

മോഹൻലാൽ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായിക മീരാ ജാസ്മിൻ. മെഗാ ഹിറ്റായ 'തുടരും' എന്ന ചിത്രത്തിനു ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമാണിത്. ചിത്രീകരണം ഈ മാസം 23-ന് ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് ആഷിഖ് ഉസ്‍മാന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 21-ാമത്തെ ചിത്രം കൂടിയാണിത്. ചിത്രത്തിന് പേര് തീരുമാനിച്ചിട്ടില്ല.
വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന തിരക്കഥാ പൂജയോടെയാണ് ചിത്രത്തിന് തിരി തെളിഞ്ഞത്. വലിയ ഇടവേളക്കുശേഷം മോഹൻലാൽ പോലീസ് വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. സത്യൻ അന്തിക്കാടിന്റെ 'രസതന്ത്രം,' 'ഇന്നത്തെ ചിന്താവിഷയം,' എന്നീ ചിത്രങ്ങളിലൂടെ മോഹൻലാൽ-മീരാ ജാസ്മിൻ കൂട്ടുകെട്ടിനോട് മലയാളികൾക്ക് ഒരു പ്രത്യേക സ്നേഹമാണ്. മലയാളത്തിലെ ഹിറ്റ് കോമ്പോയുടെ തിരിച്ചുവരവ്, പ്രേക്ഷകര്‍ക്കിടയില്‍ ഇതിനകം തന്നെ വമ്പൻ ഹൈപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കി നവാഗതനായ ഓസ്റ്റിന്‍ ഡാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം ആ പ്രോജക്റ്റ് വേണ്ടെന്ന് വെക്കുകയായിരുന്നു. അതിന് പകരമായാണ്, മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രവുമായി ആഷിഖ് ഉസ്മാന്‍ എത്തിയത് എന്ന അഭ്യൂഹങ്ങളും പടർന്നു. ഓസ്റ്റിന്‍ ഡാന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമല്ല ഇതെന്നും മറിച്ച്, ഇത് മറ്റൊരു ചിത്രമാണെന്നും ആഷിഖ് ഉസ്മാന്‍ തന്നെ പിന്നീട് വ്യക്തമാക്കി. ആ ചിത്രത്തിനാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്.
ആഷിഖ് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ദൃശ്യം 3-ന് ശേഷം മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം, മോഹന്‍ലാലിന്‍റെ കരിയറിലെ 365-ാം ചിത്രം, എന്നീ പ്രത്യേകതകളും ഈ പ്രോജക്റ്റിനുണ്ട്. 'ഓപ്പറേഷൻ ജാവ,' 'സൗദി വെള്ളക്ക,' 'തുടരും,' എന്നിവയാണ് തരുണിന്റെ മുൻചിത്രങ്ങൾ. ചിത്രത്തിന്‍റെ കൂടുതല്‍ അപ്ഡേറ്റുകള്‍ വരും ദിവസങ്ങളില്‍ പുറത്തെത്തും.
സംഗീതം: ജേക്‌സ് ബിജോയ്, ഛായാഗ്രഹണം: ഷാജികുമാർ, എഡിറ്റിങ്: വിവേക് ഹർഷൻ, ശബ്ദസംവിധാനം: വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം: മഷർ ഹംസ, പ്രൊഡക്ഷൻ ഡിസൈനർ: ഗോകുൽ ദാസ്, കോ- ഡയറക്ഷൻ: ബിനു പപ്പു, പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്. പിആർഒ: വാഴൂർ ജോസ്.
English Summar: Mohanlal and Meera Jasmine’s hit combo is returning in a new film directed by Tarun Moorthy.