മയെന്ന നിലയില്‍, വഴിയേപോകുന്ന ഏതെങ്കിലും ഒരു വലിപ്പചെറുപ്പമില്ലാത്തവന്‍ എന്റെ മക്കളെ അപമാനിക്കാനോ അനാദരിക്കാനോ അല്ലെങ്കില്‍ രണ്ട് മിനിറ്റ് നേരത്തെ വിലകുറഞ്ഞ പ്രശസ്തിക്കായി അവരെ ഉപയോഗിക്കാനോ ഞാന്‍ അനുവദിക്കില്ല. അവരുടെ മനോഭാവം അത്രമാത്രം ക്രൂരവും തരംതാണതും മോശവുമാണ്, അത് അവരുടെ വളര്‍ത്തുദോഷം കൂടിയാണ് വ്യക്തമാക്കുന്നത്. അവര്‍ സംസാരിക്കുന്ന അതേ ഭാഷയിലും രീതിയിലും എനിക്കും മറുപടി നല്‍കാന്‍ അറിയാം. പക്ഷേ, ഞാന്‍ അതിന് മുതിരില്ല. എന്റെ അമ്മയെയും അമ്മ എന്നെ വളര്‍ത്തിയ രീതിയെയും അനാദരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല', ഖുശ്ബു തുറന്നടിച്ചു.

'ഒരു കെട്ട് പച്ചനോട്ടുകള്‍ക്കും വിലകുറഞ്ഞ പ്രശസ്തിക്കും എന്റെ മക്കളെ ഉപയോഗിക്കരുത്'; സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ ഖുശ്ബു
പെട്ടി റേഡിയോയില്‍ വിരിഞ്ഞ സ്വപ്നം, ഭാഷകള്‍ കീഴടക്കിയ സംഗീത സഞ്ചാരം; ദശലക്ഷങ്ങളുടെ ഹൃദയം തൊട്ട ജാനകീയരാഗങ്ങള്‍

'കുറച്ചു ഫോളോവേഴ്‌സിനെയും പരിഹാസങ്ങളെയും നേടാനായി എന്റെ മക്കളെയും കുടുംബത്തെയും ഉപയോഗിക്കാന്‍ ഇറങ്ങിത്തിരിച്ച ഏതോ തരംതാണ ഒരു വിഡ്ഢിക്കു വേണ്ടിയുള്ളതല്ല ഈ സന്ദേശം. ഒരു കെട്ട് പച്ചനോട്ടുകള്‍ക്കു വേണ്ടി, സ്വന്തം കുടുംബം പുലര്‍ത്താനായി ഞങ്ങളെക്കുറിച്ച് ഇരുന്ന് സംസാരിക്കുന്ന യൂട്യൂബര്‍മാര്‍ എന്നു വിളിക്കപ്പെടുന്ന എല്ലാവര്‍ക്കുമുള്ള വളരെ വ്യക്തമായ സന്ദേശമാണിത്. ഇന്ന് നമ്മള്‍ നമുക്കു വേണ്ടി സംസാരിച്ചില്ലെങ്കില്‍, ഈ മഠയന്മാര്‍ നമ്മുടെ നെഞ്ചത്തു കയറും. അവര്‍ക്ക് അറിയാത്ത ഒന്നുണ്ട്, നമ്മുടെ ഉള്ളിലുള്ള കരുത്ത് വിലയ്ക്കു വാങ്ങിയതല്ല, കഠിനാധ്വാനത്തിലൂടെ നേടിയെടുത്തതാണ്. നിങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ തന്നെ നിലകൊള്ളണമെന്നാണ് ഇവിടെയുള്ള ഓരോ സ്ത്രീയോടും എനിക്കു പറയാനുള്ളത്. മറ്റുള്ളവര്‍ നിങ്ങളെ ബഹുമാനിക്കാതിരിക്കുമ്പോള്‍ അതൊരു കാര്യമാക്കേണ്ടതില്ല. നിങ്ങളെത്തന്നെ ബഹുമാനിക്കാന്‍ പഠിക്കുക. മറ്റുള്ളവര്‍ നിങ്ങളെ അപമാനിക്കാന്‍ ഒരിക്കല്‍പ്പോലും അനുവദിക്കരുത്. ഒരു സുഹൃത്തായും കുടുംബമായും എപ്പോഴും കൂടെയുണ്ടാകുന്നതിന് രാധികയ്ക്ക് നന്ദി', അവര്‍ പറഞ്ഞു നിര്‍ത്തി.

ഖുശ്ബുവിന് പിന്തുണ പ്രഖ്യാപിച്ച് നടി രാധിക ശരത്കുമാറും രംഗത്തെത്തി. ഖുശ്ബുവിനും കുടുംബത്തിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാധിക ശരത്കുമാര്‍ തന്റെ പിന്തുണ അറിയിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം എന്നാല്‍ മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള സ്വാതന്ത്ര്യമല്ലെന്നും വിമര്‍ശനം ക്രൂരതയാകരുതെന്നും അവര്‍ വ്യക്തമാക്കി. ഒരു വ്യക്തിയുടെ മക്കളെ പരിഹസിക്കുന്നത് തമാശയല്ല, മറിച്ച് ഭീരുത്വമാണെന്നും രാധിക കുറിച്ചു.

ഖുശ്ബുവിന്റെയും സംവിധായകന്‍ സുന്ദര്‍ സിയുടെയും മക്കളായ അവന്തികയും ആനന്ദിതയും തങ്ങളുടെ രൂപത്തിന്റെ പേരില്‍ നേരത്തെയും വലിയ തോതില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. താന്‍ ഇന്‍സ്റ്റാഗ്രാം തുറക്കുമ്പോള്‍ ആളുകള്‍ തന്നെ 'ട്രാന്‍സ്‌പേഴ്‌സണ്‍' എന്ന് വിളിച്ചാണ് കൂടുതലും അധിക്ഷേപിക്കാറുള്ളതെന്ന് അടുത്തിടെ ഒരു പോഡ്കാസ്റ്റില്‍ ആനന്ദിത വെളിപ്പെടുത്തിയിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ വളരെ മനോഹാരിതയുള്ളവരാണെന്നും ആ പദം ഒരു അപമാനവാക്കായി ഉപയോഗിക്കുന്നത് അറിവില്ലായ്മയാണെന്നും ആനന്ദിത പറഞ്ഞിരുന്നു. 'ഡബിള്‍ ഒക്യുപ്പന്‍സി' എന്ന ചിത്രത്തിലൂടെ ക്രിയേറ്റീവ് പ്രൊഡ്യൂസറായി അരങ്ങേറ്റം കുറിച്ച ആനന്ദിത റിലീസാവാനിരിക്കുന്ന 'മീസയൈ മുറുക്ക് 2' എന്ന സിനിമയുടെ നിര്‍മാതാവുമാണ്.

Summary

Actor-politician Khushbu Sundar has strongly condemned people who repeatedly target her daughters on social media, saying she will not tolerate anyone insulting them for "cheap fame" or financial gain. In a heartfelt post on X, she said her family was built on love, trust and mutual respect, and that her daughters were raised with humility despite being celebrity children. Khushbu criticised YouTubers and online trolls who use her family for views and engagement, urging women to stand up for themselves against abuse. Actor Radhika Sarathkumar also extended her support, stating that freedom of expression should never become a license for cruelty. Khushbu's daughters, Avantika and Anandita, have previously spoken about facing body-shaming and cyberbullying online.

Madism Digital
madismdigital.com