

വമ്പൻ താരനിരയുമായി ഈ വർഷം ഏറ്റവുമധികം ഹൈപ്പിൽ പുറത്തിറങ്ങിയ രജനികാന്ത് ചിത്രമായിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൂലി'. ഈ വർഷം തെന്നിന്ത്യൻ പ്രേക്ഷകർ മുഴുവൻ ഉറ്റുനോക്കിയിരുന്ന ചിത്രമായിരുന്നെങ്കിലും, പ്രതീക്ഷിച്ചത്ര കയ്യടി നേടാൻ 'കൂലി'ക്കായില്ല. പകരം, റിലീസിന് ശേഷം നിരവധി വിമർശനങ്ങളും, ട്രോളുകളുമാണ് 'കൂലി'യെ തേടിയെത്തിയത്. ഇപ്പോഴിതാ, ചിത്രത്തിനെതിരെയുള്ള വിമർശനങ്ങൾ എല്ലാം തന്നെ താൻ അംഗീകരിക്കുന്നു എന്ന് മാധ്യമങ്ങളോട് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്.
റിലീസിന് ശേഷം, 'തിരക്കഥ ദുർബലമാണ്,' 'അനാവശ്യമായി കാമിയോകളെ കൊണ്ടുവന്നു,' 'ദൈർഘ്യം കൂടിപ്പോയി,' എന്ന് തുടങ്ങി നിരവധി വിമർശനങ്ങളായിരുന്നു ചിത്രത്തെ തേടിയെത്തിയത്. ഇതുവരെ ലോകേഷ് സംവിധാനം ചെയ്ത സിനിമകളിൽ ഏറ്റവും മോശം ചിത്രമാണ് 'കൂലി'യെന്ന് വരെ ആരാധകർ അഭിപ്രായപ്പെട്ടിരുന്നു.
'കൂലിക്കെതിരെ ആയിരക്കണക്കിന് വിമർശനങ്ങളാണ് ഉയർന്നത്. അതെല്ലാം എന്റെ അടുത്ത ചിത്രത്തിൽ തിരുത്താൻ ഞാൻ ശ്രമിക്കും,' ലോകേഷ് പറഞ്ഞു. കൂലിയെ വിജയമാക്കി മാറ്റിയ ട്രോളന്മാർക്കും, യൂട്യൂബർമാർക്കും, മാധ്യമ പ്രവർത്തകർക്കും ഒരുപാട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, വിമർശനങ്ങൾ ധാരാളം വന്നെങ്കിലും, തലൈവർ രജനികാന്തിന്റെ ചിത്രത്തിന് വേണ്ടി 500 കോടി കളക്ഷൻ നേടികൊടുത്ത പ്രേക്ഷകരോട് അതിയായ സ്നേഹവും കടപ്പാടുമുണ്ടെന്ന് ലോകേഷ് എടുത്തു പറഞ്ഞു.
എന്നാൽ, പ്രേക്ഷകർക്ക് തന്നിലുള്ള പ്രതീക്ഷകൾക്കനുസരിച്ച് താൻ തിരക്കഥയെഴുതിയിട്ടില്ല എന്നായിരുന്നു സെപ്റ്റംബറിൽ 'കൂലി'ക്കെതിരായ വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ ലോകേഷ് മറുപടി പറഞ്ഞത്. 18 മാസമാണ് താൻ കൂലിക്ക് വേണ്ടി ചിലവഴിച്ചത്. ആ 18 മാസം സിനിമയുടെ ഹൈപ്പ് എത്രത്തോളം ഉയരുമോ അത്രയും ഉയർന്നു. പടം ഇറങ്ങുന്നതിന് മുമ്പ് തന്നെ ഓരോരുത്തരും ടൈം ട്രാവൽ, എൽ.സി.യു പോലുള്ള തിയറികൾ ഉണ്ടാക്കി. അതുകൊണ്ടു തന്നെ ഇത്തരം പ്രതീക്ഷകൾക്കൊത്ത് തനിക്ക് ഉയരാൻ പ്രയാസമാണെന്നും അദ്ദേഹം മുൻപ് പ്രതികരിച്ചിരുന്നു.
English Summary: Director Lokesh Kanagaraj has openly acknowledged the heavy criticism surrounding Rajinikanth’s Coolie.