

'മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്' ഒരുക്കിയ അഭിനവ് സുന്ദര്‍ നായക്കിന്റെ രണ്ടാമത്തെ ചിത്രം 'മോളിവുഡ് ടൈംസ്,' 'ഏവറേജ് അമ്പിളി' എന്ന സീരിസിലൂടെ ശ്രദ്ധേയനായ ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത 'പ്ലൂട്ടോ,' എന്നീ ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നസ്‌ലെനാണ് 'മോളിവുഡ് ടൈംസി'ൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേ സമയം, നീരജ് മാധവും അൽത്താഫ് സലീമുമാണ് 'പ്ലൂട്ടോ'യിൽ പ്രധാന വേഷത്തിലെത്തുന്നത്.
'മുകുന്ദനുണ്ണി അസോസിയേറ്റ്സി'ലേത് പോലെ ഡാര്‍ക്ക് ഹ്യൂമർ കഥപറച്ചിലായിരിക്കും 'മോളിവുഡ് ടൈംസി'ന്റേതും എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. കാരണം, 'സുന്ദര സുരഭിലമായ ജീവിതം എന്ന മിഥ്യാ സങ്കല്‍പത്തില്‍ വിശ്വസിക്കുന്നവര്‍ ഈ സിനിമ കാണരുത്' എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. മാത്രമല്ല, A Hate Letter to Cinema എന്നായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ എഴുതിയിരുന്നത്. എതായാലും, പുത്തൻ ഗെറ്റപ്പിലാണ് നസ്‌ലെൻ ചിത്രത്തിലെത്തുന്നത്. വിന്റേജ് ലുക്കില്‍ ഹാന്‍ഡി ക്യാമറയും കയ്യില്‍ പിടിച്ച് നിൽക്കുന്ന നസ്‌ലെനെ പോസ്റ്ററിൽ കാണാം. മാത്രമല്ല, ഡിവിഡി കവറിന്റെ സ്റ്റൈലിലാണ് പോസ്റ്റർ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഇനി 'പ്ലൂട്ടോ'യിലേക്ക് വരുമ്പോൾ, അൽത്താഫ് സലീമാണ് ചിത്രത്തിൽ അന്യഗ്രഹജീവിയായി എത്തുന്നത് എന്ന് പ്രെമോഷൻ വേദികളിൽ 'പ്ലൂട്ടോ'യുടെ അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. നീരജ് മാധവിനും അൽത്താഫിനുമൊപ്പം ആർഷ ബൈജു, അജു വർഗീസ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കോമഡി ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നിയാസ് മുഹമ്മദാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
2026ല്‍ നസ്‌ലെന്റേതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രമാകും 'മോളിവുഡ് ടൈംസ്'. ആസിഫ് അലി നായകനാകുന്ന 'ടിക്കി ടാക്ക'യാണ് നസ്‌ലെന്‍ ഭാഗമാകുന്ന അടുത്ത ചിത്രം. മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നസ്‌ലെന്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആഷിഖ് ഉസ്മാനാണ് 'മോളിവുഡ് ടൈംസ്' നിര്‍മ്മിക്കുന്നത്. രചന, രാമു സുനില്‍. സംഗീതം ഒരുക്കുന്നത് ജേക്ക്‌സ് ബിജോയ്. ക്യാമറ, വിശ്വജിത്ത്. അഭിനവ് സുന്ദര്‍ നായക്കും അരോള്‍ നിതിനും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.
English Summary: The first-look posters of two upcoming Malayalam films Mollywood Times, starring Abhinav Sundar Nayak, and Pluto, directed by Adithyan Chandrasekhar, have been released, offering a glimpse into their unique themes and storytelling styles.