

ആറാം ക്ലാസിൽ പഠിക്കുമ്പോൾ, കലോത്സവത്തിൽ പങ്കെടുത്ത അനുഭവം പങ്കുവെച്ച് നടൻ ലാലു അലക്സ്. അന്നായിരുന്നു ആദ്യമായി സ്റ്റേജിൽ കാൽവെച്ചതെന്നും, പാട്ടുപാടാൻ ആത്മവിശ്വാസം തന്നത് അമ്മയായിരുന്നു എന്നും അദ്ദേഹം ഓർത്തെടുത്തു. അന്ന് പാടിയ ഗാനം, ഇന്ന് കേൾക്കുമ്പോൾ സ്റ്റേജിനേക്കാൾ ഉയർന്നൊരു വേദിയിൽ അമ്മയുടെ മുഖമാണ് മനസ്സിൽ തെളിയുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. പുതു തലമുറയിലെ കുഞ്ഞുകലാകാരന്മാർ ഒരിക്കലും സമ്മാനം ലക്ഷ്യം വെയ്ക്കരുതെന്നും സ്വന്തം കലയിൽ വിശ്വസിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ എഴുതിയ അനുഭവക്കുറിപ്പിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
ലാലു അലക്സിന്റെ കുറിപ്പ് വായിക്കാം:
ഇന്ന് തൃശ്ശൂരിൽ തിരി തെളിഞ്ഞ 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ദൃശ്യങ്ങൾ ടെലിവിഷനിലൂടെ കാണുമ്പോൾ, എന്റെ ഹൃദയം എന്നെ പിന്നോട്ടേക്ക് കൂട്ടിക്കൊണ്ടുപോയി— എന്റെ സ്വന്തം ബാല്യത്തിലേക്ക്… സ്റ്റേജിന്റെ വെളിച്ചത്തിലേക്ക്… ആദ്യമായി തളിർത്തെളിഞ്ഞ സ്വപ്നങ്ങളിലേക്ക്…
പിറവം എം.കെ.എസ്. സ്കൂളിൽ പഠിച്ചിരുന്ന കാലം. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി സ്റ്റേജിൽ കാൽവെച്ചത്. അന്ന് ഞാൻ പാടിയത് ശ്രീ എ. എം. രാജ ആലപിച്ച ആ അതിമനോഹരമായ ഗാനം— “ആകാശഗംഗയുടെ കരയിൽ അശോകവനിയിൽ…” ആ പാട്ട് എനിക്ക് പഠിപ്പിച്ചത് എന്റെ അമ്മയായിരുന്നു. പലവട്ടം പാടിപ്പിച്ച്, സ്നേഹത്തോടെ തിരുത്തി, “നിനക്ക് പാടാം” എന്ന വിശ്വാസം എന്റെ ഉള്ളിൽ നട്ടുപിടിപ്പിച്ചത് അമ്മ തന്നെയായിരുന്നു. അമ്മയ്ക്ക് ആ പാട്ട് വളരെ പ്രിയപ്പെട്ടതായിരുന്നു. ഇന്ന് ആ ഗാനം കേൾക്കുമ്പോൾ, സ്റ്റേജിനേക്കാൾ ഉയർന്നൊരു വേദിയിൽ അമ്മയുടെ മുഖമാണ് എന്റെ മനസ്സിൽ തെളിയുന്നത്.
പിന്നീട് സെന്റ് ജോർജ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ, സ്കൂൾ കലോത്സവത്തിലെ ഒരു നാടകത്തിൽ ഒരു പ്രധാന വേഷം ചെയ്യാനുള്ള അവസരം ലഭിച്ചു. ഡി. ജെ. പോൾസാർ അബ്രഹാം സാർ, ജോർജ്, ഞങ്ങൾ ഒരുമിച്ച് നിന്ന ആ സ്റ്റേജ് എന്റെ ആത്മവിശ്വാസത്തിന്റെ ആദ്യ പാഠശാലയായിരുന്നു. നാടകം തീർന്നു സ്റ്റേജിൽ നിന്നിറങ്ങിയപ്പോൾ, എന്നെ ചുറ്റിനിന്ന് അഭിനന്ദിച്ച ഓരോ അധ്യാപകരുടെയും കണ്ണുകളിൽ ഞാൻ കണ്ടത് ഒരു കലാകാരനെ വളർത്തുന്ന സ്നേഹവും പ്രതീക്ഷയും ആയിരുന്നു. അവരുടെ ആ വാക്കുകൾ ഇന്നും എന്റെ ഉള്ളിൽ ഒരു വിളക്കായി കത്തുന്നു.
ഇനിയുള്ള കലോത്സവ ദിനങ്ങളിൽ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്ന എന്റെ കുഞ്ഞ് അനിയന്മാരോടും അനിയത്തിമാരോടും എനിക്ക് പറയാനുള്ളത്, നന്നായി പരിശീലിക്കുക. പക്ഷേ അതിനേക്കാൾ കൂടുതൽ സ്വന്തം കലയിൽ വിശ്വസിക്കുക. സമ്മാനങ്ങൾ ലക്ഷ്യമാക്കരുത്. നിങ്ങളുടെ പ്രകടനം മനുഷ്യന്റെ മനസ്സിനെ തൊടാൻ കഴിയുന്നുവെങ്കിൽ അതുതന്നെയാണ് ഏറ്റവും വലിയ വിജയം. ചിലർക്കു ഒന്നാം സ്ഥാനം ലഭിക്കും, ചിലർക്കു രണ്ടാമതും മൂന്നാമതും. ചിലർക്കാകട്ടെ പേരുപോലും വിളിക്കപ്പെടാതിരിക്കും. ഒരിക്കലും തളരരുത്. ആത്മവിശ്വാസം കൈവിടരുത്. വീണ്ടും വീണ്ടും പരിശീലിക്കുക.
അടുത്ത കലോത്സവത്തിൽ ലോകം നിങ്ങളെ ശ്രദ്ധിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുക. വരാനുള്ള ലോകം നിങ്ങളുടേതാണ്. ഉയർന്നു പറക്കൂ… സ്വപ്നങ്ങൾക്കും ഭയങ്ങൾക്കും അപ്പുറത്തേക്ക്. ആകാശങ്ങൾക്കുമപ്പുറം.
സ്നേഹത്തോടെ, നിങ്ങളുടെ ലാലു അലക്സ്.
English Summary: Actor Lalu Alex recalled his first stage experience in Class 6, says young performers should focus on their art, not prizes.