

യുവതാരങ്ങളെ അണിനിരത്തി അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചത്താ പച്ചയുടെ ആവേശം കൊള്ളിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ചിത്രത്തിൽ താരരാജക്കൻമാരായ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കും എന്നതിന്റെ സൂചനകൾ മോഹൻലാൽ തന്നെയാണ് പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. "ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്, പിന്നെ എന്റെ അടുത്ത ഒരു സുഹൃത്തും." എന്നാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ട വീഡിയോയിൽ മോഹൻലാൽ പറയുന്നത്. ചത്താ പച്ചയുടെ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്തുകൊണ്ടാണ് മോഹൻലാൽ ഈ വാക്കുകൾ പറഞ്ഞത്.
"എന്റെ അടുത്ത സുഹൃത്ത്" എന്ന വാക്കുകൾ ആരാധകരിൽ ആവേശം പടർത്തിയിരിക്കുകയാണ്. ചിത്രത്തിൽ അതിഥി താരമായി മെഗാസ്റ്റാർ മമ്മൂട്ടി എത്തും എന്നതിന് ഇനി സംശയം വേണ്ട. ചിത്രത്തിൽ മമ്മൂട്ടി റസ്ലിങ്ങ് കോച്ചായി എത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെയുണ്ടായിരുന്നു. വാൾട്ടർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത് എന്നാണ് ട്രെയിലറിൽ നിന്നുള്ള സൂചനകൾ. കേരളത്തിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രം റീൽ വേൾഡ് എന്റർടെയിൻമെന്റിന്റെ ബാനറിൽ ഷിഹാൻ ഷൗക്കത്ത്, റിതേഷ്, രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്യൂ.ഡബ്യൂ.ഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമെന്ന വിശേഷണത്തോടെയാണ് ചത്താ പച്ച എത്തുന്നത്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ. മമ്മൂട്ടിയും മോഹൻലാലും അതിഥി വേഷത്തിലെത്തും എന്നാണ് പ്രേക്ഷക പ്രതീക്ഷ. ശങ്കർ എഹ്സാൻ ലോയ് സംഗീതം നൽകുന്ന ഈ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്.
ഛായാഗ്രഹണം: ആനന്ദ് സി. ചന്ദ്രൻ, ആക്ഷൻ: കലൈ കിംഗ്‌സൺ, എഡിറ്റിംഗ്: പ്രവീൺ പ്രഭാകർ, രചന: സനൂപ് തൈക്കൂടം, അതോടൊപ്പം ഇന്ത്യയിലെ മികച്ച സംഗീത കൂട്ടുകെട്ടിൽ ഒന്നായ ശങ്കർ- എഹ്സാൻ- ലോയ്, മലയാളത്തിൽ ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ചത്താ പച്ച.
ധർമ പ്രൊഡക്ഷൻസ്, മൈത്രി മൂവി മേക്കേഴ്സ്, വേഫെറർ ഫിലിംസ്, പിവിആർ ഐനോക്സ് പിക്‌ചേഴ്സ്, ദ പ്ലോട്ട് പിക്‌ചേഴ്സ് എന്നിവരുടെ വിതരണ സഹകരണത്തോടെ 2026 ജനുവരി 22-ന് ചിത്രം തിയേറ്ററുകളിലെത്തും. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചത്താ പച്ച റിലീസ് ചെയ്യും.
English Summary: Mohanlal and Mammootty are rumoured to reunite in Chatha Pacha.