

കരിയറിന്റെ തുടക്കകാലത്ത് തന്നെ തേടി വന്നിരുന്നത് സ്ഥിരം ശൈലിയിലുള്ള കഥാപാത്രങ്ങൾ മാത്രമായിരുന്നുവെന്നും ഇന്നത്തെ മാറ്റം ഒരു രാത്രികൊണ്ട് സംഭവിച്ചതല്ലെന്നും തുറന്നുപറഞ്ഞ് കുഞ്ചാക്കോ ബോബൻ. ക്യൂ സ്റ്റുഡിയോസിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ കരിയറിലെ കടുപ്പമേറിയ കഠിനാധ്വാനത്തെക്കുറിച്ച് മനസ്സ് തുറന്നത്.
കുഞ്ചാക്കോ ബോബന്റെ വാക്കുകൾ:
ആദ്യ കാലങ്ങളിലെല്ലാം എന്നെ തേടി വന്നത് സ്റ്റീരിയോ ടൈപ്പ് കഥാപാത്രങ്ങളും സിനിമകളുമൊക്കെയായിരുന്നു. പക്ഷേ ഇടവേളയ്ക്കുശേഷം തിരിച്ചുവന്നപ്പോൾ ചെറുതാണെങ്കിലും പുതിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു. ഇപ്പോൾ പലരും പറയുന്ന എന്റെ ഓരോ വ്യത്യസ്ത സിനിമകളും കഥാപാത്രങ്ങളുമുണ്ടാവുന്നത് 2007 മുതലുള്ള പരിശ്രമങ്ങളുടെ ഫലമാണ്. അന്ന് തുടങ്ങിയ ശ്രമങ്ങളുടെ യഥാർത്ഥ ഫലം കിട്ടുന്നത് ഇപ്പോഴാണെന്ന് മാത്രം. ആ യാത്രയുടെ തുടർച്ചയാണ് ഇന്ന് കാണുന്നതെല്ലാം. അല്ലാതെ പെട്ടെന്നൊരു ഒരു രാത്രികൊണ്ട് സംഭവിച്ച പരിണാമമല്ല ഇതൊന്നും.
കുറേയധികം ശ്രമങ്ങളും പരാജയങ്ങളുമുണ്ടായിട്ടുണ്ട്. എന്തൊക്കെയോ പലതും നഷ്ടമാവുകയും കണ്ണുംപൂട്ടി ചെയ്യുകയും എടുത്തുചാടുകയുമെല്ലാം ചെയ്തിട്ടുണ്ട്. പലതിലേക്കും എടുത്തുചാടിയത് ആഴമളന്നിട്ടാല്ലായിരുന്നു. വീഴ്ചയിൽ കൈകാലുകളടിച്ചും അടിത്തട്ടിൽ പോവുകയുമൊക്കെ സംഭവിച്ചിട്ടുണ്ട്. പക്ഷേ കയറിവരാൻ എന്നും ശ്രമിച്ചിട്ടുണ്ട്.
'ഒരു ദുരൂഹ സാഹചര്യത്തിലാണ്' കുഞ്ചാക്കോ ബോബന്റേതായി എത്തിയ പുതിയ ചിത്രം. കൂടാതെ 19 വർഷങ്ങൾക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം 'പേട്രിയേറ്റി'ലും ഒരു പ്രധാന വേഷത്തിൽ കുഞ്ചാക്കോ ബോബൻ എത്തുന്നുണ്ട്. ഡാർക്ക് ഹ്യൂമറും മനുഷ്യന്റെ നിസ്സഹായതയും നിറഞ്ഞ കഥാപശ്ചാത്തലമാണ് 'ഒരു ദുരൂഹ സാഹചര്യത്തിൽ' പറയുന്നത്.
'മഞ്ഞുമ്മല്‍ ബോയ്സ്' അടക്കമുള്ള വിജയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ചിദംബരത്തിന്‍റെ നടനായുള്ള അരങ്ങേറ്റമാണ് ഈ ചിത്രം. മാജിക് ഫ്രെയിംസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
English Summary: Kunchacko Boban revealed that the diverse roles and films he is known for today are the result of continuous efforts after his career break. He said he initially received only stereotypical roles but consciously experimented with new characters after his comeback, leading to his current success.