

രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹി ജന്തര്‍ മന്തറില്‍ തുടരുന്ന യുവജന പ്രക്ഷോഭത്തിന് പിന്തുണയേറുന്നു. പൊതു സമൂഹത്തിനൊപ്പം മലയാള സിനിമ മേഖലയിലെ പ്രമുഖരും പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. പ്രകാശ് രാജ്, റാപ്പര്‍ ഹനുമാന്‍കൈന്‍ഡ്, അവതാരക രഞ്ജിനി ഹരിദാസ്, സിജ റോസ്, നോയില ഫ്രാന്‍സി എന്നിവര്‍ സമര വേദിയില്‍ നേരിട്ടെത്തിയപ്പോള്‍ മലയാളത്തിലെ മിക്കയുവതാരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ സമരക്കാര്‍ക്ക് പിന്തുണ അറിയിച്ചു. ദുല്‍ഖര്‍ സല്‍മാന്‍, ടോവിനോ, കുഞ്ചാക്കോ ബോബന്‍, ചന്തു സലിം, പാര്‍വതി തിരുവോത്ത്, വിസ്മയ മോഹന്‍ലാല്‍, നസ്‌ലന്‍ തുടങ്ങിയ നിരവധി നടി-നടന്മാരാണ് സമൂഹമാധ്യങ്ങള്‍ വഴി യുവജന പ്രക്ഷോഭത്തിന് പിന്തുണ നല്‍കുന്നത്.
ജന്തര്‍ മന്തറില്‍ സംഭവിക്കുന്നത് ഒരു ഓര്‍മപ്പെടുത്തലാണെന്നായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സ്റ്റോറിയില്‍ കുറിച്ചത്. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അധികൃതര്‍ ചെവിക്കൊള്ളണം. എല്ലാം നിര്‍ത്തിവെച്ച്, അവരുടെ പ്രശ്‌നങ്ങള്‍ കേട്ടറിഞ്ഞ് മനസ്സിലാക്കാനുള്ള ഓര്‍മപ്പെടുത്തലാണ് ഇപ്പോഴത്തെ സമരം. വിദ്യാഭ്യാസം എപ്പോഴും പ്രതീക്ഷയും അവസരങ്ങളും മെച്ചപ്പെട്ട ഭാവിയുണ്ടാകുമെന്ന ഉറപ്പുമാണ് നല്‍കേണ്ടത്. എന്നാല്‍ നമ്മുടെ യുവാക്കള്‍ ഇന്ന് കടുത്ത അനിശ്ചിതത്വം നേരിടുന്നു. അത് കാണുമ്പോള്‍ ഹൃദയം തകരുന്നുവെന്നും നടന്‍ കുറിപ്പില്‍ പറയുന്നു.
ടോവിനോ തോമസ്
വിദ്യാർത്ഥികളുടെ ഡൽഹി പ്രക്ഷോപത്തിന് എതിരായ പൊലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് നടന്‍ ടൊവിനോ തോമസിന്റെ സോഷ്യല്‍ മീഡിയയിലെ പ്രതികരണം. സമാധാനപരമായി നടക്കുന്ന ഒരു വിദ്യാര്‍ഥി സമരത്തെ ഇങ്ങനെയാണോ നേരിടേണ്ടതെന്നും ഭാവിതലമുറ സംസാരിക്കുമ്പോള്‍ അതിലെ അടിച്ചമര്‍ത്തുന്നപക്ഷം ഭാവി തന്നെയാണ് ചവിട്ടി താഴ്ത്തപ്പെടുന്നതെന്നും ടൊവിനോ കുറിച്ചു
പാർവതി തിരുവോത്ത്
ജന്തർ മന്തറിലെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടു കുറിപ്പ് പങ്കുവെച്ചു. തങ്ങളുടെ അവകാശങ്ങൾക്കായുള്ള സമാധാനപരമായ പോരാട്ടം ഇന്ന് നമ്മുടെ ഇന്ത്യയിൽ എന്തെല്ലാം പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നതെന്നും ഇത് ശരിയാണെന്ന് കരുതുന്ന ഗുണ്ടകളിൽ നിന്നും വ്യാജന്മാരിൽ നിന്നും നമ്മുടെ രാജ്യത്തെ വീണ്ടെടുക്കേണ്ടതുണ്ടെന്നും താരം കുറിപ്പിൽ രേഖപ്പെടുത്തി
കുഞ്ചാക്കോ ബോബൻ
ഡൽഹിയിൽ സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടൻ കുഞ്ചാക്കോ ബോബനും രംഗത്ത് വന്നു. സമാധാനമാണ് വേണ്ടതെന്നും ഭാവിതലമുറയുടെ ജീവിതം തകർക്കരുതെന്നും കുഞ്ചാക്കോ ബോബൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി
