

കൊച്ചി: മലയാള സിനിമ മേഖലയിലെ പ്രവർത്തകരുടെ ജോലി ഭാരം കുറയ്ക്കുന്നതിന് നിർണായക തീരുമാനവുമായി സിനിമ സംഘടനകൾ. ഒരു ദിവസത്തെ ചിത്രീകരണ ജോലിസമയം 16 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി ചുരുക്കാൻ ധാരണയായി. നിർമാതാക്കളുടെ സംഘടനയും വിവിധ സിനിമാ സംഘടനകളുടെ പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് തീരുമാനം.
സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക ഉൾപ്പെടെ നിരവധി സംഘടനകൾ ദീർഘകാലമായി ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് ചിത്രീകരണ സമയക്രമത്തിൽ മാറ്റം വരുത്തുന്നത്. നിലവിൽ നടി നടന്മാർക്കും സാങ്കേതിക പ്രവർത്തകർക്കുമെല്ലാം ബാധകമായിരുന്ന 16 മണിക്കൂർ കോൾ ഷീറ്റ് സമ്പ്രദായമാണ് ഇതോടെ മാറുന്നത്.
ജോലിസമയം 12 മണിക്കൂറായി കുറച്ചാലും വേതനത്തിൽ കുറവ് ഉണ്ടാകില്ലെന്ന് നിർമാതാക്കളുടെ സംഘടന ഉറപ്പ് നൽകിയിട്ടുണ്ട്. നാലു പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ തുടർന്നുവന്ന രീതിയിലാണ് ഇതോടെ മാറ്റം സംഭവിക്കുന്നത്. ആയിരക്കണക്കിന് സിനിമ പ്രവർത്തകർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.
അതേസമയം, ഒരു ദിവസത്തെ ജോലി സമയം എങ്ങനെ ക്രമീകരിക്കണം, അധികസമയം ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളിൽ നൽകുന്ന ബാറ്റ, ഭാവിയിലെ വേതന വർധനവ് എന്നിവ സംബന്ധിച്ച കാര്യങ്ങളിൽ തുടർചർച്ചകൾ നടത്താനാണ് തീരുമാനം. നിലവിൽ സിനിമ മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഉടൻ വേതന വർധനവിനായി സമ്മർദം ചെലുത്തേണ്ടതില്ലെന്ന നിലപാടിലാണ് ഫെഫ്ക ഉൾപ്പെടെയുള്ള സംഘടനകൾ. ഒരു വർഷത്തിന് ശേഷം വേതന വർധനവ് ആവശ്യപ്പെടാനും ധാരണയായിട്ടുണ്ട്.
English Summary : Film organisations have taken a key decision to reduce the working hours of professionals in the Malayalam film industry.