രമ്യ നമ്പീശൻ
ഡൽഹി ജന്തർ മന്തറിലെ യുവജന പ്രക്ഷോഭത്തിൽ ശക്തമായ പിന്തുണ അറിയിച്ചുകൊണ്ടുള്ള കുറിപ്പാണ് രമ്യ നമ്പീശൻ പങ്കുവെച്ചിരിക്കുന്നത്. ചരിത്രം യുവാക്കളെ ഓർക്കുന്നത് അവരുടെ മൗനത്തിന്റെ പേരിലല്ല, മറിച്ച് അവരുടെ ധീരതയുടെ പേരിലാണെന്നും അനീതിക്കെതിരെ ഉയരുന്ന ശബ്ദങ്ങളോടാണെന്നും രമ്യ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി
ചന്ദു സലിംകുമാർ
രാജ്യ തലസ്ഥാനത്ത് നടക്കുന്ന ജെൻ സി പ്രക്ഷോപത്തെ പിന്തുണച്ച് സലിംകുമാറിന്റെ മകനും നടനുമായ ചന്ദു സലിം കുമാർ. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിൽ ബിജെപി വിജയിച്ചുവെന്നാണ് താൻ വിശ്വസിക്കുന്നതെന്നും എന്നാൽ അതേസമയം, പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസ് അത് തടയുന്നതിൽ പരാജയപ്പെട്ടുവെന്നും ചന്തു സോഷ്യൽ മീഡിയയിൽ കുറിച്ചു
ആസിഫ് അലി
ഡൽഹിയിൽ യുവജന പ്രക്ഷോപത്തിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവച്ച് നടൻ ആസിഫ് അലി. രാജ്യത്ത് മുഴുവൻ സമരം ചെയ്യുന്ന വിദ്യാർത്ഥികളാണ് നാടിന്റെ ഭാവിവാഗ്ദാനങ്ങളെന്നും അവരെ കേൾക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമെന്നും നടൻ തെന്റെ ഇൻസ്റ്റാഗ്രാമിലൂടെ കുറിച്ചു.
ഹാഷിർ
ജെന്‍ സി പ്രക്ഷോഭത്തിന് പിന്തുണ നൽകിക്കൊണ്ടുള്ള പോസ്റ്റുകള്‍ ഹാഷിര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചു. 'ഇന്ത്യ ചോദ്യങ്ങള്‍ ചോദിക്കട്ട, ഞങ്ങളെ നിശബ്ദരാക്കരുതെ'ന്ന പോസ്റ്റും താരം ഷെയര്‍ ചെയ്തു
യുവജന പ്രതിഷേധത്തിന് പിന്തുണയറിച്ച് താരങ്ങള്‍ രംഗത്തെത്തുമ്പോള്‍ മറ്റൊരു വിഭാഗം ഇവര്‍ക്കെതിരെ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്. സിജെപി സമരത്തിന് പിന്തുണയറിയിച്ച ടൊവിനോയുടെ വീടിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതും ഇതിന് ഉദാഹരണമാണ്. പ്രതിഷേധത്തെ പിന്തുണച്ച മോഹന്‍ലാലിന്റെ മകള്‍ കൂടിയായ വിസ്മയയും വലിയ സൈബര്‍ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ നേരിട്ടത്. നടന്‍ പൃഥ്വിരാജിന്റെ അനുഭവം ചോദിച്ച് മനസിലാക്കിയാല്‍ നല്ലതാണെന്നുള്‍പ്പെടെയാണ് വിസ്മയുടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള കമന്റുകള്‍.
Several Malayalam film personalities have expressed solidarity with the student protest at Jantar Mantar, Delhi, through social media posts and public appearances. Actors including Tovino Thomas, Parvathy Thiruvothu, Kunchacko Boban, Asif Ali and others voiced support for students' rights and peaceful protest.